ഗ്രേറ്റയുടെ ട്വീറ്റിലെ 'ടൂൾ കിറ്റിൽ' മുഴുവൻ ഇന്ത്യ വിരുദ്ധ ഗൂഢാലോചനയെന്ന് ആരോപണം

By Web TeamFirst Published Feb 4, 2021, 6:16 PM IST
Highlights

പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗ് ട്വീറ്റ് ചെയ്ത് ഡീലീറ്റ് ചെയ്ത ലഘുലേഖയിൽ ഇന്ത്യൻ സർക്കാറിനെ അന്താരാഷ്ട്ര തലത്തിൽ ലക്ഷ്യമിടുന്ന നിർദേശങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ട്

ദില്ലി: പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗ് ട്വീറ്റ് ചെയ്ത് ഡീലീറ്റ് ചെയ്ത ലഘുലേഖയിൽ ഇന്ത്യൻ സർക്കാറിനെ അന്താരാഷ്ട്ര തലത്തിൽ ലക്ഷ്യമിടുന്ന നിർദേശങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ സർക്കാരിനെ ലക്ഷ്യമിടുന്നവർക്ക് വിവിധ തരത്തിലുള്ള പരിശീലന മാനുവൽ പോലെ ആയിരുന്നു ലഘുലേഖയെന്ന് ന്യൂസബിൾ റിപ്പോർട്ടിൽ പറയുന്നു.

കർഷക പ്രതിഷേധത്തിന്റെ മറവിൽ  ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ദുഷിച്ച തന്ത്രങ്ങളായിരുന്നു ലഘുലേഖയുടെ ഉള്ളടക്കം. ദില്ലിയിലെ കർഷക സമരത്തെ മുന്നിൽ നിർത്തി വിദേശത്ത് ഇന്ത്യൻ സർക്കാരിനെതിരായ പ്രചാരണം നടത്താനുള്ള മാർഗനിർദേശങ്ങൾ ആയിരുന്നു ലഘുലേഖയിൽ ഉണ്ടായിരുന്നത്. കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ട്വീറ്റ്  ചെയ്യുന്നതിന് ആളുകൾക്ക് മുൻകൂട്ടി തയ്യാറാക്കിയ ടെംപ്ലേറ്റുകളും ലഘുലേഖയിലുണ്ടായിരുന്നു. ഇത് അന്തർദേശീയ ഗൂഢാലോചന വ്യക്തമാക്കുന്നതാണെന്നാണ് പ്രധാന ആരോപണം.

'എന്തുകൊണ്ടാണ് നമ്മൾ ഇതിനെക്കുറിച്ച് സംസാരിക്കാതിരിക്കുന്നത്' എന്ന ടാഗ് ലൈനുള്ള ട്വീറ്റ് ടെംപ്ലേറ്റിൽ റിപ്പബ്ലിക് ദിന ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള ഒരു സി‌എൻ‌എൻ‌ ലേഖനവും ഉൾച്ചേർന്നിരിക്കുന്നു. സെലിബ്രേറ്റികളോ സ്വാധീനമുള്ളവരോ ചെയ്യേണ്ടത് ടെംപ്ലേറ്റ് ഉപയോഗിച്ച് സ്വന്തം പേരിൽ ട്വീറ്റ് ചെയ്യുക മാത്രമാണ്. അമേരിക്കൻ പോപ് സ്റ്റാർ റിയാനയുടെ ട്വീറ്റ് മതൃകയിലായിരുന്നു ഇത്.

കോൺഗ്രസ് പാർട്ടി ഹാൻഡിലുകളടക്കം പലരും ഗൂഗിൾ ഡ്രൈവിലെ ടെംപ്ളെറ്റുകൾ വാക്കുകൾ പോലും മാറ്റാതെ ട്വീറ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തെയും സർക്കാറിനെയും ഒരുപോലെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢ ശ്രമമാണ് നടക്കുന്നതെന്ന ആരോപണങ്ങൾക്ക് ശക്തി പകരുന്നതാണ് ഗ്രേറ്റ വിശേഷിപ്പിച്ച ടൂൾ കിറ്റെന്നും റിപ്പോർട്ട് പറയുന്നു.

റെഡ് ഫോർട്ടിലെ ആക്രമണമടക്കമുള്ള സംഭവങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളും ലഘുലേഖയിലുണ്ടായിരുന്നു. 26-ന് നടക്കുന്ന സമരത്തെ ശക്തിപ്പെടുത്താൻ ലഘുലേഖ ആഹ്വാനം ചെയ്യുന്നുണ്ടായിരുന്നു, ഒപ്പം ഫെബ്രുവരി 13 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ സമരം ശക്തിപ്പെടുത്താനും ലഘുലേഖ ആഹ്വാനം ചെയ്യുന്നുണ്ട്.

ടൂൾകിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള നിരവധി ഹൈപ്പർലിങ്കുകളിൽ, പൊയറ്റിക് ജസ്റ്റിസ് ഫൌ ണ്ടേഷൻ തയ്യാറാക്കിയ പവർപോയിന്റ് അവതരണം സ്വയം പ്രഖ്യാപിത ഖാലിസ്ഥാൻ വാദിയായ മോ ധാലിവാൾ ചേർന്ന് സ്ഥാപിച്ചതാണെന്നതടക്കം,  സമരത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന വാദത്തിന് ശക്തിപകരുന്ന തെളിവുകളാണ് ലഘുലേഖയിലൂടെ പുറത്തുവന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

click me!