'മൻമോഹൻ സിം​ഗിന്‍റെ കാലത്തെ 6 സർജിക്കൽ സ്ട്രൈക്കുകളെയടക്കം അപമാനിച്ചു': ശശി തരൂരിനെതിരെ വീണ്ടും ഉദിത് രാജ്

Published : May 29, 2025, 02:36 PM IST
'മൻമോഹൻ സിം​ഗിന്‍റെ കാലത്തെ 6 സർജിക്കൽ സ്ട്രൈക്കുകളെയടക്കം അപമാനിച്ചു': ശശി തരൂരിനെതിരെ വീണ്ടും ഉദിത് രാജ്

Synopsis

മുൻപ് നടന്ന സർജിക്കൽ സ്ട്രൈക്കുകളെ ശശി തരൂർ അപമാനിച്ചു, തെറ്റാണ് പറഞ്ഞതെന്ന് തരൂർ അം​ഗീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് 

ദില്ലി: വിമർശകർക്കും ട്രോളുന്നവർക്കും വാക്കുകൾ വളച്ചൊടിക്കുന്നത് തുടരാമെന്നും തനിക്ക് നല്ല കാര്യങ്ങൾ ചെയ്യാനുണ്ടെന്നുമുള്ള ശശി തരൂർ എംപിയുടെ പ്രതികരണത്തിന് പിന്നാലെ കോൺ​ഗ്രസ് നേതാവ് ഉദിത് രാജിന്‍റെ മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എത്ര വേണമെങ്കിലും തരൂരിന് പുകഴ്ത്താം, പക്ഷേ കള്ളം പറയരുതെന്ന് ഉദിത് രാജ് ആവശ്യപ്പെട്ടു. മൻമോഹൻ സിം​ഗിന്റെ കാലത്ത് നടത്തിയ ആറ് സർജിക്കൽ സ്ട്രിക്കുകളെയടക്കം തരൂർ അപമാനിച്ചു. ആരാണ് തരൂരിന് ഇതിനുള്ള അധികാരം നൽകിയത്. തെറ്റാണ് പറഞ്ഞതെന്ന് തരൂർ അം​ഗീകരിക്കണമെന്നും ഉദിത് രാജ് ആവശ്യപ്പെട്ടു.

ആദ്യമായി നിയന്ത്രണ രേഖയും അന്താരാഷ്ട്ര അതിർത്തിയും കടന്ന് ഇന്ത്യ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചെന്ന ശശി തരൂരിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വിവാദം. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് ശശി തരൂർ പാനമയിൽ നടത്തിയ വിശദീകരണമാണ് വിവാദമായത്. മോദി ഭരണത്തിന് മുൻപ് ഇന്ത്യൻ സൈന്യം നിയന്ത്രണരേഖ കടന്നിട്ടില്ലെന്ന് പറഞ്ഞ് കോൺ​ഗ്രസിന്റെ സുവർണ ചരിത്രത്തെ തരൂർ അപമാനിച്ചെന്നാണ് ഉദിത് രാജ് പ്രതികരിച്ചത്. ഇത്രയധികം നേട്ടങ്ങൾ നൽകിയ പാർട്ടിയോട് എന്തുകൊണ്ടാണ് തരൂരിന് ആത്മാർത്ഥതയില്ലാത്തതെന്ന് ഉദിത് രാജ് ചോദിച്ചു. 1965 ൽ നിരവധി തവണ ഇന്ത്യ പാകിസ്ഥാനിലേക്ക് കടന്നുകയറി. 1971 ൽ ഇന്ത്യ പാകിസ്ഥാനെ രണ്ടാക്കി. യുപിഎ കാലത്തും നിരവധി തവണ സർജിക്കൽ സ്ട്രൈക്ക് നടത്തി. എന്നാൽ രാഷ്ട്രീയ നേട്ടത്തിന് ഉപയോ​ഗിച്ചിട്ടില്ലെന്നും ഉദിത് രാജ് പറഞ്ഞു. 

തന്റെ പ്രസ്താവനയെ പരിഹസിച്ച കോൺ​ഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് ശശി തരൂർ രംഗത്തെത്തി. അടുത്ത കാലത്തെ ഭീകരാക്രമണങ്ങൾക്ക് നൽകിയ തിരിച്ചടികളെക്കുറിച്ചാണ് സംസാരിച്ചതെന്നും നേരത്തെ നടന്ന യുദ്ധങ്ങളെ കുറിച്ചല്ലെന്നും തരൂർ വ്യക്തമാക്കി. വിമർശനങ്ങളും ട്രോളുകളും തുടരാമെന്നും തനിക്ക് കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ശശി തരൂർ കുറിച്ചു. 

തന്നെ പരിഹസിച്ച് ചില കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രസ്താവനയ്ക്ക് പാർട്ടി നേതൃത്വം പിന്തുണ നല്കിയതിൽ ശശി തരൂരിന് കടുത്ത അതൃപ്തിയുണ്ട്. ഗൗരവ് ഗൊഗോയി ഒഴിയുന്ന ലോക്സഭ ഉപനേതാവ് പദവി തരൂരിന് നൽകാതിരിക്കാനാണ് വിവാദം ഉണ്ടാക്കുന്നതെന്ന് തരൂരുമായി അടുത്ത വൃത്തങ്ങൾ കരുതുന്നു. ജയറാം രമേശ് അടക്കമുള്ളവർ തരൂരിനെതിരായ പ്രസ്താവന ഏറ്റെടുത്തിരുന്നു. തരൂർ പറയുന്നത് പാർട്ടി നയമല്ല എന്ന് സ്ഥാപിക്കാൻ പാർട്ടി തന്നെ മുന്നിട്ടിറങ്ങുന്നതോടെ തർക്കം മുറുകുകയാണ്. തരൂരിന് വിശദീകരണം ചോദിച്ചുള്ള നോട്ടീസ് നല്കണം എന്ന് നേതൃത്വത്തിൽ ഒരു വിഭാഗം വാദിക്കുന്നു. തരൂർ പറയുന്നത് കള്ളമാണെന്നും കോൺഗ്രസിനെതിരായ ഗൂഢാലോചനയാണിതെന്നും ഉദിത് രാജ് ഇന്നും വിമർശനം കടുപ്പിച്ചു.

അതേസമയം തരൂർ വിദേശത്തു പോയി രാജ്യത്തിനെതിരെ സംസാരിക്കണോ എന്ന് പാർലമെൻററികാര്യ മന്ത്രി കിരൺ റിജിജു ചോദിച്ചത് ബിജെപി നൽകുന്ന പിന്തുണയുടെ സൂചനയായി. സർവകക്ഷി പ്രതിനിധി സംഘത്തെിനെതിരായി കോൺ​ഗ്രസ് നേതാക്കൾ സംസാരിക്കുന്നത് പാകിസ്ഥാന്റെ സൂപ്പർ വക്താക്കളായിട്ടാണെന്നും ബിജെപി നേതാക്കൾ വിമർശിക്കുന്നു. ഇനി കൊളംബിയ, ബ്രസീൽ, യുഎസ് എന്നീ രാജ്യങ്ങൾ സന്ദർശിച്ച് തരൂർ തിരിച്ചെത്തുമ്പോഴേക്കും പാർട്ടിയുമായുള്ള ബന്ധം കൂടുതൽ ഉലയാനാണ് സാധ്യത. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹണിമൂണിൽ കല്ലുകടിയായി വിവാഹ പൂർവ്വ ബന്ധം, ശ്രീലങ്കൻ ഹണിമൂൺ പാതിവഴിയിൽ വിട്ടു, ദിവസങ്ങളുടെ ഇടവേളയിൽ ആത്മഹത്യ
വൻ പ്രതിഷേധം ഫലം കണ്ടു, മുൻ ഉത്തരവ് മരവിപ്പിച്ച് സുപ്രീം കോടതിയുടെ തീരുമാനം; ആരവല്ലി മലനിരകളെ കുറിച്ച് പഠിക്കാൻ പുതിയ സമിതിയെ നിയോഗിക്കും