
ദില്ലി: മൊറട്ടോറിയം കാലത്ത് വായ്പകൾക്ക് ബാങ്കുകൾ പലിശയും പലിശയുടെ മേൽ പലിശയും ഈടാക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. ലോക്ഡൗൺ കാലം ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് സുപ്രീംകോടതി വിമർശിച്ചിരുന്നു.
മൊറട്ടോറിയം രണ്ട് വർഷത്തേക്ക് നീട്ടാനാകുമെന്നാണ് ഇന്നലെ കേന്ദ്ര സർക്കാർ അറിയിച്ചത്. ബാങ്കുകളും ആർബിഐയും ചർച്ച നടത്തി ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. മാർച്ചിൽ മൂന്നുമാസത്തേക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം റിസർവ് ബാങ്ക് പിന്നീട് മൂന്നുമാസത്തേക്ക് കൂടി ദീർഘിപ്പിച്ചിരുന്നു. ആനുകൂല്യം നീട്ടാനായി കേരളമടക്കം നൽകിയ കത്തുകളോട് കേന്ദ്രം പ്രതികരിച്ചില്ലായിരുന്നു.
മൊറട്ടോറിയം അവസാനിക്കുന്നതോടെ ആനുകൂല്യം സ്വീകരിച്ചവർക്ക് അധികമായി ആറ് ഗഡുക്കളും അതിന്‍റെ പലിശയും അടയ്‌ക്കേണ്ടി വരും. മാർച്ച് ഒന്നു മുതൽ ഓഗസ്റ്റ് വരെ രണ്ട് ഘട്ടമായാണ് മൊറട്ടോറിയം നടപ്പാക്കിയത്. ധനമന്ത്രി നിർമല സീതാരാമൻ സെപ്റ്റംബർ മൂന്നിന് ബാങ്ക് മേധാവികളെ കാണുന്നുണ്ട്.
ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ച് തീരുമാനം എടുക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്. ജസ്റ്റിസ് അശോക്ഭൂഷൺ അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam