ജസ്റ്റിസ് അരുണ്‍ മിശ്ര ഇന്ന് പടിയിറങ്ങും; മടക്കം ബാര്‍ അസോസിയേഷന്‍റെ യാത്രയയപ്പിൽ പങ്കെടുക്കാതെ

Published : Sep 02, 2020, 06:28 AM IST
ജസ്റ്റിസ് അരുണ്‍ മിശ്ര ഇന്ന് പടിയിറങ്ങും; മടക്കം ബാര്‍ അസോസിയേഷന്‍റെ യാത്രയയപ്പിൽ പങ്കെടുക്കാതെ

Synopsis

മലയാളികൾക്ക് ജസ്റ്റിസ് അരുണ്‍ മിശ്രയെ മറക്കാനാകില്ല. തീരദ്ദേശ നിയമം ലംഘിച്ചതിനാണ് മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ഉത്തരവിനെ തുടര്‍ന്നാണ് കഴിഞ്ഞ ജനുവരിയിൽ പൊളിച്ചുനീക്കിയത്.

ദില്ലി: ജസ്റ്റിസ് അരുണ്‍ മിശ്ര ഇന്ന് സുപ്രീംകോടതിയുടെ പടിയിറങ്ങും. എതിര്‍പ്പുകൾ മുഖവിലക്കെടുക്കാതെ സര്‍ക്കാരുകളെ മുൾമുനയിൽ നിര്‍ത്തി പല കോടതി വിധികളും ജസ്റ്റിസ് അരുണ്‍ മിശ്ര നടപ്പാക്കി. പ്രശാന്ത് ഭൂഷണിനെതിരായ കോടതി അലക്ഷ്യ കേസിലടക്കം വിധി പ്രസ്താവിച്ചാണ് ജസ്റ്റിസ് അരുണ്‍ മിശ്ര കാലാവധി പൂർത്തിയാക്കുന്നത്.

മലയാളികൾക്ക് ജസ്റ്റിസ് അരുണ്‍ മിശ്രയെ മറക്കാനാകില്ല. തീരദ്ദേശ നിയമം ലംഘിച്ചതിനാണ് മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ഉത്തരവിനെ തുടര്‍ന്നാണ് കഴിഞ്ഞ ജനുവരിയിൽ പൊളിച്ചുനീക്കിയത്. ഫ്ലാറ്റുകൾ പൊളിക്കാതിരിക്കാൻ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ അഭ്യര്‍ത്ഥിച്ചിട്ടും തന്‍റെ തീരുമാനത്തിൽ ജസ്റ്റിസ് മിശ്ര ഉറച്ചുനിന്നു. 2014 ജൂലായ് 7ന് സുപ്രീംകോടതി ജഡ്ജിയായ അരുണ്‍ മിശ്ര ആറ് കൊല്ലത്തെ സേവനത്തിന് ശേഷമാണ് വിരമിക്കുന്നത്. കടുംപിടുത്തക്കാരനായ ജഡ്ജി എന്നാണ് അഭിഭാഷകര്‍ അദ്ദേഹത്തെ വിളിച്ചത്. പലരും അദ്ദേഹത്തിന്‍റെ ബെഞ്ചിൽ വാദിക്കാൻ മടിച്ചു. വാക്കുകൾ കൊണ്ട് സര്‍ക്കാരിനെയും അഭിഭാഷകരെയും വിറപ്പിച്ചു. എ ജി ആര്‍ കേസ്, ഭൂമിയേറ്റെടുക്കൽ കേസ് തുടങ്ങി നിരവധി കേസുകളിൽ ഇത് കണ്ടു. 

സിബിഐ കോടതി ജഡ്ജി ലോയയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള കേസ് സുപ്രീംകോടതിയിൽ എത്തിയത് മുതലാണ് വിവാദങ്ങൾ ജസ്റ്റിസ് അരുണ്‍ മിശ്രയെ പിന്തുടരുന്നത്. കേസ് ജസ്റ്റിസ് അരുൺ മിശ്രയുടെ ബ‍ഞ്ചിലേക്ക് വിട്ടതിനെ അന്ന് വാര്‍ത്ത സമ്മേളനം നടത്തിയ നാല് ജഡ്ജിമാര്‍ എതിര്‍ത്തിരുന്നു. ജൂനിയര്‍ ജഡ്ജിയുടെ ബെഞ്ചിലേക്ക് കേസ് വിട്ടു എന്ന പരാമര്‍ശവും നടത്തി. ആ പ്രയോഗത്തിനെതിരെ ജഡ്ജിമാരുടെ യോഗത്തിൽ അദ്ദേഹം പൊട്ടിത്തെറിച്ചത് വലിയ വാര്‍ത്തയായി. ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര ആരോപണ വിധേയനായ മെഡിക്കൽ കോളേജ് അഴിമതി കേസുകൾ അസാധാരണ നടപടിയിലൂടെ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിലെത്തിയതും വിവാദങ്ങളുണ്ടാക്കി. 

ഇപ്പോൾ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേക്കെതിരെയുള്ള ട്വീറ്റിന് പ്രശാന്ത് ഭൂഷണിനെ കോടതി അലക്ഷ്യത്തിന് ശിക്ഷിച്ചതും എതിര്‍പ്പുകൾ തള്ളിയായിരുന്നു. പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ചതിന് സുപ്രീംകോടതി ബാര്‍ അസോസിയേഷൻ ജസ്റ്റിസ് അരുണ്‍ മിശ്രക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. കൊവിഡ് കാരണമായി പറ‍ഞ്ഞ് ബാര്‍ അസോസിയേഷന്‍റെ യാത്രയയപ്പിൽ പങ്കെടുക്കാതെയാണ് ജസ്റ്റിസ് അരുൺ മിശ്ര പടിയിറങ്ങുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു