മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ട്, എന്നാൽ തമ്മിൽ തല്ലില്ല; കർണാടക കോൺഗ്രസ് പോരിൽ സിദ്ധരാമയ്യ

Published : Feb 24, 2023, 02:35 PM ISTUpdated : Feb 24, 2023, 04:15 PM IST
മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ട്, എന്നാൽ തമ്മിൽ തല്ലില്ല; കർണാടക കോൺഗ്രസ് പോരിൽ സിദ്ധരാമയ്യ

Synopsis

കോൺഗ്രസിൽ മുഖ്യമന്ത്രി പദവിക്ക്‌ വേണ്ടി തമ്മിൽ തല്ലാണെന്ന് ഇന്നലെ അമിത് ഷാ ആരോപിച്ചിരുന്നു

ബെംഗളുരു : കോൺഗ്രസിൽ മുഖ്യമന്ത്രിപദവിക്ക് മത്സരമുണ്ടെന്ന് തുറന്ന് സമ്മതിച്ച് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. താനും ഡി കെ ശിവകുമാറും പരമേശ്വരയുമൊക്കെ മുഖ്യമന്ത്രിയാകാൻ ആഗ്രഹമുള്ളവരാണെന്നും, എന്നാൽ അതിന്‍റെ പേരിൽ തമ്മിൽത്തല്ലാനില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

 കോൺഗ്രസിൽ ഡി കെ ശിവകുമാറും സിദ്ധരാമയ്യയും ആര് മുഖ്യമന്ത്രിയാകുമെന്നതിൽ തമ്മിലടിയാണെന്നും ജനക്ഷേമമുറപ്പാക്കാൻ ഇവരെക്കൊണ്ട് കഴിയില്ലെന്നും കഴിഞ്ഞ ദിവസം അമിത് ഷാ പരിഹസിച്ചിരുന്നു.  വിജയ് സങ്കൽപ സമാവേശ് യാത്രയിൽ ആയിരുന്നു അമിത് ഷായുടെ പരാമർശം. ഇതിനോടുള്ള പ്രതികരണമായാണ് മത്സരമുണ്ട് തമ്മിലടിയില്ലെന്ന സിദ്ധരാമയ്യയുടെ മറുപടി. 

നേരത്തേ മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞ ജി പരമേശ്വര, 11 പേരെങ്കിലും പാർട്ടിയിൽ സ്ഥാനത്തിനായി കാത്തിരിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു. സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള സ്ക്രീനിംഗ് കമ്മിറ്റി ബെംഗളുരുവിൽ കൃത്യമായ ഇടവേളകളിൽ ചേരുന്നുണ്ട്. മാർച്ച് രണ്ടാം വാരത്തോടെ സ്ഥാനാർഥിപ്പട്ടികയ്ക്ക് അന്തിമരൂപം നൽകാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. 

ഇതിനിടെ, തെരഞ്ഞെടുപ്പിന് ഒന്നരമാസം ശേഷിക്കേ വീണ്ടും വൻ വാഗ്ദാനവുമായി ഡി കെ ശിവകുമാറും സിദ്ധരാമയ്യയും വാർത്താസമ്മേളനം നടത്തി. ബിപിഎൽ കുടുംബങ്ങളിലെ ഓരോ അംഗങ്ങൾക്കും പത്ത് കിലോ വീതം അരി സൗജന്യമായി നൽകുമെന്നതാണ് പുതിയ വാഗ്ദാനം. ഓരോ കുടുംബത്തിനും ആദ്യത്തെ 200 യൂണിറ്റ് സൗജന്യ വൈദ്യുതി, തൊഴിൽ രഹിതരായ എല്ലാ കുടുംബ നാഥമാർക്കും 2000 രൂപ വീതം ഓണറേറിയം എന്നിവയായിരുന്നു കോൺഗ്രസിന്‍റെ മുൻ പ്രഖ്യാപനങ്ങൾ.

അതേസമയം അമിത് ഷാ ആദ്യം സ്വന്തം പാർട്ടിയിലെ നേതൃപ്രശ്നം തീർക്കട്ടെയെന്ന് ഡി കെ ശിവകുമാറും പ്രതികരിച്ചു. നേതാവ് ആരെന്ന ആശയക്കുഴപ്പം ബിജെപിയിലാണെന്നും ശിവകുമാർ പറഞ്ഞു. രാമക്ഷേത്ര പ്രഖ്യാപനത്തിനെതിരെ ആഞ്ഞടിച്ച ശിവകുമാർ ബജറ്റിൽ ആരെങ്കിലും ക്ഷേത്രം പണിയും എന്ന് പ്രഖ്യാപിക്കുമോ എന്ന് ചോദിച്ചു. ബജറ്റ്, വികസന പദ്ധതികൾക്ക് വേണ്ടിയുള്ളതാകണം.അമ്പലവും പള്ളിയും പണിയും എന്ന് പ്രഖ്യാപിക്കുന്നത് ലജ്ജാകരമെന്നും ശിവകുമാർ വിമർശിച്ചു. രാമനഗരയിലെ രാമദേവര ഹിൽസിൽ രാമക്ഷേത്രം പണിയുമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രഖ്യാപനം നടത്തിയിരുന്നു. 

Read More : ഹിൻഡൻബെർഗ് റിപ്പോർട്ട്: വാർത്തകൾ നൽകാം, മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് സുപ്രീം കോടതി

PREV
Read more Articles on
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ