യുപിയില്‍ കൂടുതല്‍ ഇടങ്ങളില്‍ ഇന്‍റര്‍നെറ്റ് നിയന്ത്രണം; മധ്യപ്രദേശില്‍ 44 ഇടങ്ങളില്‍ നിരോധനാജ്ഞ

By Web TeamFirst Published Dec 20, 2019, 6:47 AM IST
Highlights

പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് പോകുന്ന പൗരന്മാർക്ക് റഷ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഘർഷ മേഖലകളിൽ പോകരുതെന്നാണ് നിർദേശം. 

ലഖ്‍നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം കനക്കുന്ന സാഹചര്യത്തില്‍ ഉത്തർപ്രദേശിൽ കൂടുതൽ സ്ഥലങ്ങളിൽ ഇന്‍റർനെറ്റിന് നിയന്ത്രണം. ഉത്തർപ്രദേശിൽ ലക്നൗ, ആഗ്ര, പ്രയാഗ് രാജ് ഉൾപ്പെടെ 11 നഗരങ്ങളിലാണ് ഇന്‍റര്‍നെറ്റ് നിയന്ത്രണം. ലഖ്‍നൗവില്‍ നാളെ വരെ ഇന്‍റര്‍നെറ്റ് നിയന്ത്രണം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം മധ്യപ്രദേശിൽ 44 ഇടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പൗരത്വ നിയമഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശിലെ ലക്നൗവിൽ  നടന്ന പ്രതിഷേധം ഇന്നലെ അക്രമാസക്തമായി. ഒരാൾ വെടിയേറ്റ് മരിച്ചു. എന്നാല്‍ പൊലീസ് വെടിവെച്ചില്ലെന്ന് യുപി ഡിജിപി വ്യക്തമാക്കി. ഓൾ‍ഡ് ലക്നൗ മേഖലയിൽ ഒരു പൊലീസ് ഔട്ട് പോസ്റ്റ് കത്തിച്ചു. പൊലീസ് വാൻ ഉൾപ്പടെ മുപ്പതോളം വാഹനങ്ങൾ അഗിനിക്കിരയാക്കി. മാധ്യമങ്ങളുടെ നാല് ഒബി വാനുകൾ കത്തിച്ചു. മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു.

ഉത്തർപ്രദേശിലെ തന്നെ സംഭലിൽ വ്യാപക അക്രമം നടന്നു. ബസുകൾ കത്തിച്ചു. ഖുശിനഗറിലും പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. അമിത് ഷാ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് യുപിയിലെ സ്ഥിതി വിലയിരുത്തി. എല്ലാ ജില്ലാ പോലീസ് മേധാവികളുടെയും യോഗം വീഡിയോ കോൺഫറൻസിംഗ് വഴി വിളിച്ച് യോഗി ആദിത്യനാഥ് സ്ഥിതി വിലിയിരുത്തി. അതേസമയം പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് പോകുന്ന പൗരന്മാർക്ക് റഷ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഘർഷ മേഖലകളിൽ പോകരുതെന്നാണ് നിർദേശം. 

click me!