ജമ്മു കശ്മീരിലെ അഞ്ച് ജില്ലകളില്‍ ടു ജി ഇന്‍റര്‍നെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചു

By Web TeamFirst Published Jan 15, 2020, 8:49 AM IST
Highlights

അവശ്യ സേവനങ്ങളില്‍ ബ്രോഡ്ബാന്‍റ് പുനഃസ്ഥാപിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികള്‍, ബാങ്കുകള്‍ എന്നിവടങ്ങളില്‍ ബ്രോഡ്ബാന്‍റ് സ്ഥാപിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ദില്ലി: ജമ്മു കശ്മീരില്‍ ബ്രോഡ്ബാന്‍റ്, മൊബൈൽ ഇന്‍റര്‍നെറ്റ്  സേവനം ഭാഗികമായി പുനഃസ്ഥാപിച്ചു. സുപ്രീം കോടതി നിയന്ത്രണങ്ങൾ പുനഃപരിശോധിക്കാൻ നല്‍കിയ സമയം വെള്ളിയാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നീക്കം. കശ്മീര്‍ താഴ്വരയില്‍ ആശുപത്രി, ബാങ്കിങ്, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവയ്ക്കുള്ള ഇന്‍റര്‍നെറ്റ് സേവനമാണ് ലഭ്യമാക്കിയത്.  ടൂറിസം സുഗമമാക്കുന്നതിനായി ഹോട്ടലുകള്‍ക്കും യാത്രാ സ്ഥാപനങ്ങള്‍ക്കും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് നല്‍കി. അതേസമയം  സാമൂഹ്യ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടരും. താഴ്‍വരയില്‍ 400 ഇന്‍റര്‍നെറ്റ് കിയോസ്കുകൾ സ്ഥാപിക്കും. 

J&K: 2G mobile connectivity on post paid for accessing white-listed sites, including for e-banking, being allowed in the districts of Jammu, Samba, Kathua, Udhampur and Reasi with effect from today & it will remain in force for 7 days, unless modified earlier. Visual from Jammu. pic.twitter.com/pE05Z2n08P

— ANI (@ANI)


ജമ്മു മേഖലയിലെ ജമ്മു, സാംബ, കതുവ, ഉദാംപൂര്‍, റിയാസി എന്നീ ജില്ലകളില്‍ ഇ -ബാങ്കിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പോസ്റ്റ് പെയ്‍ഡ് മൊബൈലുകളില്‍ 2 ജി മൊബൈല്‍ സേവനം അനുവദിച്ചു.  ഈ മാസം ഒന്നുമുതല്‍ എസ്എംഎസ് സേവനവും ലഭ്യമാക്കിയിരുന്നു. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ശേഷം സ്ഥിതി വിലയിരുത്തി കൂടുതല്‍ ഇളവ് അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഓഗസ്റ്റ് അഞ്ചു മുതലാണ് മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ഭാഗമായ ഇന്‍റര്‍നെറ്റ് നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന സുപ്രീം കോടതി നിരീക്ഷണത്തിന് പിന്നാലെയാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. അതേസമയം തടങ്കലിലുള്ള നേതാക്കളെ വിട്ടയക്കാൻ ഇതുവരെ തീരുമാനമില്ല.

click me!