ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിയമനക്കത്ത് നൽകുന്നതിനിടെ ഡോ. നുസ്രത് പർവീണിന്റെ മുഖാവരണം നീക്കിയത് വലിയ വിവാദമായി. ഈ അപമാനഭാരം കാരണം തനിക്ക് ലഭിച്ച ജോലിയിൽ പ്രവേശിക്കുന്നില്ലെന്ന് ഡോക്ടർ അറിയിച്ചതായി കുടുംബം വ്യക്തമാക്കി. 

പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിഖാബ് (മുഖാവരണം) വലിച്ചു താഴ്ത്തിയ സംഭവത്തിൽ മുസ്‌ലിം വനിതാ ഡോക്ടർ നുസ്രത് പർവീൺ ജോലി ഉപേക്ഷിക്കുന്നതായി കുടുംബം. നിയമനക്കത്ത് കൈമാറുന്ന ചടങ്ങിലാണ് നിതീഷ് കുമാർ നുസ്രത്തിന്റെ മുഖാവരണം നീക്കിയത്. അപമാനഭാരം കാരണം ജോലിക്കു ചേരുന്നില്ലെന്ന് നുസ്രത്ത് അറിയിച്ചതായി കുടുംബം അറിയിച്ചു. നുസ്രത്തിന്റെ തീരുമാനത്തിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നുണ്ടെന്നും കുടുംബം പറഞ്ഞു. ഈ മാസം 20 നു ജോലിയിൽ ചേരാനാണു നിയമനക്കത്ത് ലഭിച്ചത്.

ഡിസംബർ 15നായിരുന്നു വിവാദപരമായ സംഭവം. ഡോക്ടർക്ക് നിയമനക്കത്ത് നൽകുന്നതിനിടെ അവരുടെ ഹിജാബ് ഊരിമാറ്റാൻ മുഖ്യമന്ത്രി ശ്രമിക്കുകയായിരുന്നു. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ രൂക്ഷവിമർശനമുയർന്നു.

മുഖ്യമന്ത്രിയുടെ നീക്കത്തിനിടെ ഉദ്യോഗസ്ഥൻ നുസ്രത്തിനെ തിടുക്കത്തിൽ മാറ്റി നിർത്താൻ ശ്രമിച്ചു. കൂടെയുണ്ടായിരുന്ന ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, നിതീഷ് കുമാറിന്റെ കൈയിൽ പിടിച്ച് തടയാനും ശ്രമിച്ചു. വീഡിയോ വൈറലായതോടെ പ്രതിപക്ഷ പാർട്ടികളിൽ നിന്നും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളിൽ നിന്നും വിമർശനം ഉയർന്നു. നുസ്രത്തിന്റെ ഭർത്താവ് കോളേജിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണെന്ന് കുടുംബം പറയുന്നു. രാഷ്ട്രീയ ജനതാദളും കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും രം​ഗത്തെത്തി. മനോനില തകരാറിലായ നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്ത് തുടരരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. നിതീഷ് കുമാറിന്റെ പ്രവർത്തി നീചമാണെന്ന് വിശേഷിപ്പിച്ച കോൺഗ്രസ്, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. 

നിതീഷ് കുമാർ ഹിജാബ് ഊരിയത് ജെഡിയു - ബിജെപി സഖ്യത്തിന്റെ സ്ത്രീകളോടുള്ള മനോഭാവമാണെന്ന് ആർജെഡി വക്താവ് ഇജാസ് അഹമ്മദ് പറഞ്ഞു. നിഖാബ് സംഭവത്തിൽ ബിഹാർ മുഖ്യമന്ത്രിയെ വിമർശിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ബുധനാഴ്ച രംഗത്തെത്തി. നിതീഷ് കുമാർ പതുക്കെ തന്റെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തുന്നുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് മതേതര നേതാവായി കണക്കാക്കപ്പെട്ടിരുന്ന നിതീഷ് കുമാർ പതുക്കെ തന്റെ യഥാർത്ഥ നിറം വെളിപ്പെടുത്തുന്നുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.