
ദില്ലി: ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് ലോണെടുത്ത് മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സിക്കെതിരായ നടപടി പിൻവലിച്ച് ഇന്റർപോൾ. ചോക്സിക്കെതിരായ റെഡ് കോർണർ നോട്ടീസ് ഇന്റർപോൾ പിൻവലിച്ചതായാണ് റിപ്പോർട്ട്. പഞ്ചാബ് നാഷ്ണൽ ബാങ്കുൾപ്പെടെ വിവിധ ബാങ്കുകളിൽ നിന്നായി 13,500 കോടി രൂപയാണ് മെഹുൽ ചോക്സി ലോണെടുത്തിരുന്നത്. അതിനു ശേഷം മെഹുൽ ചോക്സി രാജ്യം
വിടുകയായിരുന്നു.
നിലവിൽ വെബ്സൈറ്റിൽ റെഡ് കോർണർ നോട്ടീസ് കാണാനില്ല. മെഹുൽ ചോക്സിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്തതെന്നാണ് റിപ്പോർട്ട്. ഇതു ശരിവെക്കുന്നതാണ് ചോക്സിയുടെ അഭിഭാഷകന്റെ വാക്കുകളും. നിയമപരമായി നീങ്ങിയത് കൊണ്ടും കേസിലെ നിരപരാധിത്വവും കൊണ്ടും റെഡ് കോർണർ നോട്ടീസ് റദ്ദാക്കിയെന്നാണ് അഭിഭാഷകനായ വിജയ് അഗർവാൾ പറഞ്ഞത്. അതേസമയം, സംഭവത്തിൽ പ്രതികരിക്കാൻ സിബിഐ തയ്യാറായില്ല.
നിലവിൽ മെഹുൽ ചോക്സി കരീബിയൻ ദ്വീപുരാജ്യമായ ആന്റിഗ്വയിലാണ് കഴിയുന്നത്. അവിടെ നിന്ന് തിരിച്ചെത്തിക്കാനുള്ള പല നീക്കങ്ങളും സിബിഐ നടത്തിയെങ്കിലും അത് വിജയിച്ചിരുന്നില്ല. റെഡ് കോർണർ നോട്ടീസ് പിൻവലിച്ചതോടെ ചോക്സിക്ക് ഇനി ഏതു രാജ്യത്തേക്കും പോകാൻ കഴിയും. 2018 ഡിസംബറിലാണ് സിബിഐ ആവശ്യപ്രകാരം ചോക്സിക്കെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചത്.അതേസമയം, റെഡ് കോർണർ നോട്ടിസ് പിൻവലിച്ചത് ചോക്സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ തടസ്സമാവില്ലെന്നാണ് വിവരം.
കഴിഞ്ഞ വര്‍ഷം മെഹുൽ ചോക്സിക്കെതിരായ കേസ് ഡൊമിനിക്ക പിൻവലിച്ചിരുന്നു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനെതിരായി രജിസ്റ്റർ ചെയ്ത കേസാണ് പിൻവലിച്ചത്. ചോക്സിയെ വിട്ടുകിട്ടാൻ ശ്രമം നടത്തുന്ന സിബിഐക്ക് തിരിച്ചടിയായിരുന്നു ഡൊമിനിക്കൻ സർക്കാരിന്റെ അന്നത്തെ നടപടി. ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട് ആന്റിഗ്വയിലെത്തിയ മെഹുൽ ചോക്സി, ക്യൂബയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഡൊമിനിക്കന്‍ പൊലീസിന്റെ പിടിയിലായെന്നായിരുന്നു റിപ്പോർട്ടുകൾ. തുടർന്ന് 2021ൽ ചോക്സിക്കെതിരെ ഡൊമിനിക്ക കേസെടുത്തിരുന്നു. രാജ്യത്ത് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള ചോക്സിക്കെതിരെ അനധികൃത പ്രവേശനത്തിന് കേസെടുത്തത് സിബിഐക്ക് പ്രതീക്ഷ നൽകിയിരുന്നു. ചോക്സിയെ ഡൊമിനിക്ക നാടുകടത്തുമെന്നായിരുന്നു സിബിഐയുടെ കണക്കുകൂട്ടൽ. എന്നാൽ കേസ് റദ്ദാക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam