Asianet News MalayalamAsianet News Malayalam

രഹസ്യാന്വേഷണ വിഭാഗം രൂപീകരിച്ചു, സർക്കാരിന് നഷ്ടമുണ്ടാക്കി; മനീഷ് സിസോദിയയെ കൂടുതൽ കുരുക്കിലാക്കി സിബിഐ

വിവരങ്ങൾ ചോർത്താൻ സമാന്തര രഹസ്യാന്വേഷണ വിഭാഗം രൂപീകരിച്ചത് വഴി സർക്കാരിന് നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ച് സിബിഐ പുതിയ കേസെടുത്തു. 36 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ആരോപിക്കുന്ന എഫ്ഐആറിൻറെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.
 

manish sisodia is further entangled by cbi vcd
Author
First Published Mar 17, 2023, 7:01 AM IST

ദില്ലി: ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ വീണ്ടും നടപടിയുമായി സിബിഐ. വിവരങ്ങൾ ചോർത്താൻ സമാന്തര രഹസ്യാന്വേഷണ വിഭാഗം രൂപീകരിച്ചത് വഴി സർക്കാരിന് നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ച് സിബിഐ പുതിയ കേസെടുത്തു. 36 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ആരോപിക്കുന്ന എഫ്ഐആറിൻറെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

മദ്യനയ കേസിൽ അറസ്റ്റിലായി ഇഡി കസ്റ്റഡിയിലുള്ള മനീഷ് സിസോദിയയെ കൂടുതൽ കുരുക്കിലാക്കുന്നതാണ് സിബിഐ നീക്കം. സമാന്തര ഇന്റലിജൻസ് സംഘം രൂപീകരിച്ചെന്ന കേസിൽ സിസോദിയയെ ഒന്നാം പ്രതിയാക്കിയാണ് ചൊവ്വാഴ്ച സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിരമിച്ച ഐബി ജോയിന്റ് ഡയറക്ടർ, മുന് സിഐഎസ്എഫ് ഡിഐജി. സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുൾപ്പടെ 6 പേരെയാണ് നിലവിൽ പ്രതി ചേർത്തത്. 2015 ൽ അധികാരത്തിലെത്തിയതിന് പിന്നാലെ വിരമിച്ച ഐബി ഉദ്യോഗസ്ഥരെയടക്കം നിയമിച്ചാണ് സിസോദിയ മുൻകൈയെടുത്ത് 20 അംഗ ഇന്റലിജൻസ് സംഘം രൂപീകരിച്ചത്. 

മന്ത്രിസഭായോഗത്തിലെടുത്ത തീരുമാനത്തെകുറിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും അറിവുണ്ടായിരുന്നു. എന്നാൽ ദില്ലി ലഫ് ഗവർണറെ ഇക്കാര്യം അറിയിച്ചില്ല. വിവിധ വകുപ്പുകളിലെയും ഉദ്യോഗസ്ഥരുടെയും പ്രവർത്തനം നിരീക്ഷിക്കാനാണ് സംഘത്തെ നിയോഗിച്ചത്. എന്നാൽ സംഘം ശേഖരിച്ച 40 ശതമാനം വിവരങ്ങളും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതായിരുന്നുവെന്നും എഫഐആറിൽ പറയുന്നു. 

2016 ഫെബ്രുവരി മുതൽ പ്രവർത്തനം തുടങ്ങിയ സംഘം നൽകിയ റിപ്പോർട്ടുകളൊന്നും പോലീസിന് കൈമാറിയില്ല. 1 കോടി രൂപ സംഘത്തിന്റെ പ്രവർത്തനത്തിനായി സർക്കാർ അനുവദിച്ചു. ഈ തുക ചിലവഴിച്ചതിലും ക്രമക്കേടുണ്ടെന്നും, രേഖകളിൽ പലതും വ്യാജമാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. സപ്റ്റംബറിൽ സംഘത്തെ കുറിച്ച് വിജിലൻസ് സെക്രട്ടറി വിവരങ്ങൾ തേടിയതിന് പിന്നാലെ പ്രവർത്തനം അവസാനിപ്പിച്ചെന്നും എഫ്ഐആറിലുണ്ട്. എന്നാൽ തുടരെ കള്ളകേസുകളെടുത്ത് മനീഷ് സിസോദിയയെ ദീർഘകാലം ജെയിലിലിടാനാണ് പ്രധാനമന്ത്രിയുടെ പദ്ദതിയെന്ന് അരവിന്ദ് കെജ്രിവാൾ വിമ‍ർശിച്ചു. ഇത് രാജ്യത്തിന് സങ്കടകരമാണെന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തു. മദ്യനയ കേസിൽ സിബിഐയും ഇഡിയും അറസ്റ്റ് ചെയ്ത മനീഷ് സിസോദിയ നിലവിൽ ഇഡി കസ്റ്റഡിയിലാണുള്ളത്.

Read Also: നിര്‍ഭാഗ്യവശാല്‍ എംപിയാണെന്ന് രാഹുല്‍, തിരുത്തിച്ച് ജയറാം രമേശ്; എത്രകാലം പഠിപ്പിക്കുമെന്ന് പരിഹസിച്ച് ബിജെപി
 
 

 

Follow Us:
Download App:
  • android
  • ios