
ബെംഗളൂരു: രാമമൂർത്തി നഗറിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ മരിച്ച സംഭവം ക്രൂരമായ കൊലപാതകമെന്ന് ബെംഗളൂരു പൊലീസ് കണ്ടെത്തിയിരുന്നു. 34 വയസ്സുകാരിയായ ശർമിളയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ 18-കാരൻ കർണൽ ഖുറായിയെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി അഞ്ചിന് നടന്ന അപകടം വെറുമൊരു തീപിടിത്തമാണെന്ന് വരുത്തിത്തീർക്കാൻ പ്രതി നടത്തിയ ശ്രമങ്ങളാണ് അന്വേഷണത്തിനൊടുവിൽ പൊളിഞ്ഞത്.
സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ശർമിള സുഹൃത്തിനൊപ്പമാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്. സുഹൃത്ത് മുംബൈയിലേക്ക് പോയതിനാൽ ശർമിള ഒറ്റയ്ക്കായ സമയം നോക്കിയാണ് തൊട്ടടുത്ത ഫ്ലാറ്റിലെ താമസക്കാരനായ കുടക് സ്വദേശി കർണൽ ഖുറായി അതിക്രമിച്ചു കയറിയത്. ബാൽക്കണി വഴി അകത്തെത്തിയ പ്രതി ശർമിളയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. ശർമിള ശക്തമായി എതിർത്തതോടെ, പ്രതി തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം സംഭവം അപകടമാണെന്ന് വരുത്തിത്തീർക്കാൻ പ്രതി തലയിണ ഉൾപ്പെടെയുള്ള സാധനങ്ങൾ കിടപ്പുമുറിയിൽ വെച്ച് കത്തിച്ചു. തുടർന്ന് അവിടെനിന്ന് രക്ഷപ്പെടുകയും ചെയ്തു. പുക ശ്വസിച്ചാണ് മരണം സംഭവിച്ചത് എന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും പൊലീസിന്റെ സൂക്ഷ്മ പരിശോധനയിൽ ചില വൈരുദ്ധ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടു. കിടപ്പുമുറിയിലാണ് തീപിടിത്തമുണ്ടായതെങ്കിലും ശർമിളയുടെ മൃതദേഹം കണ്ടെത്തിയത് അടുക്കളയിലായിരുന്നു. തീപിടിത്തമുണ്ടായ മുറിയിൽ നിന്ന് മാറിയായിരുന്നു മൃതദേഹമെന്നിരിക്കെ ശർമിളയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നില്ല. ശ്വാസംമുട്ടി മരിക്കാൻ സാധ്യതയുള്ള തരത്തിൽ ശർമിളയുടെ ശ്വാസകോശത്തിൽ കരിയുടെ അംശം ഉണ്ടായിരുന്നില്ലെന്ന മെഡിക്കൽ റിപ്പോർട്ടും പോലീസിന്റെ സംശയം ബലപ്പെടുത്തി.
കൊലപാതകത്തിന് ശേഷം ശർമിളയുടെ മൊബൈൽ ഫോൺ കൈക്കലാക്കിയ പ്രതി, രണ്ടുദിവസത്തിന് ശേഷം അതിൽ സ്വന്തം സിം കാർഡ് ഇട്ടു. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ നിരീക്ഷിച്ചുവന്ന പൊലീസ് നിമിഷങ്ങൾക്കകം പ്രതിയെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam