
പ്രയാഗ്‌രാജ്: ഇന്ത്യയുടെ ആത്മീയതയും സാംസ്കാരിക പൈതൃകവും തേടി വിദേശികൾ എത്താറുണ്ടെങ്കിലും, ഇറ്റലിയിൽ നിന്നുള്ള 22 വയസ്സുകാരി ലുക്രേഷ്യ പ്രയാഗ്‌രാജിലെ മാഘമേളയിൽ ഒരു അത്ഭുതക്കാഴ്ചയാകുകയാണ്. വെറുമൊരു വിനോദസഞ്ചാരിയായല്ല, മറിച്ച് ഇന്ത്യയുടെ ആത്മീയ സ്പന്ദനങ്ങൾ ഹൃദയത്തിലേറ്റിയ ഭക്തയായാണ് മിലാനിൽ നിന്നുള്ള ഈ യുവതി. ഗംഗാതീരത്ത് ദിവസങ്ങൾ ചിലവഴിക്കുകയാണ് അവര്‍.
ഇറ്റലിയിലെ മിലാൻ സ്വദേശിയായ ലുക്രേഷ്യ തന്റെ പിതാവ് പെരാൻസലിനൊപ്പമാണ് ഇത്തവണ മാഘമേളയ്ക്കെത്തിയത്. സീതാപൂരിലെ നൈമിശാരണ്യത്തിൽ നിന്നുള്ള നാഗാ സന്യാസിയായ മൻമൗജി രാംപുരിയെയാണ് ലുക്രേഷ്യ ഗുരുവായ സ്വീകരിച്ചിരിക്കുന്നത്. മാഘമേളയിലെ സെക്ടർ 5-ൽ തന്റെ ഗുരുവിനൊപ്പമാണ് ഈ യുവതിയുടെ താമസം. ഇത് ലുക്രേഷ്യയുടെ മൂന്നാമത്തെ ഇന്ത്യe സന്ദർശനമാണ്. 2025-ലെ മഹാകുംഭമേളയിലും ലുക്രേഷ്യ പങ്കാളിയായിരുന്നു.
മന്ത്രോച്ചാരണങ്ങളുമായി ലുക്രേഷ്യ മേളയിൽ സജീവമാണ്. ഓം നമഃ ശിവായ, ഹരേ രാമ ഹരേ കൃഷ്ണ, രാധേ രാധേ തുടങ്ങിയ മന്ത്രങ്ങളും ഭജനുകളും ഈ ഇറ്റാലിയൻ യുവതിക്ക് ഇന്ന് ഹൃദിസ്ഥമാണ്. ത്രിവേണി സംഗമത്തിൽ സ്നാനം നടത്തിയ ലുക്രേഷ്യ, ഗംഗാനദിയിലെ സ്നാനം പാപമുക്തി നൽകുമെന്ന വിശ്വാസത്തെ പൂർണ്ണമായും ഉൾക്കൊള്ളുന്നു. മെക്സിക്കോ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ജനങ്ങളെപ്പോലെ മറ്റൊരിടത്തും കണ്ടിട്ടില്ലെന്ന് ലുക്രേഷ്യ പറയുന്നു.
ലോകത്തിലെ ഏറ്റവും മാന്ത്രികമായ ഇടമാണ് ഇന്ത്യ. ഇവിടെ എത്തുമ്പോൾ ലഭിക്കുന്ന ആത്മീയ ശാന്തി മറ്റൊരിടത്തും ലഭിക്കുന്നില്ല എന്നാണ് ലുക്രേഷ്യ പറയുന്നത്. ഉത്തർപ്രദേശ് സർക്കാർ മാഘമേളയ്ക്കായി ഒരുക്കിയ സൗകര്യങ്ങളെയും യുപി പൊലീസിന്റെ സേവനങ്ങളെയും ലുക്രേഷ്യ അഭിനന്ദിച്ചു. ഇറ്റലിയിലെ സർവ്വകലാശാലയിൽ ബിസിനസ് സ്റ്റഡീസ് വിദ്യാർത്ഥിനിയായ ലുക്രേഷ്യ കുടുംബത്തിന്റെ ബേക്കറി ബിസിനസ്സിലും സഹായിക്കുന്നുണ്ട്. എങ്കിലും തിരക്കേറിയ ജീവിതത്തിനിടയിൽ പ്രയാഗ്‌രാജിലെ ഈ ഗംഗാതീരമാണ് തനിക്ക് സമാധാനം നൽകുന്നതെന്ന് അവൾ വിശ്വസിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam