ഐഎൻഎക്സ് മീഡിയ കേസില്‍ പി ചിദംബരത്തിന് ഉപാധികളോടെ ജാമ്യം

By Web TeamFirst Published Dec 4, 2019, 10:50 AM IST
Highlights

രാജ്യംവിട്ട് പോകരുത്, പാസ്പോർട്ട് വിചാരണ കോടതിയിൽ നൽകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. 

ദില്ലി: ഐഎൻഎക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന് ഉപാധികളോടെ ജാമ്യം. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എടുത്ത കേസിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. സിബിഐ കേസിൽ നേരത്തെ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.

അന്വേഷണത്തോട് സഹകരിക്കണം, രണ്ട് ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കണം, രാജ്യംവിട്ട് പോകരുത്, പാസ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കണം, കേസിനെപ്പറ്റി പരസ്യപ്രസ്താവനകൾ നടത്തരുത് എന്നീ ഉപാധികളോടെയാണ് സുപ്രീംകോടതി അനുവദിച്ചത്. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. 105 ദിവസമാണ് പി ചിദംബരം ജയിലിൽ കഴിഞ്ഞത്. 

ഒക്ടോബര്‍ 16നാണ് ചിദംബരത്തെ ഇഡി അറസ്റ്റ് ചെയ്തത്. ദില്ലി റോസ് അവന്യൂ കോടതി ചിദംബരത്തിന്‍റെ ജ്യുഡീഷ്യല്‍ കസ്റ്റഡി റിമാന്‍റ് അടുത്ത 11 വരെ നീട്ടിയിരുന്നു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിൽ സുപ്രീംകോടതി ചിദംബരത്തിന് നേരത്തെ ജാമ്യം നൽകിയിരുന്നു. ഐഎൻഎക്സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് ആരോപണം. ഇന്ദ്രാണി മുഖർജി, പീറ്റർ മുഖർജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഐഎൻഎക്സ് മീഡിയ. 

click me!