മധ്യപ്രദേശിൽ 30,000 രൂപയുടെ ഏഴ് ക്വിന്റൽ ഉള്ളി മോഷണം പോയതായി കർഷകന്റെ പരാതി

By Web TeamFirst Published Dec 4, 2019, 10:47 AM IST
Highlights

പാടത്തുനിന്നും ഏഴ് ക്വിന്റൽ ഉള്ളി മോഷ്ടാക്കൾ കൊയ്തെടുത്തെന്നാണ് കർഷകനായ ജിതേന്ദ്ര ധൻഗർ നാരായണഘട്ട് പൊലീസ് സ്റ്റേഷനിൽ‌ നൽകിയ പരാതി.

ഭോപ്പാൽ: രാജ്യത്ത് ഉള്ളി വില കുതിച്ചുയരുമ്പോൾ വിവിധഭാ​ഗങ്ങളിൽ ക്വിന്റൽ കണക്കിന് ഉള്ളി മോഷണം പോയെന്ന വാർത്തകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് കയറ്റി അയച്ച 22 ലക്ഷം രൂപ വിലവരുന്ന 40 ടണ്‍ സവാള മോഷണം പോയിരുന്നു. ഇതിന് പിന്നാലെ 30,000 രൂപയുടെ ഉള്ളി മോഷണം പോയെന്നാരോപിച്ച് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു കർഷകൻ.

പാടത്തുനിന്നും ഏഴ് ക്വിന്റൽ ഉള്ളി മോഷ്ടാക്കൾ കൊയ്തെടുത്തെന്നാണ് കർഷകനായ ജിതേന്ദ്ര ധൻഗർ നാരായണഘട്ട് പൊലീസ് സ്റ്റേഷനിൽ‌ നൽകിയ പരാതി. മധ്യപ്രദേശിലെ മന്ദ്‌സൗറിലെ റിച്ചാ ബച്ചാ ​ഗ്രാമത്തിൽനിന്നുള്ള കർഷകനാണ് ജിതേന്ദ്ര ധൻഗർ. ചൊവ്വാഴ്ച രാവിലെയാണ് വിളവെടുക്കാനായ ഉള്ളിച്ചെടികൾ പാടത്തുനിന്ന് പിഴുതെടുത്ത് കൊണ്ടുപോയ നിലയിൽ കണ്ടെത്തിയത്.

Read More:ഉള്ളിക്ക് 'പൊന്നുംവില'; ട്രക്കില്‍ കയറ്റി അയച്ച 22 ലക്ഷം രൂപയുടെ ഉള്ളി മോഷ്ടിച്ചു

ഒന്നര ഏക്കർ പാടത്തായിരുന്നു ജിതേന്ദ്ര ഉള്ളി കൃഷി നടത്തിയിരുന്നത്. കഴിഞ്ഞ വർഷം നാസിക്കിൽ നിന്നുമാണ് ജിതേന്ദ്ര മുന്തിയതരം ഉള്ളി വിത്തുകൾ ഇറക്കിയത്. ഇത്തവണത്തെ കൃഷിയിൽനിന്ന് നല്ല വരുമാനം ഉണ്ടാകുമെന്നും അതോടെ തന്റെ കടങ്ങൾ തീരുമെന്നുമായിരുന്നു ജിതേന്ദ്രയുടെ പ്രതീക്ഷ. എന്നാൽ, എല്ലാ പ്രതീക്ഷകളും തകർത്തായിരുന്നു തന്റെ പാടത്തുനിന്ന് മോഷ്ടാക്കൾ ഏഴ് ക്വിന്റൽ ഉള്ളിയുമായി കടന്നതെന്നും ജിതേന്ദ്ര പറ‍ഞ്ഞു.

സംഭവത്തിൽ പൊലീസ് പാടത്തെത്തി പരിശോധന നടത്തിയതായി മന്ദ്‌സൗർ എഎസ്പി പറഞ്ഞു. ജിതേന്ദ്രയുടെ പാടത്തുനിന്നും ഉള്ളി മോഷ്ടിച്ചവരെ ഉടൻ കണ്ടെത്തുമെന്നും അവർക്കെതിരെ നടപടി എടുക്കുമെന്നും എഎസ്പി കൂട്ടിച്ചേർത്തു. 

click me!