
ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ, നിലവിലെ അധ്യക്ഷയും മുൻ അത്‌ലറ്റുമായ പി.ടി. ഉഷയ്‌ക്കെതിരെ അണിയറയിൽ വൻ ചരടുവലികൾ. മുൻ ആർച്ചർ ഡോള ബാനർജിയുടെ നേതൃത്വത്തിൽ ഉഷയെ പരാജയപ്പെടുത്താൻ നീക്കം നടക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. പി.ടി. ഉഷയെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള പ്രത്യേക പാനൽ രൂപീകരിച്ച് ഡോള ബാനർജി അംഗങ്ങൾക്കിടയിൽ പ്രചരണം ശക്തമാക്കിയിട്ടുണ്ട്. പ്രമുഖ കായികതാരങ്ങളായ അഞ്ജു ബോബി ജോർജ്ജ്, സൈന നെഹ്‌വാൾ എന്നിവരെ ഉൾപ്പെടുത്തിയാണ് ഡോള പാനൽ തയാറാക്കിയിരിക്കുന്നത്.
'ന്യൂ ഭാരത് പാനൽ' എന്ന പേരിൽ ഒരു സന്ദേശം വാട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കുകയും പാനൽ അംഗങ്ങൾക്ക് അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ടെന്ന് പി.ടി ഉഷ പക്ഷം ആരോപിക്കുന്നു. ഈ സന്ദേശത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഡോള ബാനർജിക്കെതിരെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഇലക്ടറൽ ഓഫീസർക്ക് പി.ടി. ഉഷ ഔദ്യോഗികമായി പരാതി നൽകി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ ഡോള ലംഘിച്ചെന്നാണ് ഉഷയുടെ പ്രധാന ആരോപണം. അതേസമയം, ഉഷ വിരുദ്ധ ചേരിയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതായാണ് സൂചന.
നാളെയാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ നാല് സ്ഥാനങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്. ഈ നാല് സ്ഥാനങ്ങളിലേക്കായി ആറ് മുൻ വനിതാ താരങ്ങളാണ് മത്സരരംഗത്തുള്ളത്. തിരഞ്ഞെടുപ്പിൽ ആകെ 80 കായികതാരങ്ങൾക്കാണ് വോട്ടവകാശമുള്ളത്. നാളത്തെ വോട്ടെടുപ്പിൽ പരാജയപ്പെട്ടാൽ പി.ടി. ഉഷയ്ക്ക് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാധിക്കില്ല. കഴിഞ്ഞ ദിവസം വരെ മത്സരത്തിൽ പി.ടി. ഉഷയ്ക്ക് വ്യക്തമായ മേൽക്കൈ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ അവസാന നിമിഷത്തെ അണിയറനീക്കങ്ങൾ വലിയ ആശയക്കുഴപ്പത്തിന് വഴിവെച്ചിട്ടുണ്ട്. ഇതിനിടെ, വോട്ടർമാരായ അംഗങ്ങളെ സ്വാധീനിക്കാൻ ശ്രമങ്ങൾ നടക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽ കുമാറിന്റെ (ചൈന സുനിൽ) നേതൃത്വത്തിലാണ് ഇത്തരം ശ്രമങ്ങൾ നടക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam