ഭാരത് ഗൌരവ് എക്സ്പ്രസിന്റെ കന്നിയാത്ര ജൂൺ 21ന്

Published : May 06, 2022, 04:01 PM IST
ഭാരത് ഗൌരവ് എക്സ്പ്രസിന്റെ കന്നിയാത്ര ജൂൺ 21ന്

Synopsis

നേപ്പാളിലെ ജനക്പൂരും സന്ദർശനത്തിന്റെ ഭാഗം; രാമായണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലൂടെ യാത്ര

തിരുവനന്തപുരം: രാജ്യത്തെ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനും സാംസ്കാരിക പൈതൃകം പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ട് കേന്ദ്ര ‍സ‍‍‍ർക്കാ‍ർ പ്രഖ്യാപിച്ച ഭാരത് ​ഗൗരവ് ടൂറിസ്റ്റ് ട്രെയിനിന്റെ ആദ്യ സർവീസ് ജൂൺ 21ന് ഫ്ലാ​ഗ് ഓഫ് ചെയ്യും. ദില്ലിയിൽ തുടങ്ങി രാമായണവുമായി ബന്ധപ്പെട്ട ന​ഗരങ്ങളിലൂടെ 18 ദിവസത്തെ യാത്രയാണ് ഐആർസിടിസി വിഭാവനം ചെയ്യുന്നത്. സർക്കാരിന്റെ സ്വദേശ് ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ​ഗൗരവ് എക്സ്പ്രസ് നേപ്പാളിലുമെത്തുന്നു എന്നതാണ് ശ്രദ്ധേയം. സീതാദേവിയുടെ ജന്മസ്ഥലമായി കരുതുന്ന ജനക്പൂരിലെ രാം ജാനകി ക്ഷേത്രം സന്ദർശിക്കാനാണ് യാത്രക്കാർക്ക് അവസരം ലഭിക്കുക. 

ദില്ലി സഫ്ദ‌ർജങ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ഭാരത് ​ഗൗരവ് എക്സ്പ്രസ് അയോധ്യയിലൂടെ ബിഹാർ, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങൾ പിന്നിട്ട് ദില്ലിയിൽ തിരിച്ചെത്തും. അയോധ്യയിൽ രാമജന്മഭൂമി, ഹനുമാൻ ക്ഷേത്രങ്ങളും നന്ദി​ഗ്രാമിലെ ഭരത ക്ഷേത്രവും ബക്സറിൽ വിശ്വാമിത്ര ആശ്രമവും രാംരേഖഘട്ടും സന്ദ‌ർശിക്കാൻ അവസരം ഉണ്ടാകും. ​ഗം​ഗയിൽ സ്നാനവും ഐആ‍‍ർസിടിസി വാ​ഗ്ദാനം ചെയ്യുന്നുണ്ട്. സീതാമാ‍ർഹിയിൽ നിന്ന് റോഡ് മാ​ഗമാണ് നേപ്പാളിലെ ജനക്പൂരിലെത്തിക്കുക. തിരിച്ച് വാരാണസി, കാശി, പ്രയാ​ഗ്, ചിത്രകൂടം, കിഷ്കിന്ദ (ഹംപി), രാമേശ്വരം, ഹനുമാന്റെ ജന്മസ്ഥലമായ ആഞ്ജനേയാദ്രി മല, കാഞ്ചീപുരം, തെക്കിന്റെ അയോധ്യ എന്നറിയപ്പെടുന്ന തെലങ്കാനയിലെ ഭദ്രാചലം എന്നിങ്ങനെ രാമയണവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ പിന്നിട്ട് ദില്ലിയിൽ തിരിച്ചെത്തും. 18 ദിവസം കൊണ്ട് എണ്ണായിരം കിലോമീറ്ററാണ് രാമായണ സർക്യൂട്ട് ട്രെയിൻ സഞ്ചരിക്കുക. 

പൂ‌ർണമായും ശീതവൽക്കരിച്ചിട്ടുള്ള ട്രെയിനിൽ 10 കോച്ചുകളുണ്ട്. ത്രീ ടയർ എസി കോച്ചുകളിൽ 600 പേ‌ർക്ക് യാത്ര ചെയ്യാനാകും. വെജിറ്റേറിയൻ ഭക്ഷണമാണ് യാത്രക്കാർക്ക് നൽകുക. ഇതിനായി ഒരു പാൻട്രി കാറും ട്രെയിനിൽ ഉണ്ടാകും. ഇതിനുപുറമേ യാത്രക്കാ‌ർക്കായി ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും സുരക്ഷ ഉറപ്പാക്കാൻ ​​ഗാർഡുകളുടെ സേവനവും സിസിടിവി ക്യാമറകളും ട്രെയിനിൽ ഉണ്ടാകുമെന്ന് ഐആർസിടിസി വ്യക്തമാക്കി. ഭക്ഷണവും താമസവും ഉൾപ്പെടെ 62,370 രൂപയാണ് 18 ദിവസത്തെ യാത്രയ്ക്കായി ഐആ‌ർസിടിസി ഈടാക്കുക. ഐആ‌ർസിടിസി വെബ്സൈറ്റ് വഴി സീറ്റ് ഉറപ്പാക്കാം. ആദ്യം ബുക്ക് ചെയ്യുന്ന 100 യാത്രക്കാർക്ക് 10 ശതമാനം ഇളവ് ഐആ‌ർസിടിസി വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

5 വയസുകാരനെ ഉള്‍പ്പെടെ നിരവധി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോക്സോ ചുമത്താൻ നിർദേശം
അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ