ബിജെപി-ജെഡിഎസ് സഖ്യം? കർണാടകത്തില്‍ അഭ്യൂഹങ്ങൾ അടങ്ങുന്നില്ല

By Web TeamFirst Published Dec 23, 2020, 7:06 AM IST
Highlights

ബിജെപിക്കകത്ത് നേതൃമാറ്റത്തിനായുള്ള മുറവിളി ശക്തമാകുന്നതിനിടെയാണ് യെദ്യൂരപ്പ കുമാരസ്വാമി സൗഹൃദം ശക്തമാകുന്നത്. തന്നെ തഴഞ്ഞാല്‍ 2012ലേതുപോലെ പാർട്ടി പിളർത്താന്‍ മടിക്കില്ലെന്നും ജെഡിഎസ് പിന്തുണ തനിക്കുണ്ടെന്നും ഇതുവഴി യെദ്യൂരപ്പ കേന്ദ്ര നേതൃത്വത്തിന് കൃത്യമായ മുന്നറിയിപ്പ് നല്‍കി. 

ബെംഗളൂരു: ബിജെപി - ജെഡിഎസ് സഖ്യനീക്കങ്ങളെകുറിച്ചുള്ള അഭ്യൂഹങ്ങളില്‍ കറങ്ങുകയാണ് കർണാടക രാഷ്ട്രീയം. യെദ്യൂരപ്പ സർക്കാറിന് കുമാരസ്വാമി നല്‍കുന്ന തുടർച്ചയായ പിന്തുണയാണ് ജനതാദൾ ബിജെപിക്കൊപ്പം ചേരുമെന്ന സാധ്യതകൾ ശക്തമാക്കുന്നത്. എന്നാല്‍ ഇത് പൂർണമായും തള്ളുകയാണ് കുമാരസ്വാമിയും യെദിയൂരപ്പയും. അടിക്കടിയുള്ള കുമാരസ്വാമി യെദ്യൂരപ്പ കൂടികാഴ്ചകൾ, കടുത്ത എതിർപ്പിനിടയിലും ഭൂപരിഷ്കരണ അപിഎംസി നിയമ ഭേദഗതികളില്‍ ജെഡിഎസ് ബിജെപിക്ക് നല്‍കിയ പിന്തുണ, കുമാരസ്വാമിക്കെതിരായ കർഷക സംഘടനകളുടെ വിമർശനം അതിരു കടന്നപ്പോഴുള്ള യെദ്യൂരപ്പയുടെ ഇടപെടല്‍, കഴിഞ്ഞ മാസങ്ങളില്‍ കർണാടകത്തില്‍ കണ്ട ഈ കാഴ്ചകളാണ് ജെഡിഎസ് ബിജെപിയിലേക്കെന്ന അഭ്യഹങ്ങൾ ശക്തമാക്കിയത്. 

ജെഡിഎസ് ബിജെപിയില്‍ ലയിക്കുമെന്നുവരെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിലാണ് അഭ്യൂഹങ്ങൾ പൂർണമായും തള്ളിക്കൊണ്ട് കുമാരസ്വാമി പ്രസ്താവനയിറക്കിയത്. യെദ്യൂരപ്പയ്ക്ക് പ്രശാനാധിഷ്ഠിത പിന്തുണമാത്രമാണ് നല്‍കിയതെന്നും ജെഡിഎസ് ബിജെപിയില്‍ ലയിക്കുകയെന്നത് ആത്മഹത്യക്ക് തുല്യമാണെന്നും കുമാരസ്വാമി ട്വിറ്ററില്‍ കുറിച്ചതോടെ അഭ്യൂഹങ്ങൾക്ക് താല്‍കാലിക വിരാമമായി. ബിജെപിക്കകത്ത് നേതൃമാറ്റത്തിനായുള്ള മുറവിളി ശക്തമാകുന്നതിനിടെയാണ് യെദ്യൂരപ്പ കുമാരസ്വാമി സൗഹൃദം ശക്തമാകുന്നത്. തന്നെ തഴഞ്ഞാല്‍ 2012ലേതുപോലെ പാർട്ടി പിളർത്താന്‍ മടിക്കില്ലെന്നും ജെഡിഎസ് പിന്തുണ തനിക്കുണ്ടെന്നും ഇതുവഴി യെദ്യൂരപ്പ കേന്ദ്ര നേതൃത്വത്തിന് കൃത്യമായ മുന്നറിയിപ്പ് നല്‍കി. ഇതോടെ വിമതനീക്കങ്ങൾ അടങ്ങി.

അതേസമയം സംസ്ഥാനത്ത് നാൾക്കുനാൾ ശക്തി ക്ഷയിക്കുന്ന ജെഡിഎസില്‍നിന്നും നേതാക്കൾ കൂട്ടത്തോടെ മറ്റ് പാർട്ടികളിലേക്ക് പോവുകയാണ്. ശക്തികേന്ദ്രങ്ങളിലടക്കം ഉപതിരഞ്ഞെടുപ്പുകളിലേറ്റ പരാജയവും കുമാരസ്വാമിയെ ഭരണകക്ഷിയോടടുപ്പിച്ചു. ചുരുക്കത്തില്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്കും എച്ച് ഡി കുമാരസ്വാമിക്കും പ്രതിസന്ധികാലത്തെ മറികടക്കാനുള്ള തന്ത്രമാണ് ഈ വിവാദങ്ങളെന്നാണ് വിലയിരുത്തല്‍. എന്നാല്‍ 2023 മുതലാണ് തന്‍റെ യഥാർത്ഥ രാഷ്ട്രീയം ആരംഭിക്കുന്നതെന്ന കുമരസ്വാമിയുടെ പുതിയ പ്രസ്താവനയും , എച്ച് ഡി ദേവഗൗഡ ഇതുവരെ തുട‍ർന്ന മൗനവും സംശയങ്ങൾ ഇനിയും ബാക്കിയാക്കുന്നു.

click me!