നാട്ടിലേക്ക് തിരികെ വരണമെന്ന് ഐഎസിൽ ചേർന്ന മലയാളികൾ; വീഡിയോ സന്ദേശം പുറത്ത്

Web Desk   | Asianet News
Published : Mar 15, 2020, 11:09 PM ISTUpdated : Mar 15, 2020, 11:22 PM IST
നാട്ടിലേക്ക് തിരികെ വരണമെന്ന് ഐഎസിൽ ചേർന്ന മലയാളികൾ; വീഡിയോ സന്ദേശം പുറത്ത്

Synopsis

വീഡിയോ മകൾ നിമിഷയുടേത് തന്നെയെന്ന് അമ്മ ബിന്ദു സ്ഥിരീകരിച്ചു. മകളെ നാട്ടിലേക്ക് എത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം എന്നും ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ദില്ലി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മലയാളികൾ തിരികെ വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. ഇതിന്റെ വീഡിയോ ദൃശ്യം പുറത്തെത്തി. ഐഎസിൽ ചേർന്ന നിമിഷ ഫാത്തിമയുടെയും സോണിയയുടെയും വീഡിയോ സന്ദേശമാണ് പുറത്ത് വന്നത്. അഫ്ഗാൻ സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള ഇവരെ അഫ്ഗാൻ സേന ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

വീഡിയോ മകൾ നിമിഷയുടേത് തന്നെയെന്ന് അമ്മ ബിന്ദു സ്ഥിരീകരിച്ചു. മകളെ നാട്ടിലേക്ക് എത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം എന്നും ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അഫ്ഗാനിസ്ഥാനിലെ നങ്ഗർഹർ പ്രവിശ്യയിൽ കീഴടങ്ങിയ ഇന്ത്യക്കാരിൽ മലയാളികളായ നിമിഷ ഫാത്തിമയും ഭർത്താവ് ബെക്സിൻ വിൻസന്‍റ് എന്ന ഈസയും കൊച്ചുമകളുമുണ്ടെന്ന് നിമിഷയുടെ അമ്മ ബിന്ദു സമ്പത്ത് നേരത്തെ തന്നെ പറഞ്ഞിരുന്നു. സുരക്ഷാ സേനയുടെ മുമ്പാകെ കീഴടങ്ങിയ 900 അംഗ ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തിലാണ് നിമിഷയടക്കമുള്ളവർ ഉള്ളതെന്നാണ് ബിന്ദു പറഞ്ഞത്. കേന്ദ്രസർക്കാരിൽ നിന്ന് ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും കിട്ടിയിട്ടില്ലെന്നും, എന്നാൽ എൻഐഎ അയച്ചു തന്ന ചില ചിത്രങ്ങളിൽ തന്‍റെ മകളുടെ ഭർത്താവിനെയും കൊച്ചുമകളെയും കണ്ടതായും ബിന്ദു സമ്പത്ത് വ്യക്തമാക്കി.

നങ്ഗർഹറിൽ ഇത്രയധികം പേർ ഒന്നിച്ച് കീഴടങ്ങിയെന്ന വിവരം വന്നതിന് പിന്നാലെയാണ് എൻഐഎ ചില ചിത്രങ്ങൾ അയച്ചു തന്നതെന്ന് ബിന്ദു പറയുന്നു. ഇതിൽ തന്‍റെ മരുമകനെ കാണാമായിരുന്നു. കൊച്ചുമകൾ ഒരു സ്ത്രീയുടെ മടിയിൽ ഇരിക്കുന്നതും കാണുന്നുണ്ട്. എല്ലാ സ്ത്രീകളും തലയിലൂടെ മുഖാവരണം ധരിച്ചാണ് ഇരിക്കുന്നത്. അതുകൊണ്ട് മുഖം വ്യക്തമല്ല. പക്ഷേ, എന്‍റെ കൊച്ചുമകൾ ഇരിക്കുന്നുണ്ടെങ്കിൽ അത് മകളുടെ മടിയിൽത്തന്നെയായിരിക്കുമല്ലോ, അതുകൊണ്ടാണ് ഇത് മകളാണെന്ന് പറയുന്നത് - ബിന്ദു പറയുന്നു,

മരുമകൻ ബെക്സിന്‍റേതായി കണ്ട ചിത്രങ്ങൾ പാലക്കാട് യാക്കരയിലുള്ള ബെക്സിന്‍റെ അമ്മ ഗ്രേസിക്ക് അയച്ചുകൊടുത്തെന്നും അവരും അത് സ്വന്തം മകൻ തന്നെയാണെന്ന് സ്ഥിരീകരിച്ചെന്നും ബിന്ദു വ്യക്തമാക്കി. 

മകളെയും മരുമകനെയും കൊച്ചുമകളെയും തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിൽ ആഭ്യന്തരമന്ത്രാലയത്തിന് അടക്കം കത്ത് നൽകുന്നുണ്ടെന്നും ബിന്ദു പറഞ്ഞു. ഇനി മകൾ തിരിച്ചുവരില്ല എന്നാണ് പലരും പറഞ്ഞത്. ഇസ്ലാമിക് സ്റ്റേറ്റ് പോലൊരു പ്രസ്ഥാനം തകർച്ചയുടെ വക്കിൽ നിൽക്കുകയും, അതിന്‍റെ തലവൻ കൊല്ലപ്പെടുകയും ചെയ്തത് മകളുടെ തിരിച്ചു വരവിന് വേണ്ടിയാണ് - എന്ന് ബിന്ദു പറയുന്നു.

അഫ്ഗാനിസ്ഥാനിലെ നാങ്ഗർഹർ എന്ന പ്രവിശ്യ നിറയെ കുന്നുകൾ നിറഞ്ഞ ഒരു പ്രദേശമാണ്. അവിടെ പരമാവധി അമ്പത് കുടുംബങ്ങൾ വരെ മാത്രമാണെന്നാണ് തനിക്ക് ലഭിച്ച വിവരം. അതിനാൽ ഇവിടെ എല്ലാവരും കീഴടങ്ങിയെങ്കിൽ, തന്‍റെ മകളുടെ കുടുംബവും കീഴടങ്ങിയിരിക്കണം. മാത്രമല്ല, ദക്ഷിണേന്ത്യക്കാർ കീഴടങ്ങിയവരിൽ ഉണ്ട് എന്നും, സ്ത്രീകളടക്കമുള്ളവർക്ക് വെള്ളവും ഭക്ഷണവും നൽകുന്നുണ്ട് എന്നും, അഫ്ഗാൻ സൈന്യത്തിലുള്ളവർ എന്ന് പറയുന്ന തരത്തിലുള്ള ചില ട്വിറ്റർ അക്കൗണ്ടുകളിൽ നിന്ന് ട്വീറ്റുകളും മറ്റും കണ്ടു. 

2018 നവംബർ 28-നാണ് ഏറ്റവുമൊടുവിൽ നിമിഷയിൽ നിന്ന് സന്ദേശങ്ങൾ കിട്ടിയതെന്ന് ബിന്ദു പറയുന്നു. ടെലഗ്രാം വഴിയാണ് മകളുമായി സംസാരിക്കാറ്. മരുമകൻ അന്ന് വോയ്സ് മെസ്സേജുകളും അയച്ചിരുന്നു. എന്നാൽ പിന്നീട് നെറ്റ്‍വർക്കില്ലാത്ത പ്രദേശത്തേക്ക് അവർ പോയതിനാൽ സംസാരം സാധ്യമായിരുന്നില്ലെന്നും ബിന്ദു വ്യക്തമാക്കുന്നു. 

2016-ലാണ് നിമിഷയെന്ന ഫാത്തിമ ഭർത്താവായ ബെക്സിൻ എന്ന ഈസയോടൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് പോയത്. അവിടെ വച്ചാണ് ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചതും. ശ്രീലങ്കയിലേക്ക് മതപഠനത്തിന് പോവുകയാണെന്ന് പറഞ്ഞാണ് ഇരുവരും ഇന്ത്യയിൽ നിന്ന് പോയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രി നടക്കാനിറങ്ങി, മുന്നിൽ വന്നത് അഞ്ചടിയിലേറെ വലുപ്പമുള്ള മുതല, ക്രൂരമായി ആക്രമിച്ച് കൊന്ന് യുവാക്കൾ, അറസ്റ്റ്
തിരക്കേറിയ ജങ്ഷനിൽ ഒന്നൊന്നായി ഡസനോളം ബൈക്കുകൾ റോഡിൽ തെന്നി വീണുകൊണ്ടിരുന്നു, നടുക്കുന്ന വീഡിയോ, റോഡിലെ മാലിന്യം വില്ലൻ