
ദില്ലി: ഇന്ത്യയിലെ വൻനഗരങ്ങളിൽ ഭീകരാക്രമണം നടത്താനുള്ള തീവ്രവാദ സംഘടനയായ ഐഎസിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്ന് റിപ്പോർട്ട്. ഗുജറാത്തിലെ നഗരങ്ങളായ അഹമ്മദാബാദ്, ഗാന്ധിനഗർ, മുംബൈയിലെ നരിമാൻ ഹൗസ്, ഗേറ്റ്‌വേ ഓഫ് ഇന്ത്യ എന്നിവക്കെതിരെയുള്ള തീവ്രവാദ ഗൂഢാലോചന പരാജയപ്പെടുത്തിയതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഉന്നത സൈനിക താവളങ്ങൾക്കെതിരെയും ആക്രമണത്തിന് പദ്ധതിയിട്ടു. ലക്ഷ്യസ്ഥാനങ്ങളുടെ ഫോട്ടോഗ്രാഫുകൾ പാകിസ്ഥാനിലേക്കും സിറിയയിലേക്കും അയച്ചതായി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മാസം ആദ്യം ദേശീയ തലസ്ഥാനത്തെ ഒളിത്താവളത്തിൽ നിന്ന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത ഇസ്ലാമിക് സ്‌റ്റേറ്റ് പ്രവർത്തകനെന്ന് സംശയിക്കുന്ന ഷാനവാസ് എന്ന ഷാഫി ഉസാമയുടെ മൊഴിയിൽ നിന്നാണ് ഭീകരാക്രമണ പദ്ധതി അറിഞ്ഞത്. അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി വിദ്യാർഥികളും ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
മഹാരാഷ്ട്രൻ നഗരമായ പൂനെയെ കേന്ദ്രമാക്കാനാണ് ഇസ്ലാമിക് സ്റ്റേറ്റ് തീരുമാനിച്ചതെന്നും പറയുന്നു.
രണ്ട് കൂട്ടാളികൾ അറസ്റ്റിലായതിന് ശേഷം ജൂലൈയിൽ ഷാനവാസ് നഗരം വിട്ട് ഓടി ദില്ലിയിലെത്തി. അന്നുമുതൽ ഒളിവിലായിരുന്നു. തന്റെ ഭാര്യ ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പ് ഒരു ഹിന്ദുവായിരുന്നുവെന്നും അലിഗഡ് സർവകലാശാലയിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയെന്നും അവിടെ വെച്ച് തീവ്രവാദ പദ്ധതികളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഷാനവാസ് കുറ്റസമ്മതത്തിൽ പറഞ്ഞു. അൽ ഖ്വയ്ദയുടെ മുതിർന്ന പ്രവർത്തകനായ അൻബർ അൽ-അവ്‌ലാക്കിയാണ് ഷാനവാസിനെ പരി ശീലിപ്പിച്ചത്. ഇയാൾ 2011ൽ കൊല്ലപ്പെട്ടു. പിന്നീട് ഇസ്ലാമിക സംഘടനയായ ഹിസ്ബുത് താഹിറിൽ ചേർന്നതായി ഷാനവാസ് പറഞ്ഞു.
Read More... കെണിയിൽ വീഴാത്തതിന് നന്ദിയെന്ന് കെസി, ബന്ധം മുന്നോട്ട് പോകുമെന്ന് തങ്ങൾ; ഐക്യപ്രഖ്യാപനമായി പലസ്തീൻ റാലി
ഹിസ്ബുത് താഹിറുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭോപ്പാലിൽ ഓഗസ്റ്റിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡുകളിൽ 16 പേരെ അറസ്റ്റ് ചെയ്തു. അതേസമയം, ബോംബ് നിർമിക്കാനും ഭീകരരെ പരിശീലിപ്പിക്കാനും പണം അയക്കുന്ന ഹവാല റൂട്ടുകളെക്കുറിച്ചും ഷാനവാസ് അധികൃതരോട് പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു.