14 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ബംഗ്ലാദേശും പാക്കിസ്ഥാനും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ചു. ഷെയ്ഖ് ഹസീനയുടെ ഭരണമാറ്റത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതാണ് ഇതിന് കാരണം.
ധാക്ക: 14 വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം നേരിട്ടുള്ള ബംഗ്ലാദേശ്- പാക്കിസ്ഥാൻ വിമാന സർവീസ് പുനരാരംഭിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. 2012 മുതൽ ഇരു രാജ്യങ്ങൾക്കിടയിൽ യാത്ര ചെയ്യേണ്ടവർക്ക് ദുബായ്, ദോഹ തുടങ്ങിയ ഗൾഫ് കേന്ദ്രങ്ങളിലൂടെ കണക്റ്റിംഗ് വിമാനങ്ങളാണ് ആശ്രയിക്കേണ്ടിവന്നിരുന്നത്. ഏറെക്കാലമായി നയപരമായി അത്ര ചേർച്ചയിൽ ആയിരുന്നില്ല ഇരു രാജ്യങ്ങളും. ഏകദേശം 1,500 കിലോമീറ്റർ ദൂരത്തിലുള്ള ഇരു രാജ്യങ്ങളും മുൻപ് ഒന്നായിരുന്നു. 1971ലെ യുദ്ധത്തിന് ശേഷം രണ്ടുരാജ്യങ്ങളായി വേർപിരിയുകയായിരുന്നു. ഇന്ത്യ ഇരു രാജ്യങ്ങളുമായും അതിർത്തി പങ്കിടുന്നതും ഭൂപ്രദേശമനുസരിച്ച് മധ്യത്തിലായി നിൽക്കുന്ന രാജ്യവുമാണ്.
വിമാന കമ്പനിയായ ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് കറാച്ചിയിലേക്കുള്ള സർവീസ് ആരംഭിച്ചതോടെ 2012ന് ശേഷമുള്ള ആദ്യത്തെ നേരിട്ടുള്ള വിമാനയാത്രയാണ് നടന്നത്. 150 യാത്രക്കാരുമായാണ് വിമാനം പുറപ്പെട്ടത്. ആഴ്ചയിൽ രണ്ട് ദിവസമാണ് നേരിട്ടുള്ള വിമാന സർവീസ് നടത്തുക. ഈ സർവീസ് പുനരാരംഭിക്കുന്നത് വ്യാപാര-വാണിജ്യ മേഖലയുടെ വളർച്ചയ്ക്കും, വിദ്യാഭ്യാസ കൈമാറ്റങ്ങൾക്കും, സാംസ്‌കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും നിർണായകമാകും എന്ന് ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
2024ൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീനയുടെ 15 വർഷം നീണ്ട ഭരണത്തിന് വിരാമമായതോടെയാണ് പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെട്ടത്. അതേസമയം, ഹസീനയുടെ അടുത്ത സഖ്യകക്ഷിയായിരുന്ന ഇന്ത്യയുമായി ബംഗ്ലാദേശിന്റെ ബന്ധം ഈ കാലയളവിൽ മോശമാവുകയും ചെയ്തു.
2024 നവംബറിൽ കറാച്ചിയിൽ നിന്ന് ബംഗ്ലാദേശിലെ പ്രധാന തുറമുഖമായ ചിറ്റഗോങ്ങിലേക്കുള്ള ചരക്ക് കപ്പൽ സർവീസുകളും പുനരാരംഭിച്ചിരുന്നു. ഇതിന് പിന്നാലെ വ്യാപാരം വർധിക്കുകയും സാംസ്‌കാരിക ഇടപെടലുകൾ ശക്തമാകുകയും ചെയ്തു. പ്രശസ്ത പാക്കിസ്ഥാൻ ഗായകർ ധാക്കയിൽ പരിപാടികൾ അവതരിപ്പിക്കുകയും, ബംഗ്ലാദേശിൽ നിന്നുള്ള രോഗികൾ ചികിത്സയ്ക്കായി പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യുകയും ചെയ്യുന്ന പ്രവണതയും വർധിച്ചിട്ടുണ്ട്.


