
ദില്ലി: ഇസ്രായേൽ - പലസ്തീൻ സംഘർഷം രക്തരൂക്ഷിതമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ കേന്ദ്ര സര്‍ക്കാര്‍ സജീവമാക്കി. ഇതുമായി ബന്ധപ്പെട്ട് കാബിനറ്റ് സെക്രട്ടറി ചില കൂടിയാലോചനകള്‍ നടത്തി. ഗൾഫ് രാജ്യങ്ങളുമായും ഇന്ത്യ സംസാരിക്കും. തല്ക്കാലം സ്ഥിതി നിരീക്ഷിക്കുകയാണെന്നാണ് ഉന്നതവൃത്തങ്ങൾ അറിയിക്കുന്നത്. അതേസമയം, ഇന്ത്യയിലുള്ള ഇസ്രയേലികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നല്‍കിയിട്ടുണ്ട്.
ഇസ്രായേലിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇന്ത്യ. യുദ്ധം എത്രനാൾ നീളുമെന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. ഇസ്രയേൽ - ഹമാസ് സംഘർഷം രൂക്ഷമാകുന്നെങ്കിലും ഒഴിപ്പിക്കൽ തൽകാലം വേണ്ടെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. എന്നാല്‍, സ്ഥിതി ഗുരുതരമായി തുടരുകയാണെങ്കിൽ ഒഴിപ്പിക്കൽ നടപടികളിലേക്ക് ഇന്ത്യ കടന്നേക്കും. ഒഴിപ്പിക്കൽ വേണ്ടിവന്നാൽ തയാറെടുക്കാൻ വ്യോമ - നാവിക സേനകൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി സ്ഥിതി നേരിട്ട് നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വിദ്യാർത്ഥികളെയും തീർത്ഥാടനത്തിനും വിനോദയാത്രയ്ക്കും പോയവരെയും തിരികെ എത്തിക്കണം എന്നയാവശ്യം ശക്തമാകുന്നുണ്ട്. പ്രധാനമന്ത്രി തന്നെ ഇക്കാര്യം നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യസഹമന്ത്രി മീനാക്ഷി ലേഖി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
2006 ൽ ഇസ്രയേൽ ലബനൻ യുദ്ധമുണ്ടായപ്പോൾ കടൽമാർഗമാണ് ഇന്ത്യാക്കാരെ ഒഴിപ്പിച്ചിരുന്നത്. 23000 പേരെ അന്ന് ആദ്യം സൈപ്രസിലെത്തിച്ച് രാജ്യത്തേക്ക് കൊണ്ടുവരികയാണ് ചെയ്തത്. 2021 ൽ മലയാളി സൗമ്യ സന്തോഷിൻ്റെ ജീവൻ നഷ്ടമായ സംഘർഷ സമയത്തും കേന്ദ്രം ഒഴിപ്പിക്കൽ ആലോചിച്ചിരുന്നു. അന്ന് സംഘർഷം 11 ദിവസത്തിൽ അവസാനിച്ചു. നിലവില്‍ പതിനെട്ടായിരത്തോളം ഇന്ത്യാക്കാർ ഇസ്രയേലിലുണ്ടെന്നാണ് പ്രാഥമിക കണക്ക്. തയ്യാറെടുത്തിരിക്കാനാണ് കേന്ദ്ര സർക്കാർ മേഖലയിലെ എംബസികൾക്കും നല്‍കിയിരിക്കുന്ന നിർദ്ദേശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam