കേരളാ കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് മടക്കികൊണ്ടുവരണമെന്ന് ആവശ്യം ഉയരുമ്പോഴാണ് കൂടുതല്‍ സീറ്റെന്ന സമ്മര്‍ദ്ദ തന്ത്രവുമായി ജോസ് കെ മാണി രംഗത്ത് എത്തുന്നത്.

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിന് പുറമെ ഒരു സീറ്റ് ഒരു സീറ്റ് കൂടി വേണമെന്ന ആവശ്യം ശക്തമാക്കി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം. ഇടത് മുന്നണിയോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്ന് ചെയര്‍മാന്‍ ജോസ് കെ മാണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളാ കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് മടക്കികൊണ്ടുവരണമെന്ന് ആവശ്യം ഉയരുമ്പോഴാണ് കൂടുതല്‍ സീറ്റെന്ന സമ്മര്‍ദ്ദ തന്ത്രവുമായി ജോസ് കെ മാണി രംഗത്ത് എത്തുന്നത്.

കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ടതിന് ശേഷമുള്ള ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. സിറ്റിംഗ് സീറ്റായ കോട്ടയം തന്നെയായിരിക്കും ഇടതുമുന്നണിയും കേരളാ കോണ്‍ഗ്രസിന് നല്‍കുക എന്ന് ഉറപ്പാണ്. ഇതിന് പുറമെയാണ് ഒരു സീറ്റ് കൂടി വേണമെന്ന ആവശ്യം പാര്‍ട്ടി ശക്തമാക്കുന്നത്. ഇടുക്കിയോ പത്തനംതിട്ടയോ ചോദിക്കാനാണ് പാര്‍ട്ടിക്കുള്ളിലെ ധാരണ.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ ഇടതുമുന്നണി നേട്ടമുണ്ടാക്കിയത് കേരളാ കോണ്‍ഗ്രസിന്‍റെ വരവോടുകൂടിയാണന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അതുകൊണ്ടുതന്നെ കൂടുതല്‍ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്നും പാര്‍ട്ടി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ഇടതുമുന്നണി സീറ്റ് വിഭജന ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിക്കണം എന്ന ആവശ്യമുയര്‍ന്നുകഴിഞ്ഞു. കേരളാ കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് മടക്കി കൊണ്ടുവരണം എന്ന ആവശ്യം ശക്തമായി നിലനില്‍ക്കുമ്പോഴാണ് ഇടതുമുന്നണിയില്‍ കൂടുതല്‍ സീറ്റെന്ന സമ്മര്‍ദ്ദ തന്ത്രം ജോസ് കെ മാണിയും കൂട്ടരും പ്രയോഗിക്കുന്നത്.

Also Read: ഇസ്രായേൽ-ഹമാസ് യുദ്ധം: ഇരുപക്ഷത്തുമായി മരണം 1200 കടന്നു; 3-ാം ദിവസവും ഗാസയിൽ വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ

YouTube video player