തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചു; ജോഷിമഠില്‍ ഭൂമി ഇടിഞ്ഞ് താഴ്ന്നെന്ന റിപ്പോർട്ട് പിന്‍വലിച്ച് ഐഎസ്ആര്‍ഒ

By Web TeamFirst Published Jan 14, 2023, 2:43 PM IST
Highlights

12 ദിവസത്തിനിടെ ഭൂമി താഴുന്നതിന്റെ തോത് കൂടിയെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടതാണ് റിപ്പോർട്ട് നീക്കാൻ കാരണമെന്ന് ഇസ്രോ

ദില്ലി: ജോഷിമഠിലെ ഭൂമിതാഴ്ചയെ പറ്റിയുള്ള റിപ്പോർട്ട് ഐഎസ്ആർഒ നീക്കം ചെയ്തു. നാഷണൽ റിമോർട്ട് സെൻസിംഗ് സെന്റർ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത ഉപഗ്രഹ പഠന റിപ്പോർട്ടാണ് നീക്കം ചെയ്തത്. കഴിഞ്ഞ എട്ട് മാസത്തിനിടെ ജോഷിമഠിൽ സംഭവിച്ച മാറ്റങ്ങളെ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ വിശദീകരിക്കുന്നതായിരുന്നു റിപ്പോർട്ട്. 12 ദിവസത്തിനിടെ ഭൂമി താഴുന്നതിന്റെ തോത് കൂടിയെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടതാണ് റിപ്പോർട്ട് നീക്കാൻ കാരണമെന്ന് ഇസ്രോ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ എട്ട് മാസത്തിനിടെ ജോഷിമഠിൽ സംഭവിച്ച മാറ്റം ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ വിശദീകരിക്കുന്ന റിപ്പോർട്ടാണ് ഐഎസ്ആർഓയ്ക്ക് കീഴിലെ നാഷണൽ റിമോർട്ട് സെൻസിംഗ് സെൻറർ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഡിസംബർ 27 നും ജനുവരി 8 നും ഇടയിൽ ജോഷിമഠിലെ ഭൂമി 5.4 സെമി ഇടിഞ്ഞ് താഴ്ന്നെന്ന് റിപ്പോർട്ടിലുണ്ടായിരുന്നു. ജനുവരി രണ്ടിന് വലിയതോതിൽ മണ്ണൊലിച്ചു പോയതാണ് ഭൂമി ഇടിയാൻ കാരണമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സെൻറിനൽ 1 ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങളും ഇസ്രോയുടെ കാർട്ടോസാറ്റ് ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങളും ഉപയോഗിച്ചായിരുന്നു റിപ്പോർട്ട് തയ്യാറാക്കിയത്.

ഐഎസ്ആർഓ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഇന്ന് രാവിലെയാണ് നീക്കം ചെയ്തത്. ശാസ്ത്രീയമായ രീതിയിൽ തയ്യാറാക്കിയ റിപ്പോർട്ട് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ് റിപ്പോർട്ട് പിൻവലിക്കാൻ കാരണമെന്നാണ് ഐഎസ്ആർഓ വൃത്തങ്ങൾ നൽകുന്ന വിവരം. ഐഎസ്ആർഓ റിപ്പോർട്ട് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പടർത്തിയെന്ന് ഉത്തരാഖണ്ഡ് മന്ത്രി ധൻസിംഗ് റാവത്ത് കുറ്റപ്പെടുത്തിയിരുന്നു.

അതേ സമയം വിള്ളൽ വീണ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടികൾ തുടരുകയാണ്. ഭൗമപ്രതിദാസ ത്തിന് കാരണം എൻടിപിസി യുടെ ജലവൈദ്യുത പദ്ധതി ആണോയെന്നതില്‍ ഉത്തരാഖണ്ഡ് സർക്കാരും അന്വേഷണം നടത്തും.

click me!