
ബെംഗളൂരു: ജോലി - ജീവിത സന്തുലിതാവസ്ഥ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ചുകൊണ്ട് ബെംഗളൂരുവിൽ പ്രതിഷേധ സംഗമം നടത്തി. ഐടി ജീവനക്കാരുടെ സംഘടനയായ കെഐടിയുവിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇൻഫോസിസിൽ നിന്നും ടെക്നി കളർ ഇന്ത്യയിൽ നിന്നും ആയിരക്കണക്കിന് ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ച് വിട്ട നടപടിക്കെതിരെ നിയമപരമായി അടക്കം പ്രതിരോധം ശക്തമാക്കാൻ ഒരുങ്ങുകയാണിവർ. തൊഴിൽ സമയം ക്രമീകരിക്കുന്നതുൾപ്പടെ ലേബർ നിയമങ്ങളിൽ സമൂലമായ മാറ്റം കൊണ്ട് വരാനാണ് കെഐടിയുവിന്‍റെ ശ്രമം.
ഒരു പ്രതിരോധത്തിന് ഇറങ്ങാൻ പോലും സമയമില്ലാത്ത വണ്ണം ജോലിയിൽ ജീവനക്കാരെ തളച്ചിടുകയാണെന്ന് കെഐടിയു കർണാടക വൈസ് പ്രസിഡന്‍റ് രശ്മി ചൗധുരി പറഞ്ഞു. സ്ത്രീ ജീവനക്കാർക്ക് ഗർഭിണികളായാൽ പിരിച്ച് വിടപ്പെടുമെന്ന പേടിയുണ്ടിപ്പോഴും. ക്രഷ് അടക്കമുള്ള സൗകര്യങ്ങൾ നൽകാൻ ഭൂരിഭാഗം സ്ഥാപനങ്ങളും തയ്യാറല്ല. ഈ രംഗത്തെ നിയമ ലംഘനങ്ങളെ കർശനമായി നിയന്ത്രിക്കാൻ വേണ്ട പ്രതിരോധമാണ് കെഐടിയു നടത്താൻ പോകുന്നതെന്നും രശ്മി ചൗധുരി വ്യക്തമാക്കി.
ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ച് ഏറെ ചർച്ചകൾ നടക്കുന്ന ഇക്കാലത്ത് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെയും എൽ ആൻഡ് ടി ഇന്ത്യയുടെ ചെയർമാനും എംഡിയുമായ എസ് എൻ സുബ്രഹ്മണ്യന്‍റെയും പ്രസ്താവനകൾ വിവാദവുമാവുകയും വിമർശനങ്ങളേറ്റ് വാങ്ങുകയും ചെയ്തതിൽ അത്ഭുതമില്ല. ജോലി വേറെ ജീവിതം വേറെ എന്ന് തിരിച്ചറിയുന്ന, രണ്ടിനും അതിർ വരമ്പുകൾ കൃത്യം നിശ്ചയിക്കാൻ മടി കാണിക്കാത്ത പുതിയ തലമുറയിലെ ടെക്കികൾ പ്രതിരോധത്തിന് ഒരുങ്ങുകയാണ്.
ഇന്ത്യയുടെ സിലിക്കൻവാലിയായ ബെംഗളൂരുവിൽ അടക്കം കർണാടകയിൽ മാത്രം 12,000-ത്തോളം ഐടി ജീവനക്കാർ ഇടത് സംഘടനയായ കെഐടിയുവിൽ അംഗങ്ങളാണ്. ഐടി ജീവനക്കാർ കഴിയുന്ന നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളിൽ കുറച്ച് മാസങ്ങളായി രാത്രി വൈകിയും വീട് വീടാന്തരം കയറിയിറങ്ങി പ്രചാരണം നടത്തുകയാണ് കെഐടിയു.
കർണാടകയിലും പുറത്തും തൊഴിൽ നിയമങ്ങളിലെ നീതി നിഷേധത്തിനെതിരെ ശബ്ദമുയർത്തുകയും ഇടപെടുകയും ചെയ്യുന്ന കെഐടിയു ഉൾപ്പെടെ നിരവധി സംഘടനകളുടെ ആവശ്യകത പുതിയ തലമുറ തിരിച്ചറിയുന്നുവെന്ന് ഇവർ അവകാശപ്പെടുന്നു. അവകാശങ്ങൾക്കായി പോരാട്ടം തുടരാൻ സംഘടനാപരമായി കരുത്തോടെ മുന്നോട്ട് നീങ്ങാനാണ് ഇവരുടെ തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം