
ദില്ലി: അഞ്ചു രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിൻ്റെ അവസാന ദിവസം ഇറ്റലിയിലെത്തിയ നരേന്ദ്ര മോദിക്ക് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയെ മെലോണിയുടെ നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണം. മോദി മെലോണിക്ക് മിഠായി പാക്കറ്റ് സമ്മാനിച്ചത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ലിയോ പതിനാലാമൻ മാർപ്പാപ്പയുമായുള്ള കൂടിക്കാഴ്ച തല്ക്കാലം മോദിയുടെ അജണ്ടയിൽ ഇല്ല.
നരേന്ദ്ര മോദിയുമായുള്ള ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയോ മെലോണിയുടെ സെൽഫിയും സ്വീകരണത്തിൻറെ ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ വൻ തരംഗമാകുകയാണ്. മെലോണിക്ക് നരേന്ദ്ര മോദി നൽകിയ മെലഡി മിട്ടായി പാക്കറ്റും വൻ ചർച്ചയാവുകയാണ്. റോമൻ ചരിത്രത്തിൻറെ ഭാഗമായ കൊളോസിയത്തിൽ മെലോണി മോദിയെ സ്വീകരിച്ചു. ഇന്ത്യയ്ക്കും ഇറ്റലിക്കും ഇടയിലെ വ്യാപാര ബന്ധം ശക്തമാക്കുന്നതിനുൾപ്പെടെ ഇന്നത്തെ ചർച്ചയിൽ ധാരണയാകും. ഇന്ത്യ യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നതിൽ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണിനൊപ്പം ജോർജിയോ മെലോണിയും പ്രധാന പങ്കു വഹിച്ചിരുന്നു. റോമിലെത്തുമ്പോൾ വത്തിക്കാനിൽ ലിയോ പതിനാലാമൻ മാർപ്പാപ്പയെ മോദി കാണും എന്ന സൂചനകൾ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ കൂടിക്കാഴ്ചയെക്കുറിച്ച് ഇതുവരെ വിദേശകാര്യമന്ത്രാലയം അറിയിപ്പൊന്നും നൽകിയിട്ടില്ല.
നോർവേയിൽ നിന്നാണ് പ്രധാനമന്ത്രി ഇറ്റലിയിൽ എത്തിയത്. അഞ്ചു നോർഡിക് രാജ്യങ്ങളുമായുള്ള ഉച്ചകോടിയിൽ സാങ്കേതിക വിദ്യ കൈമാറ്റം അടക്കം വിഷയങ്ങളിൽ തന്ത്രപ്രധാന ബന്ധത്തിന് ധാരണയായി. ഭീകരവാദത്തെ യോജിച്ച് നേരിടുമെന്ന് സംയുക്ത പ്രസ്താവന പറയുന്നു. മോദി വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾ സ്വീകരിക്കാത്തത് നോർവേയിൽ വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam