​ഇ-ടാക്സി സർവീസ് നടത്തുന്ന ​ഗ്രീൻ എസ്എം ബെം​ഗളൂരുവിൽ മാത്രം ഇതുവരെ 100 ടാക്സികളുടെ രജിസ്ട്രേഷൻ നടത്തിയിട്ടുണ്ടെന്ന് ​ഗതാ​ഗത മന്ത്രി വ്യക്തമാക്കി. പതിനായിരം ടാക്സി വാഹനങ്ങൾ നിരത്തിലിറക്കാൻ കമ്പനി ആലോചിക്കുന്നുണ്ടെന്നാണ് വിവരം ലഭിച്ചത്.

ബെം​ഗളൂരു: വിയറ്റ്നാം കേന്ദ്രീകരിച്ചുള്ള ഇലക്ട്രിക് മൊബിലിറ്റി കമ്പനിയായ '​ഗ്രീൻ എസ്എം'-ന്റെ വാഹനങ്ങളുടെ രജിസ്ട്രേഷൻ കർണാടകയിൽ താത്കാലികമായി നിർത്തിവെച്ചു. ​ഗതാ​ഗതവകുപ്പ് മന്ത്രി ഭൈരതി സുരേഷാണ് ​ഗ്രീൻ എസ്എം കമ്പനിയുടെ വാഹനങ്ങൾക്ക് ഇനി രജിസ്ട്രേഷൻ നടത്തരുതെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയത്. ​ഗ്രീൻ എസ്എം ഇലക്ട്രിക് ടാക്സി സർവീസിനെതിരേ ഓട്ടോ-ടാക്സി തൊഴിലാളി യൂണിയനുകൾ പ്രതിഷേധം ശക്തമാക്കിയതോടെയാണ് സർക്കാരിന്റെ നടപടി.

​ഇ-ടാക്സി സർവീസ് നടത്തുന്ന ​ഗ്രീൻ എസ്എം ബെം​ഗളൂരുവിൽ മാത്രം ഇതുവരെ 100 ടാക്സികളുടെ രജിസ്ട്രേഷൻ നടത്തിയിട്ടുണ്ടെന്ന് ​ഗതാ​ഗത മന്ത്രി വ്യക്തമാക്കി. പതിനായിരം ടാക്സി വാഹനങ്ങൾ നിരത്തിലിറക്കാൻ കമ്പനി ആലോചിക്കുന്നുണ്ടെന്നാണ് വിവരം ലഭിച്ചത്. ഈ സാഹചര്യത്തിലാണ് സാധാരണക്കാരായ ഓട്ടോ-ടാക്സി തൊഴിലാളികളുടെ പരാതികൾ പരി​ഗണിച്ച് ഇനി രജിസ്ട്രേഷൻ നടത്തരുതെന്ന നിർദേശം നൽകിയത്. പുതിയ ഉത്തരവുണ്ടാകുന്നത് വരെ രജിസ്ട്രേഷൻ നടത്തരുതെന്നാണ് ആർടിഒമാർക്ക് നൽകിയ നിർദേശം. സാധാരണക്കാരായ ഓട്ടോ-ടാക്സി തൊഴിലാളികളുടെ ആവശ്യങ്ങൾ പരി​ഗണിക്കും. വിഷയത്തിൽ മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി ചർച്ച നടത്തും. ഇതിനുശേഷം മാത്രമായിരിക്കും ​ഗ്രീൻ എസ്എം ഇ-ടാക്സി രജിസ്ട്രേഷനിൽ ഇനി തീരുമാനമെടുക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.

വിയറ്റ്നാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ​ഗ്രീൻ എസ്എം ബെം​ഗളൂരുവിലും പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് ഓട്ടോ-ടാക്സി തൊഴിലാളികൾ പ്രതിഷേധവുമായി രം​ഗത്തെത്തിയത്. കിലോമീറ്ററിന് എട്ടുരൂപ നിരക്കിൽ ഇലക്ട്രിക് ടാക്സി കാറുകളിൽ യാത്രചെയ്യാമെന്നതാണ് ​ഗ്രീൻ എസ്എം നൽകുന്ന വാ​ഗ്ദാനം. കർണാടകയിൽ ചെറിയ ടാക്സി കാറുകൾക്ക് കിലോമീറ്ററിന് 24 രൂപയാണ് നിരക്ക്. കുറഞ്ഞ നിരക്കിൽ ​ഗ്രീൻ എസ്എം കമ്പനി വലിയതോതിൽ കാറുകൾ നിരത്തിലിറക്കി സർവീസ് നടത്തുന്നത് സാധാരണക്കാരായ ഓട്ടോ-ടാക്സി തൊഴിലാളികളെ ബാധിക്കുമെന്നാണ് തൊഴിലാളി സംഘടനകളുടെ പരാതി. വാഹന വായ്പയുടെ ഇഎംഐയും ഇൻഷുറൻസും പെർമിറ്റും സ്പെയർ പാർട്സും അടക്കം വലിയ ചെലവുകളാണ് ടാക്സി ഉടമകൾക്കും ഡ്രൈവർമാർക്കും ഉള്ളതെന്നും വൻകിട കമ്പനി കുറഞ്ഞ നിരക്കിൽ ടാക്സി സർവീസ് നടത്തിയാൽ സാധാരണ തൊഴിലാളികൾക്ക് അവരുമായി മത്സരിക്കാനാകില്ലെന്നും ഓട്ടോ-ടാക്സി തൊഴിലാളികൾ പറയുന്നു.

വിയറ്റ്നാം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ​ഗ്രീൻ എസ്എം ഡൽഹി-എൻസിആർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിലവിൽ സർവീസ് നടത്തുന്നുണ്ട്. ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാ​ഗമായാണ് ബെം​ഗളൂരുവിലും ചെന്നൈയിലും ​ഗ്രീൻ എസ്എം സർവീസ് ആരംഭിക്കാനിരിക്കുന്നത്.