സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണിക്കാൻ വിളിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി ഫോണിൽ സംസാരിക്കാൻ തയ്യാറായില്ലെന്ന വാർത്തകൾക്കിടെ പ്രതികരണവുമായി ഡി.എം.കെ അധ്യക്ഷനും മുൻ തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ രംഗത്ത്.
ചെന്നൈ: സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണിക്കാൻ വിളിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി ഫോണിൽ സംസാരിക്കാൻ തയ്യാറായില്ലെന്ന വാർത്തകൾക്കിടെ പ്രതികരണവുമായി ഡി.എം.കെ അധ്യക്ഷനും മുൻ തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ രംഗത്ത്. ചടങ്ങിലേക്ക് ഔദ്യോഗിക ക്ഷണക്കത്ത് ലഭിച്ചിരുന്നില്ലെങ്കിലും തന്റെ അസിസ്റ്റന്റിനെ ഫോണിൽ ബന്ധപ്പെട്ട് വിവരം അറിയിച്ചിരുന്നുവെന്ന് സ്റ്റാലിൻ വ്യക്തമാക്കി. ഫോണിലൂടെ ലഭിച്ച അറിയിപ്പിന്റെ അടിസ്ഥാനത്തിൽ സോണിയ ഗാന്ധിക്ക് തന്റെ ആശംസകൾ നേരുകയും അവർക്ക് കത്തെഴുതുകയും ചെയ്തിട്ടുണ്ടെന്നും സ്റ്റാലിൻ വിശദീകരിച്ചു. നവംബർ 16-ന് ഡൽഹിയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ നിന്ന് സ്റ്റാലിൻ വിട്ടുനിന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
അഭ്യൂഹങ്ങൾക്ക് പിന്നാലെ വിശദീകരണം
ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിച്ച സോണിയ ഗാന്ധിയുടെ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലൗ' (Belonging:A Journey of Love) എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലേക്ക് ക്ഷണിക്കുന്നതിനായി രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ ഓഫീസും സ്റ്റാലിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ലെന്ന് ദേശീയ മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. കോൺഗ്രസും ഡി.എം.കെയും തമ്മിലുള്ള രാഷ്ട്രീയ ഭിന്നത വ്യക്തിബന്ധങ്ങളിലേക്കും പടർന്നുവെന്ന തരത്തിലായിരുന്നു വാർത്തകൾ. ഇതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകരോട് പ്രതികരിക്കവെ സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്.
വഷളായ ഡി.എം.കെ - കോൺഗ്രസ് ബന്ധം
ഒരുകാലത്ത് ദേശീയ രാഷ്ട്രീയത്തിൽ ഏറ്റവും അടുത്ത സഖ്യകക്ഷികളായിരുന്ന ഡി.എം.കെയും കോൺഗ്രസും തമ്മിലുള്ള ബന്ധം 2026 മെയ് മാസത്തിൽ നടന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് തകർന്നത്. തിരഞ്ഞെടുപ്പിൽ സഖ്യകക്ഷികളായി മത്സരിച്ചെങ്കിലും സീറ്റ് വിഭജനത്തെയും അധികാര പങ്കാളിത്തത്തെയും ചൊല്ലി ഇരുപാർട്ടികൾക്കുമിടയിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. 28 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് അഞ്ച് സീറ്റുകളിലാണ് വിജയിച്ചത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ നടൻ വിജയ്യുടെ തമിഴക വെട്രി കഴകത്തിന് (ടി.വി.കെ) സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് പിന്തുണ നൽകുകയും മന്ത്രിസഭയിൽ പങ്കാളിയാവുകയും ചെയ്തതോടെ ഡി.എം.കെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. കോൺഗ്രസ് മുന്നണി മര്യാദകൾ ലംഘിച്ച് വഞ്ചന കാണിച്ചുവെന്നാരോപിച്ച് ഒക്ടോബറിൽ ഡി.എം.കെ 'ഇന്ത്യാ' മുന്നണിയിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. അതേസമയം, ന്യൂഡൽഹിയിൽ നടന്ന സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്തിരുന്നു.













