
മുംബൈ: വിസ്താര വിമാനത്തിൽ യുവതി ഏറെ നേരം യാത്രക്കാർക്കും ക്രൂ അംഗങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കിയതായി പരാതി. ക്രൂം അംഗം പൊലീസിന് നൽകിയ പരാതിയിലാണ് ഇറ്റാലിയൻ വനിത മണിക്കൂറുകളോളം വിമാനത്തിൽ പ്രശ്നമുണ്ടാക്കിയതായി വിവരിച്ചത്. അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള വിസ്താര എയർലൈൻ വിമാനത്തിലാണ് സംഭവം. വിമാനം പുറപ്പെട്ട് കുറച്ച് സമയം കഴിഞ്ഞപ്പോൾ ഇവർ ഇരിക്കുന്നത് ബിസിനസ് ക്ലാസിലാണെന്ന് കണ്ടെത്തി. എക്കോണമി ക്ലാസ് ടിക്കറ്റെടുത്ത് ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാനാകില്ലെന്ന് ക്രൂ അംഗങ്ങൾ പറഞ്ഞതോടെയാണ് പ്രശ്നങ്ങളുണ്ടായത്.
പ്രകോപിതയായ സ്ത്രീ തർക്കത്തിലേർപ്പെട്ടു. സീറ്റ് മാറണമെന്ന് ക്യാബിൻ ക്രൂ നിർബന്ധ പിടിച്ചതോടെ അംഗത്തെ ഇടിച്ചു. തടയാനെത്തിയ മറ്റൊരു ക്രൂ അംഗത്തെ ശരീരത്തിൽ തുപ്പുകയും ചെയ്തു. പിന്നീട് ഏറെ നേരം യുവതി പ്രശ്നമുണ്ടാക്കി. യുവതിയെ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തർക്കം മൂത്തതോടെ യുവതി വസ്ത്രമഴിച്ച് അർധനഗ്നയായി വിമാനത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. വസ്ത്രം ധരിക്കാനും സീറ്റിൽ ഇരിക്കാനും ക്രൂം അംഗങ്ങൾ നിർബന്ധിച്ചെങ്കിലും വഴങ്ങിയില്ല. ഒടുവിൽ ക്യാപ്റ്റൻ ഇടപെട്ടു. യാതൊരു രക്ഷയുമില്ലേൽ കെട്ടിയിടാൻ ക്യാപ്റ്റൻ നിർദേശിച്ചു. തുടർന്ന് ക്രൂ അംഗങ്ങൾ ബലമായി പിടികൂടി പിൻസീറ്റിൽ കെട്ടിയിട്ടാണ് മുംബൈ വരെ എത്തിച്ചത്. വിമാനം ഇറങ്ങിയ ഉടൻ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
45 കാരിയായ ഇറ്റാലിയൻ വനിത പൗലാ പെറൂച്ചിയോ വിസ്താര വിമാനത്തിൽ പ്രശ്നമുണ്ടാക്കിയത്. യാത്രക്കാരിയെ തിങ്കളാഴ്ച പുലർച്ചെ പൊലീസ് അറസ്റ്റ് ചെയ്തു. എയർലൈൻ ജീവനക്കാരുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പെറൂച്ചിയോ മദ്യലഹരിയിലായിരുന്നവെന്നും അധികൃതർ പറഞ്ഞു. അന്ധേരി കോടതിയിൽ ഹാജരാക്കിയ ശേഷം പെറൂച്ചിയോയുടെ പാസ്‌പോർട്ട് പൊലീസ് ടിച്ചെടുത്തു, കേസിൽ കുറ്റപത്രവും സമർപ്പിച്ചു. തുടർന്ന് യുവതിയെ ജാമ്യത്തിൽ വിട്ടു. പെരുച്ചിയോയുടെ മെഡിക്കൽ പരിശോധനയുടെ പ്രാഥമിക റിപ്പോർട്ട് യാത്രയ്ക്കിടെ ഇവർ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് സഹാർ പൊലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, വിമാനത്തിലെ മോശം സർവീസിനെത്തുറിച്ച് പരാതി പറഞ്ഞപ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടായതെന്നാണ് ഇവരുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. യുവതിയെ വാഷ്‌റൂമിലേക്ക് പോകാൻ അനുവദിച്ചില്ലെന്നും പൊലീസ് അവളുടെ പാസ്‌പോർട്ട് പിടിച്ചെടുത്തത് അനധികൃതമാണെന്നും ഇവർ കോടതിയിൽ പറഞ്ഞു. 25,000 രൂപ കെട്ടിവച്ചതിനെ തുടർന്നാണ് ജാമ്യം ലഭിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam