
ഇട്ടാവ : ഉത്തർപ്രദേശിലെ ഇട്ടാവ(Itawah) ജില്ലയിലെ ജില്ലാ മജിസ്‌ട്രേറ്റിനും(District Magistrate), എഡിഎമ്മിനും എതിരായി ഗുരുതരമായ അഴിമതി(Corruption) ആരോപണങ്ങളുമായി, അടുത്തിടെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യപ്പെട്ട കലക്ടറേറ്റ് ഉദ്യോഗസ്ഥൻ ശ്യാം രാജ് ഗുപ്ത രംഗത്ത്. ജില്ലാ ഭരണകൂടത്തിന്റെ തലപ്പത്തിരിക്കുന്ന ഇരുവരും വലിയ അഴിമതിക്കാരാണ് എന്നതാണ് ഗുപ്തയുടെ ആക്ഷേപം.
ഒരു തുറന്ന കത്തിലൂടെയാണ് ഗുപ്ത തന്റെ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്. " അന്തിമ സന്ദേശം : റിപ്പബ്ലിക് ദിനമായ ജനുവരി 26 -ന് ജില്ലാ പരിഷദ് കാര്യാലയത്തിന് മുന്നിൽ ഞാൻ ആത്മാഹുതി ചെയ്യാൻ പോവുകയാണ്. ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ശ്രുതി സിങ്ങും, എഡിഎം പ്രകാശ് സിങ്ങും, തികച്ചും അന്ധമായ രീതിയിലാണ് പ്രവർത്തിക്കുന്നത്." എന്നാണ് കത്ത് തുടങ്ങുന്നത്.
കലക്ടറേറ്റിലെ 61 ജീവനക്കാരെ സ്ഥലം മാറ്റിയതിനു പിന്നിൽ വ്യാപകമായ അഴിമതി നടന്നിട്ടുണ്ട് എന്നാണ് ഗുപ്തയുടെ ആരോപണം. ഈ വിഷയത്തിൽ പരാതി ഉന്നയിച്ചപ്പോൾ, ഡിഎമ്മും എഡിഎമ്മും തനിക്ക് കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ ഈ സ്ഥലംമാറ്റങ്ങൾ റദ്ദാക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, അങ്ങനെ ചെയ്യുന്നതിന് പകരം പരാതിക്കാരനായ തന്നെ സസ്‌പെൻഡ് ചെയ്യുന്ന നയമാണ് പിന്നീട് അവർ സ്വീകരിച്ചുകണ്ടത്.
"2022 ജനുവരി 26 എന്നത് എനിക്കും ഈ രാജ്യത്തിനും വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്." എന്ന് പറഞ്ഞുകൊണ്ടാണ് ഗുപ്ത തന്റെ കത്ത് ചുരുക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രതിച്ഛായക്ക് ഭംഗം വരുത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് തന്റെ മേലധികാരികൾ രണ്ടുപേരും നടത്തിക്കൊണ്ടിരിക്കുന്നത് എന്നും ഇയാൾ ആക്ഷേപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam