
ഡൽഹി: ഡൽഹിയിൽ യുഎസ് എംബസിക്ക് മുന്നിൽ യൂത്ത് കോൺഗ്രസിന്റെ മിന്നൽ സമരം. വിവാദ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ്റെ ഫയലുകളുപയോഗിച്ച് അമേരിക്ക ഇന്ത്യയെ ഭീഷണിപ്പെടുത്തുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. ഇന്ത്യ - യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ടാണ് ആക്ഷേപം ഉയർത്തിയത്. കരാറിൽ യുഎസിന് അനുകൂലമായ വ്യവസ്ഥകൾ അംഗീകരിക്കാൻ അമേരിക്ക ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് യുഎസ് എംബസിക്ക് മുന്നിൽ മിന്നൽ സമരവുമായി യൂത്ത് കോൺഗ്രസ് രംഗത്ത് വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും തെറ്റിന് ഇന്ത്യയെ ബ്ലാക്മെയിൽ ചെയ്യാനാകില്ലെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.
കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയും ജെഫ്രി എപ്‌സ്റ്റീനുമൊത്തുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷത്തെ പല പ്രമുഖരും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് യൂത്ത് കോൺഗ്രസ് സമരവുമായി രംഗത്ത് വന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിലാണുള്ളത്. ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമ ഘട്ടത്തിലാണെന്നും ക്ഷീരോൽപ്പന്നങ്ങൾ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിൽ അന്തിമ ചർച്ചകൾ നടക്കുകയാണെന്നും ഇതാണ് വ്യാപാര കരാറിൽ ഇനി ധാരണയിലെത്താനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ത്യ - യുഎസുമായി വ്യാപാര കരാർ ഒപ്പിട്ടാൽ അതിശക്തമായ സമരവുമായി രംഗത്ത് വരുമെന്ന് അഖിലേന്ത്യ കിസാൻ സഭയും വ്യക്തമാക്കിയിട്ടുണ്ട്. കരാർ ജനദ്രോഹപരമെന്നും രാജ്യവിരുദ്ധമെന്നും ആരോപിച്ച എഐകെഎസ്, അമേരിക്കയിൽ വൻതോതിൽ സബ്‌സിഡി കിട്ടുന്ന കാർഷിക വ്യവസായികളുമായി നേരിട്ട് മത്സരിക്കാൻ ഇന്ത്യയിലെ സാധാരണക്കാരായ കർഷകർക്ക് സാധിക്കുകയില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam