ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു; കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു

Published : May 02, 2026, 03:44 PM IST
jabalpur boat accident

Synopsis

ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. ജബൽപൂരിലെ വിനോദസഞ്ചാര കേന്ദ്രമായ ബർഗി ഡാമിൻ്റെ റിസർവോയറിലാണ് അപകടം നടന്നത്. 

ജബൽപുർ: മധ്യപ്രദേശിലെ ജബൽപുരിൽ ഒൻപതുപേരുടെ മരണത്തിനിടയാക്കിയ ക്രൂയിസ് ബോട്ടപകടത്തിൽ കടുത്ത നടപടിയുമായി അധികൃതർ. അപകടത്തിൽപ്പെട്ട ക്രൂയിസ് ബോട്ടിന്റെ പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. ജബൽപൂരിലെ വിനോദസഞ്ചാര കേന്ദ്രമായ ബർഗി ഡാമിൻ്റെ റിസർവോയറിലാണ് അപകടം നടന്നത്. കാണാതായ നാലു പേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അതേസമയം അപകടത്തിൽ പ്രതികരണവുമായി ബോട്ടിൻ്റെ ക്യാപ്റ്റനായിരുന്ന മഹേഷ് പട്ടേൽ. സാധാരണ കാലാവസ്ഥയിലാണ് യാത്ര തുടങ്ങിയതെന്നും പെട്ടെന്ന് സാഹചര്യം മാറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ കാറ്റിൽ ബോട്ട് മറിയുകയായിരുന്നുവെന്നും പെട്ടെന്ന് തന്നെ വെള്ളം കയറി മുങ്ങിയെന്നും മഹേഷ് പട്ടേൽ അവസാന നിമിഷങ്ങൾ ഓർത്തെടുത്തു. സംഭവത്തിൽ അതിയായ ദുഖം രേഖപ്പെടുത്തിയ മഹേഷ്, മൂന്നു ദിവസമായി ഉണ്ണാനോ ഉറങ്ങാനോ കഴിയുന്നില്ലെന്നും മരണപ്പെട്ട കുട്ടികളുടെ മുഖം മാത്രമാണ് കാണുന്നതെന്നും പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടാണ് പ്രതികരണം.

ബോട്ടിൻ്റെ താഴത്തെ നിലയിൽ നൃത്തം ചെയ്യുകയായിരുന്ന യാത്രക്കാർ ലൈഫ് ജാക്കറ്റ് ധരിക്കാൻ വിസമ്മതിച്ചുവെന്നും കാലാവസ്ഥ മോശമായതിനാൽ ലൈഫ് ജാക്കറ്റ് ധരിക്കണമെന്ന് താൻതന്നെ പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ക്രൂയിസ് ബോട്ടിൻ്റെ മുകളിലത്തെ ക്യാബിനിലായിരുന്നു മഹേഷ് പട്ടേൽ ഉണ്ടായിരുന്നത്. ബോട്ടിലെ നാലോളം കുട്ടികളെ മഹേഷ് പട്ടേലിന് രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ക്രൂയിസ് ബോട്ടുകളെ അനുഗമിക്കുന്ന റെസ്ക്യൂ ബോട്ടുകൾ ജീവനക്കാർ കുറവായതിനാൽ സംഭവസമയം ഉണ്ടായിരുന്നില്ലെന്നും അതുണ്ടായാൽ പോലും അത്രയും വലിയ തിരകൾക്കിടെ പിടിച്ചുനിൽക്കാനാവില്ലെന്നും മഹേഷ് പട്ടേൽ കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ 30-ാം തീയതിയാണ് നർമദ നദിയിൽ നാടിനെ നടുക്കിയ അപകടം ഉണ്ടായത്. മധ്യപ്രദശ് ടൂറിസം വകുപ്പ് പ്രവർത്തനം നടത്തിയിരുന്ന ക്രൂയിസ് ബോട്ടാണ് അപകടത്തിൽപെട്ടത്. 40 ഓളം പേർ ബോട്ടിലുണ്ടായിരുന്നു എന്നാണ് രക്ഷപ്പെട്ട യാത്രക്കാർ പറയുന്നത്. സംഭവത്തിൽ ഇതുവരെ ഒൻപതു മൃതദേഹങ്ങൾ കണ്ടെടുത്തതായും 28 പേരെ രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. കാണാതായവർക്കുള്ള തെരച്ചിൽ ശനിയാഴ്ച രാവിലെ പുനരാരംഭിച്ചിട്ടുണ്ട്. എൻഡിആർഎഫ്, എസ്ഡിആർഎഫ്, കരസേന ഉദ്യോഗസ്ഥർ തെരച്ചിലിൻ്റെ ഭാഗമാകുന്നുണ്ട്. സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി രക്ഷപ്പെട്ടവർ രംഗത്തെത്തിയതിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിടുകയും മൂന്ന് ജീവനക്കാരെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. സമാന ബോട്ടുകളുടെ പ്രവർത്തനവും നിർത്തിവെപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മൂന്നു ദിവസമായി ഉണ്ണാനോ ഉറങ്ങാനോ കഴിയുന്നില്ല, എല്ലാം പെട്ടെന്നായിരുന്നു'; അവസാന നിമിഷങ്ങൾ ഓർത്ത് ക്രൂയിസ് ബോട്ടിൻ്റെ ക്യാപ്റ്റൻ
തമിഴ്നാട് രാഷ്ട്രീയ സാഹചര്യം വിജയ്ക്ക് അനുകൂലം, വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് കോൺഗ്രസ് എംപി