
ജബൽപുർ: മധ്യപ്രദേശിലെ ജബൽപുരിൽ ഒൻപതുപേരുടെ മരണത്തിനിടയാക്കിയ ക്രൂയിസ് ബോട്ടപകടത്തിൽ പ്രതികരണവുമായി ബോട്ടിൻ്റെ ക്യാപ്റ്റനായിരുന്ന മഹേഷ് പട്ടേൽ. സാധാരണ കാലാവസ്ഥയിലാണ് യാത്ര തുടങ്ങിയതെന്നും പെട്ടെന്ന് സാഹചര്യം മാറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ കാറ്റിൽ ബോട്ട് മറിയുകയായിരുന്നുവെന്നും പെട്ടെന്ന് തന്നെ വെള്ളം കയറി മുങ്ങിയെന്നും മഹേഷ് പട്ടേൽ അവസാന നിമിഷങ്ങൾ ഓർത്തെടുത്തു. സംഭവത്തിൽ അതിയായ ദുഖം രേഖപ്പെടുത്തിയ മഹേഷ്, മൂന്നു ദിവസമായി ഉണ്ണാനോ ഉറങ്ങാനോ കഴിയുന്നില്ലെന്നും മരണപ്പെട്ട കുട്ടികളുടെ മുഖം മാത്രമാണ് കാണുന്നതെന്നും പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടാണ് പ്രതികരണം.
വൈകുന്നേരം 5:16 ഓടെയാണ് ക്രൂയിസ് യാത്ര തുടങ്ങിയതെന്നും അപ്പോൾ കാലാവസ്ഥ അനുകൂലമായിരുന്നുവെന്നും മഹേഷ് പട്ടേൽ പറഞ്ഞു. യാത്ര 22 മിനിറ്റ് പിന്നിട്ടപ്പോൾ കാലാവസ്ഥയിൽ മാറ്റം തോന്നിയതിനെ തുടർന്ന് മടങ്ങിപ്പോകാൻ തീരുമാനിച്ചു. മടക്കയാത്രയ്ക്കിടെ ശക്തമായ കാറ്റ് വീശി. ഇതേ തുടർന്ന് മുഴുവൻ യാത്രക്കാർക്കും ലൈഫ് ജാക്കറ്റുകൾ വിതരണം ചെയ്യാൻ ക്രൂയിസിലെ ജീവനക്കാർക്ക് താൻ നിർദേശം നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
മിനിറ്റുകൾക്കകം സാഹചര്യം മാറി. ശക്തമായ കാറ്റും തിരകളും കാരണം യാത്ര അതീവ ദുഷ്കരമായി. 10 മിനിറ്റിനകം തീരത്ത് എത്താനിരിക്കെ, ബോട്ട് മറിഞ്ഞു. തങ്ങൾ പരമാവധി ശ്രമിച്ചുവെങ്കിലും തീരത്തിൻ്റെ ഏതെങ്കിലും കോണിലേക്ക് അടുക്കാൻ ബോട്ട് തയ്യാറായില്ല. തിരകൾ ആഞ്ഞടിക്കുകയും അഞ്ചോ ഏഴോ മിനിറ്റുകൾക്കകം ബോട്ട് മുങ്ങുകയായുമായിരുന്നുവെന്നും മഹേഷ് പട്ടേൽ ഓർത്തെടുത്തു.
ബോട്ടിൻ്റെ താഴത്തെ നിലയിൽ നൃത്തം ചെയ്യുകയായിരുന്ന യാത്രക്കാർ ലൈഫ് ജാക്കറ്റ് ധരിക്കാൻ വിസമ്മതിച്ചുവെന്നും കാലാവസ്ഥ മോശമായതിനാൽ ലൈഫ് ജാക്കറ്റ് ധരിക്കണമെന്ന് താൻതന്നെ പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ക്രൂയിസ് ബോട്ടിൻ്റെ മുകളിലത്തെ ക്യാബിനിലായിരുന്നു മഹേഷ് പട്ടേൽ ഉണ്ടായിരുന്നത്. ബോട്ടിലെ നാലോളം കുട്ടികളെ മഹേഷ് പട്ടേലിന് രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ക്രൂയിസ് ബോട്ടുകളെ അനുഗമിക്കുന്ന റെസ്ക്യൂ ബോട്ടുകൾ ജീവനക്കാർ കുറവായതിനാൽ സംഭവസമയം ഉണ്ടായിരുന്നില്ലെന്നും അതുണ്ടായാൽ പോലും അത്രയും വലിയ തിരകൾക്കിടെ പിടിച്ചുനിൽക്കാനാവില്ലെന്നും മഹേഷ് പട്ടേൽ കൂട്ടിച്ചേർത്തു
ഇക്കഴിഞ്ഞ 30-ാം തീയതിയാണ് നർമദ നദിയിൽ നാടിനെ നടുക്കിയ അപകടം ഉണ്ടായത്. മധ്യപ്രദശ് ടൂറിസം വകുപ്പ് പ്രവർത്തനം നടത്തിയിരുന്ന ക്രൂയിസ് ബോട്ടാണ് അപകടത്തിൽപെട്ടത്. 40 ഓളം പേർ ബോട്ടിലുണ്ടായിരുന്നു എന്നാണ് രക്ഷപ്പെട്ട യാത്രക്കാർ പറയുന്നത്. സംഭവത്തിൽ ഇതുവരെ ഒൻപതു മൃതദേഹങ്ങൾ കണ്ടെടുത്തതായും 28 പേരെ രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. കാണാതായവർക്കുള്ള തെരച്ചിൽ ശനിയാഴ്ച രാവിലെ പുനരാരംഭിച്ചിട്ടുണ്ട്. എൻഡിആർഎഫ്, എസ്ഡിആർഎഫ്, കരസേന ഉദ്യോഗസ്ഥർ തെരച്ചിലിൻ്റെ ഭാഗമാകുന്നുണ്ട്. സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി രക്ഷപ്പെട്ടവർ രംഗത്തെത്തിയതിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിടുകയും മൂന്ന് ജീവനക്കാരെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. സമാന ബോട്ടുകളുടെ പ്രവർത്തനവും നിർത്തിവെപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam