വിദ്യാർത്ഥിനിയുടെ ലൈംഗികാതിക്രമ പരാതി; കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോക്കെതിരെ കേസ്

By Web TeamFirst Published Sep 24, 2019, 6:28 PM IST
Highlights
  • ജാദവ്‌പൂർ സർവ്വകലാശാലയിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് കേസ്
  • കേന്ദ്രമന്ത്രി ലൈംഗികാതിക്രമം നടത്തിയതായി സർവ്വകലാശാലയിലെ വിദ്യാർത്ഥിനിയുടെ പരാതി
  • സംഭവത്തിൽ കേന്ദ്രമന്ത്രിക്കെതിരെ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണിത്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജാദവ്‌പൂർ സർവ്വകലാശാലയിലുണ്ടായ അക്രമ സംഭവങ്ങൾക്ക് പിന്നാലെ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോക്കെതിരെ പൊലീസ് കേസെടുത്തു. കോളേജ് വിദ്യാർത്ഥിനി നൽകിയ പരാതിയിലാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

ജാദവ്‌പൂർ സർവ്വകലാശാല സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുന്ന ആറാമത്തെ കേസാണിത്. കേന്ദ്രമന്ത്രിയെ പ്രതിചേർത്ത ആറാമത്തെ കേസുമാണിത്. 

സർവ്വകലാശാലയിലെ ആർട്സ് വിഭാഗത്തിലുള്ള ഒരു വിദ്യാർത്ഥിനിയാണ് കേന്ദ്രമന്ത്രിക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. തന്നെ കേന്ദ്രമന്ത്രി അന്യായമായി തടഞ്ഞുവച്ചുവെന്നും ആക്രമിച്ചുവെന്നും കൈയ്യേറ്റം ചെയ്തുവെന്നും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് വിദ്യാർത്ഥിനിയുടെ പരാതിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജാദവ്‌പൂർ സർവ്വകലാശാലയിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയത്. എബിവിപി സംഘടിപ്പിച്ച പരിപാടിയിലേക്ക് അതിഥിയായി കേന്ദ്രമന്ത്രി എത്തിയപ്പോൾ ഇടത് വിദ്യാർത്ഥി സംഘടനകൾ ഇദ്ദേഹത്തെ തടഞ്ഞു. ഇതോടെ സംഘർഷം  ഉടലെടുത്തു. ഇത് മണിക്കൂറുകളോളം നീണ്ടു. ഇതേ തുടർന്ന് കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ മണിക്കൂറുകളോളം ക്യാംപസിൽ തുടരേണ്ടി വന്നു. 

വിദ്യാർത്ഥികൾ തടഞ്ഞുവച്ച കേന്ദ്രമന്ത്രിയെ ഒടുവിൽ ഗവർണർ ജഗ്‌ദീപ് ധൻകർ എത്തിയാണ് രക്ഷപ്പെടുത്തിയത്. സംഘർഷത്തിന് പിന്നാലെ എബിവിപി പ്രവർത്തകർ വിദ്യാർത്ഥി യൂണിയൻ ഓഫീസ് അടക്കം തകർത്തത് പശ്ചിമബംഗാളിൽ വലിയ വിവാദത്തിനാണ് വഴിവച്ചത്.

click me!