ജയറാം താക്കൂർ രാജിവെച്ചു, തോൽവി ബിജെപി പരിശോധിക്കും; എംഎൽഎമാരെ ഛണ്ഡീഗഡിലേക്ക് മാറ്റുമെന്ന് കോൺഗ്രസ്

By Web TeamFirst Published Dec 8, 2022, 5:04 PM IST
Highlights

തെരഞ്ഞെടുപ്പിൽ പാർട്ടിയെ അധികാരത്തിലേറ്റിയതിന് സംസ്ഥാനത്തെ ജനങ്ങളോട് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധി നന്ദി പറഞ്ഞു

ഷിംല: തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാനാകാതെ വന്നതോടെ ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി ജയറാം താക്കൂർ രാജിവെച്ചു. രാജിക്കത്ത് ഗവർണർക്ക് കൈമാറി. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പരാജയം ബിജെപി പരിശോധിക്കുമെന്ന് താക്കൂർ അറിയിച്ചു. ദേശീയ നേതാക്കൾ വിളിപ്പിച്ചാൽ ദില്ലിയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. 

എംഎൽഎമാരെ ചണ്ഡീഗഡിലേക്ക് മാറ്റുമെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വം സ്ഥിരീകരിച്ചു. എല്ലാ എംഎൽഎമാരെയും ഒരുമിച്ച് എളുപ്പം കാണാൻ സാധിക്കുമെന്നത് കൊണ്ടാണ് ചണ്ഡീഗഡിലേക്ക് പോകുന്നതെന്ന് പിസിസി അധ്യക്ഷ പ്രതിഭാ സിംഗ് വ്യക്തമാക്കി. സംസ്ഥാനത്തെ കോൺഗ്രസ് ഭരണം ബിജെപി അട്ടിമറിക്കുമെന്ന് പേടിക്കുന്നില്ലെന്നും പ്രതിഭ പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പിൽ പാർട്ടിയെ അധികാരത്തിലേറ്റിയതിന് സംസ്ഥാനത്തെ ജനങ്ങളോട് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധി നന്ദി പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരുടെ കഠിനാധ്വാനത്തിനും ആത്മാർത്ഥ പ്രവർത്തനത്തിനും അഭിനന്ദനങ്ങൾ. ജനത്തിന് നൽകിയ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കുമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

സംസ്ഥാനത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതുവരെ 35 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചിട്ടുണ്ട്. അഞ്ചിടത്തിൽ കോൺഗ്രസ് മുന്നേറുന്നതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്. 18 സീറ്റിൽ ഇതിനോടകം വിജയിച്ച ബിജെപി ഏഴിടത്ത് മുന്നിലാണ്. സ്വതന്ത്രർ മൂന്ന് സീറ്റിലാണ് വിജയിച്ചത്. സ്വതന്ത്രരുടെ പിന്തുണയില്ലാതെ തന്നെ കോൺഗ്രസിന് കേവല ഭൂരിപക്ഷമുണ്ട്. അതേസമയം സിപിഎം സംസ്ഥാനത്തെ തങ്ങളുടെ സിറ്റിങ് സീറ്റായ തിയോഗിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

click me!