
ദില്ലി: ബിജെപിയിൽ നിന്നും ഭരണം പിടിച്ചെടുത്ത ഹിമാചൽ പ്രദേശിൽ ജനങ്ങൾക്ക് നന്ദിയറിയിച്ച് കോൺഗ്രസ്. പാര്‍ട്ടിയുടെ വിജയത്തിനായി പരിശ്രമിച്ച ഓരോ പ്രവർത്തകരെയും നേതാക്കളെയും ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ അഭിനന്ദിച്ചു. പ്രവര്‍ത്തകരുടേയും നേതാക്കളുടേയും കൂട്ടായ പ്രവർത്തനമാണ് ഈ വിജയത്തിന് കാരണം. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയും വിജയത്തിന് സഹായകരമായി. സോണിയ ഗാന്ധിയുടെ അനുഗ്രഹവും, പ്രിയങ്കാ ഗാന്ധിയുടെ പ്രയത്നവും വിജയത്തിന് ഘടകങ്ങളായെന്നും ഖർഗെ കൂട്ടിച്ചേർത്തു.
നിലവിൽ 39 സീറ്റുകൾ നേടിയ കോൺഗ്രസ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണ നീക്കം ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ബിജെപി അട്ടിമറി ഭയന്ന് എംഎൽഎമാരെ ഛത്തീസ്ഗണ്ഡിലേക്ക് മാറ്റും. ഇക്കാര്യം കോൺഗ്രസ് സ്ഥിരീകരിച്ചു. എല്ലാ എംഎൽഎമാരെയും ഒരുമിച്ച് എളുപ്പം കാണാൻ സാധിക്കുമെന്നതിനാലാണ് ചണ്ഡീഗഡിലേക്ക് പോകുന്നതെന്നാണ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗ് വിശദീകരിച്ചത്. അട്ടിമറിയെ ഭയമില്ലെന്നും ബിജെപി പ്രവര്‍ത്തകരും കോൺഗ്രസിന് ഇത്തവണ വോട്ട് ചെയ്തെന്നുമാണ് തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ച പ്രതിഭാ സിംഗ് മിന്നും വിജയം നേടിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചത്.
സംസ്ഥാനത്ത് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും മുന്നിൽ നിന്നും നയിച്ചത് പ്രതിഭാ സിംഗായിരുന്നു. ഭാരത് ജോഡോ യാത്രയുമായി വിവിധ സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തുന്ന രാഹുൽ ഗാന്ധിക്ക് ഹിമാചലിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്താൻ കഴിഞ്ഞിരുന്നില്ല.
ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കേന്ദ്രത്തിന്റെ അഗ്‌നിവീർ പദ്ധതിയോടുള്ള വിധിയെഴുത്താണെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മയും പ്രതികരിച്ചു. തൊഴിലില്ലായ്മയും വിലക്കയറ്റവും ജനങ്ങളെ സ്വാധീനിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam