പ്രതിഫലം 7 ലക്ഷം, എസ്‌യുവി വാടകയ്ക്ക് എടുത്തു; പിതാവിൻ്റെ സർക്കാർ ജോലി സ്വന്തമാക്കാൻ അമ്മയെ ക്വട്ടേഷൻ കൊടുത്ത് കൊലപ്പെടുത്തി മകൾ

Published : Jul 09, 2026, 01:53 PM IST
Ayushi Sharma

Synopsis

ജയ്‌പൂരിൽ, പിതാവിന്റെ സർക്കാർ ജോലിയും സ്വത്തും സ്വന്തമാക്കാനായി 23-കാരിയായ മകൾ അമ്മയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി. വാഹനാപകടമെന്ന് വരുത്തിത്തീർത്ത കൊലപാതകത്തിന്റെ ചുരുളഴിച്ചത് സിസിടിവി ദൃശ്യങ്ങളാണ്. സംഭവത്തിൽ മകൾ ഉൾപ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ജയ്‌പൂർ: കുടുംബസ്വത്തും അന്തരിച്ച പിതാവിന്റെ സർക്കാർ ജോലിയും സ്വന്തമാക്കാനായി 23-കാരിയായ മകൾ ക്വട്ടേഷൻ സംഘത്തെ വാടകയ്‌ക്കെടുത്ത് സ്വന്തം അമ്മയെ കൊലപ്പെടുത്തി. രാജസ്ഥാനിലെ ജയ്‌പൂരിലാണ് സിനിമാക്കഥകളെ വെല്ലുന്ന ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ജയ്‌പൂർ ലോവർ കോടതിയിൽ ക്ലർക്കായിരുന്ന നീരജ് ശർമ്മ (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൾ ആയുഷി ശർമ്മ, ഇവരുടെ വലിയച്ഛൻ മോഹൻ സ്വരൂപ് ഉൾപ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന സൂത്രധാരന്മാരിൽ ഒരാളായ ആയുഷിയുടെ ബന്ധുവായ ബൽറാം ഒളിവിലാണ്.

കഴിഞ്ഞ ജൂലൈ 3-ന് വൈകുന്നേരം ജയ്‌പൂരിലെ പ്രതാപ് നഗർ പ്രദേശത്തുവെച്ചാണ് നീരജ് ശർമ്മ കൊല്ലപ്പെടുന്നത്. മകനെ കോച്ചിങ് സെന്ററിൽ വിട്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നീരജിനെ അമിതവേഗതയിലെത്തിയ സ്‌കോർപിയോ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഏകദേശം 130 കി.മീ വേഗതയിലെത്തിയ കാർ ഇടിച്ചതിനെ തുടർന്ന് നീരജിന്റെ ശരീരം 100 അടിയോളം ദൂരേക്ക് തെറിച്ചുവീഴുകയും അവർ സംഭവസ്ഥലത്തുതന്നെ മരിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ ഇതൊരു സാധാരണ വാഹനാപകടമായാണ് കണക്കാക്കിയത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

പോലീസ് റിപ്പോർട്ട് പ്രകാരം, ഒരു വർഷം മുമ്പാണ് ആയുഷിയുടെ പിതാവ് മരിച്ചത്. ആശ്രിത നിയമന പ്രകാരം പിതാവിന്റെ സർക്കാർ ജോലി തനിക്ക് വേണമെന്ന് ആയുഷി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭിന്നശേഷിക്കാരനായ മകന്റെ സംരക്ഷണത്തിനായി നീരജ് ശർമ്മ ആ ജോലിയിൽ പ്രവേശിച്ചു. ഇതിന് പുറമെ അമ്മയും മകളും തമ്മിൽ സ്വത്തുതർക്കവും നിലനിന്നിരുന്നു. ജോലി തനിക്ക് നൽകാത്തതിലുള്ള കടുത്ത വൈരാഗ്യവും സ്വത്ത് സ്വന്തമാക്കാനുമാണ് അമ്മയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. അമ്മയെ ഇല്ലാതാക്കാൻ ആയുഷി തന്റെ വലിയച്ഛനായ മോഹൻ സ്വരൂപുമായും ബന്ധുവായ ബൽറാമുമായും ചേർന്ന് ഗൂഢാലോചന നടത്തി. തുടർന്ന് ഭരത്പൂർ സ്വദേശിയായ ഹേമന്ത് ശർമ്മ എന്നയാൾക്ക് 7 ലക്ഷം രൂപ നൽകി അമ്മയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകുകയായിരുന്നു.

പ്രതികൾ ആദ്യം ഒരു 'ഥാർ' എസ്‌യുവി വാടകയ്‌ക്കെടുത്ത് ദിവസങ്ങളോളം നീരജിനെ നിരീക്ഷിച്ചെങ്കിലും കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടു. പിന്നീട് ഒരു മാസത്തോളം ഇവർ നീരജിന്റെ ഓരോ ചലനങ്ങളും നിരീക്ഷിച്ചു. ഒടുവിൽ ജൂലൈ 3-ന് നീരജ് പുറത്തുപോയ സമയം നോക്കി പ്രതികൾ പ്ലാൻ നടപ്പിലാക്കുകയായിരുന്നു. കൊലപാതകം നടന്ന ദിവസം പ്രതികളിലൊരാളായ മോഹിത് ശർമ്മ നീരജിന്റെ തത്സമയ ലൊക്കേഷൻ ക്വട്ടേഷൻ സംഘത്തിന് കൈമാറിക്കൊണ്ടിരുന്നു. മറ്റൊരു പ്രതിയായ രോഹിത് ജാതവ് ബൈക്കിൽ സമീപത്ത് കാവൽ നിന്നു. നീരജ് റോഡിലൂടെ നടന്നു വരുമ്പോൾ ആകാശ് ശർമ്മ ഓടിച്ചിരുന്ന സ്‌കോർപിയോ കാർ അതിവേഗത്തിൽ വന്ന് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അരവിന്ദ് ശർമ്മ എന്നയാളും ഈ കാറിലുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം കാർ ഉപേക്ഷിച്ച് പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. കൊലപാതകത്തിന് ശേഷം ഒന്നുമറിയാത്ത ഭാവത്തിൽ ആയുഷി തന്റെ അമ്മയ്ക്ക് അപകടം പറ്റിയെന്ന് ബന്ധുക്കളെ വിളിച്ച് കരഞ്ഞുപറയുകയും ചെയ്തിരുന്നു. എന്നാൽ കൊല്ലപ്പെട്ട നീരജിന്റെ സഹോദരൻ നൽകിയ പരാതിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മകൾ കുറ്റം സമ്മതിച്ചു. ഒളിവിലുള്ള പ്രതിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മഹാദേവ് ബെറ്റിങ് ആപ്പ്, 6000 കോടിയുടെ അഴിമതി; മുഖ്യപ്രതി സൗരഭ് ചന്ദ്രാകർ ഒമാനിൽ പിടിയിൽ, എത്തിയത് വ്യാജ ഇന്തോനേഷ്യൻ പാസ്‌പോർട്ട് ഉപയോഗിച്ച്
പശ്ചിമ ബംഗാളിൽ നിർമ്മാണത്തിലിരുന്ന ക്രിസ്ത്യൻ പള്ളി ആക്രമിച്ച് തകർത്തു: കേസെടുത്ത് പൊലീസ്, മൂന്ന് പേർ കസ്റ്റഡിയിൽ