പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ നിർമ്മാണത്തിലിരുന്ന ക്രൈസ്തവ ദേവാലയം നൂറോളം വരുന്ന സംഘം അടിച്ചുതകർത്തു. മതപരിവർത്തനം ആരോപിച്ചായിരുന്നു ആക്രമണമെന്നും അക്രമികൾ ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകരാണെന്നും വിശ്വാസികൾ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിർമ്മാണത്തിലിരുന്ന ക്രൈസ്തവ ദേവാലയത്തിന് നേരെ ആൾക്കൂട്ട ആക്രമണം. കൊൽക്കത്തയിൽ നിന്നും 30 കിലോമീറ്റർ അകലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ സോനാർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സുഭാഷ്ഗ്രാമിലാണ് സംഭവം. പള്ളി അടിച്ചുതകർക്കുകയും വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ സോനാർപൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ നൂറോളം വരുന്ന സംഘം നിർമ്മാണത്തിലിരുന്ന പള്ളിയിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. പെയിന്റിംഗ് ജോലികൾ നടക്കുകയായിരുന്ന പള്ളിയുടെ തടിവാതിൽ അക്രമികൾ ചവിട്ടിപ്പൊളിച്ചു. തൊഴിലാളികൾ ഉപയോഗിച്ചിരുന്ന ഏണി ഉപയോഗിച്ച് പള്ളിക്ക് മുകളിൽ കയറി മേൽക്കൂരയിലുണ്ടായിരുന്ന മൂന്ന് കുരിശുകൾ തകർത്തു. പുതുതായി നിർമ്മിച്ച രണ്ട് തൂണുകൾ നിലംപരിശാക്കി.

പള്ളി ആക്രമിച്ചവർ 'ഹിന്ദു ജാഗരൺ മഞ്ച്' പ്രവർത്തകരാണെന്ന് അവകാശപ്പെട്ടതായും മുദ്രാവാക്യങ്ങൾ വിളിച്ചതായും വിശ്വാസികൾ ആരോപിച്ചു. പ്രദേശത്ത് മതപരിവർത്തനം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. എന്നാൽ തങ്ങൾ 2017 മുതൽ ഇവിടെ താമസിക്കുന്നവരാണെന്നും പാവപ്പെട്ട കുടുംബങ്ങളായ തങ്ങൾക്ക് മതപരിവർത്തനം നടത്താൻ എവിടെ നിന്നാണ് പണമെന്നും വിശ്വാസികൾ ചോദിക്കുന്നു. പ്രസ്ബിറ്റീരിയൻ ചർച്ച് ഓഫ് ഇന്ത്യയുടെ കീഴിലുള്ളതാണ് പള്ളി. പ്രദേശത്ത് താമസിക്കുന്ന അമ്പതോളം ക്രൈസ്തവ കുടുംബങ്ങൾക്ക് പ്രാർത്ഥിക്കാൻ അടുത്തങ്ങും പള്ളികളില്ലാത്തതിനാലാണ് സ്ഥലം വാങ്ങി കഴിഞ്ഞ മാർച്ചിൽ പള്ളിയുടെ നിർമ്മാണം തുടങ്ങിയത്.

അതേസമയം, പ്രദേശത്ത് മതപരിവർത്തനം നടക്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് തങ്ങൾ അവിടെ ചെന്നതെന്ന് ഹിന്ദു ജാഗരൺ മഞ്ച് നേതാക്കൾ പറഞ്ഞതായി ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അനധികൃതമായി പള്ളി നിർമ്മിക്കുന്നതിനെതിരെ പോലീസിനും മുൻസിപ്പാലിറ്റിക്കും പരാതി നൽകിയിരുന്നതായും അവർ അവകാശപ്പെട്ടു. പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ക്രിമിനൽ അതിക്രമം, പൊതുമുതൽ നശിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രദേശത്ത് സ്ഥിതിഗതികൾ ശാന്തമാണെന്ന് പോലീസ് അറിയിച്ചു. പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ജൂലൈ 14-ന് പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്നും ഗവർണർക്ക് നിവേദനം നൽകുമെന്നും ബംഗാൾ ക്രിസ്ത്യൻ കൗൺസിൽ സ്ഥാപകൻ ഹെരോദ് മുള്ളിക് വ്യക്തമാക്കി.