
ദില്ലി: ഇന്ത്യയിൽ വലിയ വിവാദമുണ്ടാക്കിയ 6,000 കോടി രൂപയുടെ 'മഹാദേവ് ഓൺലൈൻ ബെറ്റിങ്' അഴിമതിക്കേസിലെ സ്ഥാപകനും മുഖ്യപ്രതിയുമായ സൗരഭ് ചന്ദ്രാകർ ഒമാനിൽ പിടിയിലായി. വ്യാജ ഇന്തോനേഷ്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് ഒമാനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തത്. ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട് ഛത്തീസ്‌ഗഡ് നിവാസിയായ ചന്ദ്രകറിനെ ഏതാനും ആഴ്‌ചകൾക്ക് മുൻപാണ് റോയൽ ഒമാൻ പൊലീസ് കസ്‌റ്റഡിയിലെടുത്തത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ഛത്തീസ്ഗഡ് പൊലീസിന്റെയും ആവശ്യപ്രകാരം ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാളെ ഇന്ത്യക്ക് വിട്ടുകിട്ടുന്നതിനായി സിബിഐ ഒമാൻ അധികൃതർക്ക് ഔദ്യോഗിക അപേക്ഷ സമർപ്പിച്ചു.
മുപ്പതുകാരനായ സൗരഭ് ചന്ദ്രാകർ നിലവിൽ മസ്‌കറ്റിലെ അൽ ഖൂദ് തടങ്കൽ കേന്ദ്രത്തിലാണ് ഉള്ളത്. ഇന്റർപോൾ നോട്ടീസിന് പുറമെ, വ്യാജ രേഖകൾ ചമച്ചതിനും അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനും ഒമാൻ പൊലീസ് ഇയാൾക്കെതിരെ പ്രത്യേക ക്രിമിനൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറബി ഭാഷയിലേക്ക് വിവർത്തനം ചെയ്ത ഔദ്യോഗിക രേഖകൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വഴി ഒമാൻ സർക്കാരിന് കൈമാറിയിട്ടുണ്ട്. ഒമാൻ കോടതി ഇതിന് അനുമതി നൽകുന്നതോടെ സിബിഐ, ഇഡി ഉദ്യോഗസ്ഥരടങ്ങുന്ന സംയുക്ത സംഘം ഇയാളെ നാട്ടിലെത്തിക്കാൻ മസ്‌കറ്റിലേക്ക് തിരിക്കും. 2024-ൽ ദുബായിൽ വെച്ചും സൗരഭ് ചന്ദ്രാകറെ യുഎഇ അധികൃതർ തടങ്കലിലാക്കിയിരുന്നു. എന്നാൽ അന്ന് ഇന്ത്യയുടെ കൈമാറൽ അപേക്ഷ സാങ്കേതിക കാരണങ്ങളാൽ യുഎഇ അംഗീകരിക്കാതിരുന്നതിനെ തുടർന്ന് ഇയാൾ മോചിതനായി.
രാഷ്ട്രീയ പീഡനത്തിന്റെ ഭാഗമായാണ് തനിക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് കാണിച്ച് റെഡ് നോട്ടീസ് പിൻവലിക്കാൻ ഇയാൾ ഇന്റർപോളിനെ സമീപിച്ചിരുന്നെങ്കിലും, ഇത് സാമ്പത്തിക കുറ്റകൃത്യമാണെന്ന് വ്യക്തമാക്കി ഇന്റർപോൾ അപേക്ഷ തള്ളുകയായിരുന്നു. ഛത്തീസ്ഗഡിലെ ഭിലായിൽ ഒരു ചെറിയ ജ്യൂസ് കട നടത്തിയിരുന്ന സൗരഭ് ചന്ദ്രാകറും കൂട്ടാളി രവി ഉപ്പലും ചേർന്നാണ് മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പ് തുടങ്ങിയത്. മഹാദേവ് വാതുവെപ്പ് ആപ്പ് കേസിൽ ഛത്തീസ്‌ഗഡിലെ വിവിധ ഉന്നത രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. ഈ കേസിൽ കുറ്റകൃത്യത്തിലൂടെ ലഭിച്ചതായി ആരോപിക്കപ്പെടുന്ന തുക 6,000 കോടിയാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ടൈഗർ എക്സ്ചേഞ്ച്, ലേസർ247 തുടങ്ങിയ ഉപആപ്പുകൾ വഴി ഇന്ത്യയിലുടനീളം വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാക്കി ഇവർ പ്രതിദിനം കോടിക്കണക്കിന് രൂപയാണ് തട്ടിയത്. 2023 ഫെബ്രുവരിയിൽ ദുബായിൽ വെച്ച് നടന്ന സൗരഭ് ചന്ദ്രാകറിന്റെ വിവാഹത്തിന് 200 കോടിയോളം രൂപയാണ് ക്യാഷായി ചെലവഴിച്ചത്. ഇന്ത്യയിൽ നിന്ന് നിരവധി ബോളിവുഡ് താരങ്ങളെ ചാർട്ടേഡ് വിമാനങ്ങളിലാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിച്ചത്. ഈ കേസിൽ ഇഡി ഇതുവരെ 1,700 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ട്. ഇതിൽ ദുബായിലെ ബുർജ് ഖലീഫയിലുള്ള ആഡംബര ഫ്ലാറ്റുകളും ഉൾപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam