'രാഹുലിന്‍റെ യാത്രയെ ബിജെപി ഭയക്കുന്നു', വിശദീകരിച്ച് കോൺഗ്രസ്; സമാപനത്തിൽ കേരളത്തിലെ 3 പാർട്ടികൾക്ക് ക്ഷണം

By Web TeamFirst Published Jan 13, 2023, 11:07 PM IST
Highlights

. മുൻ ആർ ബി ഐ ഗവർണ്ണർ രഘുറാം രാജനെയടക്കം ബി ജെ പി അപമാനിച്ചുവെന്ന് ജയ്റാം രമേശ് ചൂണ്ടികാട്ടി. രാഹുലിന്‍റെ യാത്രയെ ബി ജെ പി ഭയക്കുന്നുവെന്നതിന്‍റെ തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു

ദില്ലി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ ബി ജെ പി ഭയക്കുന്നുവെന്ന് കോൺഗ്രസ്. ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം നടക്കുന്നവരെ ബി ജെ പി അപമാനിക്കുന്നുവെന്ന് ചൂണ്ടികാട്ടിയാണ് ബി ജെ പി ഭയം വ്യക്തമാണെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം തലവനായ ജയ്റാം രമേശ് അഭിപ്രായപ്പെട്ടത്. മുൻ ആർ ബി ഐ ഗവർണ്ണർ രഘുറാം രാജനെയടക്കം ബി ജെ പി അപമാനിച്ചുവെന്ന് ജയ്റാം രമേശ് ചൂണ്ടികാട്ടി. രാഹുലിന്‍റെ യാത്രയെ ബി ജെ പി ഭയക്കുന്നുവെന്നതിന്‍റെ തെളിവാണ് ഇതെന്നും ജയ്റാം രമേശ് പറഞ്ഞു. ബി ജെ പി അടക്കമുള്ള പാർട്ടികൾ ബഹിഷ്കരണാഹ്വാനം നടത്തിയിട്ടും പഞ്ചാബിലടക്കം രാഹുലിന്‍റെ യാത്ര വൻ വിജയമാണെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് കോൺഗ്രസ് ക്ഷണിച്ചിരിക്കുന്നത് 23 പാർട്ടികളെയാണെന്നും ജയ്റാം രമേശ് പറഞ്ഞു. കേരളത്തിൽ നിന്ന് മൂന്ന് പാർട്ടികൾക്കാണ് ക്ഷണമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോൺഗ്രസ് എം, മുസ്ലീം ലീഗ്, ആർ എസ് പി എന്നിവർക്കാണ് കേരളത്തിൽ ക്ഷണം നൽകിയിട്ടുള്ളത്. സി പി എം, സി പി ഐ എന്നവരടക്കമുള്ള പാർട്ടികൾക്ക് ദേശീയ പാർട്ടികളെന്ന നിലയിൽ ക്ഷണം നൽകിയിട്ടുണ്ട്. എന്നാൽ ഈ പാർട്ടികളിൽ ആരൊക്കെ ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ പങ്കെടുക്കുമെന്നറിയിച്ചിട്ടില്ലെന്നും ജയ്റാം രമേശ് വിശദീകരിച്ചു.

തരൂരിന്‍റെ പുതു തന്ത്രം! സിപിഎം യാത്ര,വെള്ളക്കരം, മദ്യം നൽകി കൊല, പൊലീസിന് ബോംബേറ്, സച്ചിൻ മാജിക്ക്: 10 വാർത്ത

ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ് പ്രതിപക്ഷ ഐക്യ വേദിയാക്കാനുള്ള വലിയ ശ്രമത്തിലാണ് കോൺഗ്രസ്. പ്രതിപക്ഷ പാർട്ടികൾക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയാണ് ക്ഷണം നൽകിയിരിക്കുന്നത്. സി പി എം, സി പി ഐ, ഡി എം കെ, ശിവസേന, എൻ സി പി, സമാജ് വാദി പാർട്ടി എന്നിവ അടക്കമുള്ള പ്രതിപക്ഷ പാർട്ടികളെയെല്ലാം ഭാരത് ജോഡോ യാത്രയുടെ സമാപന വേദിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഈ മാസം 30 ന് ശ്രീനഗറിലാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തുന്ന യാത്രയുടെ സമാപനം നടക്കുക.

2022 സെപ്തംബർ മാസം 7 ാം തിയതി ആരംഭിച്ച ഭാരത് ജോഡോ യാത്ര അഞ്ച് മാസം പിന്നിട്ട് വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് കശ്മീരിൽ ഈ മാസം 30 ന് അവസാനിക്കുക. 117 സ്ഥിരം അംഗങ്ങളാണ് പദയാത്രയിൽ രാഹുൽ ഗാന്ധിക്ക് ഒപ്പമുള്ളത്. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോയത്.  3,570 കിലോമീറ്റര്‍ പിന്നിട്ടാകും  ജനുവരി 30 ന് കശ്മീരിൽ സമാപിക്കുക. ഇപ്പോൾ ജാഥ പഞ്ചാബിലൂടെയാണ് പര്യടനം നടത്തുന്നത്.

അതേസമയം ഭാരത് ജോഡോ യാത്രക്ക് പിന്നാലെ കോണ്‍ഗ്രസിന്‍റെ ഹാഫ് സേ ഹാഥ് യാത്രക്ക് 26 ന് തുടക്കമാകും. ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധി നല്‍കുന്ന സന്ദേശവും, മോദി സര്‍ക്കാരിനെതിരായ കുറ്റപത്രവും എല്ലാ വീടുകളിലും എത്തിക്കാനാണ് കോൺഗ്രസിന്‍റെ ശ്രമം. മാര്‍ച്ച് 26 വരെയാകും ഹാഫ് സേ ഹാഥ് യാത്ര.
 

click me!