Asianet News MalayalamAsianet News Malayalam

തരൂരിന്‍റെ പുതു തന്ത്രം! സിപിഎം യാത്ര,വെള്ളക്കരം, മദ്യം നൽകി കൊല, പൊലീസിന് ബോംബേറ്, സച്ചിൻ മാജിക്ക്: 10 വാർത്ത

മദ്യം വഴിയിൽ കിടന്ന് കിട്ടിയതായിരുന്നില്ല. കൊലപാതകം നടത്താനായി സുധീഷ് കരുതിക്കൂട്ടി വിഷം കലർത്തി കൊണ്ടവന്നതായിരുന്നു. മദ്യം കുടിച്ച് മരിച്ച കുഞ്ഞുമോന്റെ ബന്ധുവാണ് പ്രതിയായ സുധീഷ്

Today 13-01-2023 Top Malayalam News Headlines and Latest Malayalam News 
Author
First Published Jan 13, 2023, 7:06 PM IST

1 മദ്യം വഴിയിൽ കിടന്നതല്ല, സുധീഷ് മെനഞ്ഞ തന്ത്രം; ഉന്നമിട്ടത് മനോജിനെ, മരിച്ചത് കുഞ്ഞുമോൻ! സംശയം നിർണായകമായി

അടിമാലിയിൽ വഴിയിൽ കിടന്നെന്ന് കരുതിയ മദ്യം കുടിച്ച് ഒരാൾ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞതാണ് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവം. ഞെട്ടിക്കുന്ന ട്വിസ്റ്റാണ് അന്വേഷണ സംഘം കണ്ടെത്തിയത്. വഴിയില്‍ കിടന്ന മദ്യം കുടിച്ച് ഒരാൾ മരിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരമെങ്കിലും ബോട്ടിലിൽ സംശയം തോന്നിയതാണ് കേസിൽ നിർണായകമായത്. ഒടുവിൽ കുറ്റവാളി തന്നെ എല്ലാം സമ്മതിച്ചു. മദ്യം വഴിയിൽ കിടന്ന് കിട്ടിയതായിരുന്നില്ല. കൊലപാതകം നടത്താനായി സുധീഷ് കരുതിക്കൂട്ടി വിഷം കലർത്തി കൊണ്ടവന്നതായിരുന്നു. മദ്യം കുടിച്ച് മരിച്ച കുഞ്ഞുമോന്റെ ബന്ധുവാണ് പ്രതിയായ സുധീഷ്. കുഞ്ഞുമോനെ കൊലപ്പെടുത്താനായിരുന്നില്ല സുധീഷ് ലക്ഷ്യമിട്ടിരുന്നത്. കൂടെ കുടിക്കാനുണ്ടായിരുന്ന മനോജിനെ കൊല്ലാനാണ് സുധീഷ് ഉന്നം ഇട്ടത്. ലഹരി മരുന്നു വിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലെ തർക്കം കാരണമാണ് മനോജിനെ കൊല്ലാൻ സുധീഷ് തീരുമാനിച്ചതും മദ്യത്തിൽ വിഷം കലർത്തിയതും.

2 തലസ്ഥാനത്ത് പൊലീസിന് നേരെ ബോംബേറ്; ആക്രമണം കിഡ്നാപ്പിംഗ് കേസിലെ പ്രതികളെ പിടിക്കാനെത്തിയപ്പോൾ

തിരുവനന്തപുരം കണിയാപുരത്ത് പൊലീസിന് നേരെ ബോംബേറ് ഉണ്ടായതാണ് ഇന്നത്തെ മറ്റൊരു പ്രധാനവാർത്ത. പണത്തിന് വേണ്ടി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസിന് നേരെയാണ് ബോംബേറുണ്ടായത്. തലനാഴിയ്ക്കിടക്കാണ് പൊലീസുകാർക്ക് രക്ഷപ്പെട്ടത്. അണ്ടൂർക്കാണം പായ്ചിറയിലുള്ള സഹോദരങ്ങളായ ഷമീർ, ഷഫീഖ് എന്നിവരുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ, പൊലീസിന് നേരെ മഴുവും എറിഞ്ഞു. പ്രതികളിൽ ഒരാളായ ഷമീറിനെയും ഇയാളുടെ അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതി സഹോദരനായ ഷഫീക്ക് ഓടി രക്ഷപ്പെട്ടു. പ്രതികളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതിന് ശേഷം പൊലീസ് സ്റ്റേഷനിൽ വെച്ചും നാടകീയ സംഭവങ്ങളുമുണ്ടായി. പൊലീസ് കസ്റ്റഡിയിൽ പ്രതി ഷമീർ ആത്മഹത്യക്ക് ശ്രമിച്ചു. പിടിയിലായ ഷെമീർ സെല്ലിനുള്ളിൽ വച്ച് ബ്ലെയ്ഡുകൊണ്ട് കഴുത്തിൽ പരിക്കേൽപ്പിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാൻ എൽഡിഎഫ് അനുമതി: വര്‍ധിക്കുക ലിറ്ററിന് ഒരു പൈസ നിരക്കിൽ

സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാനുള്ള ശുപാര്‍ശ ഇടതുമുന്നണി യോഗം അംഗീകരിച്ചതാണ് ഇന്നത്തെ മറ്റൊരു പ്രധാനവാർത്ത. ലിറ്ററിന് ഒരു പൈസ നിരക്കിലായിരിക്കും നിരക്ക് വര്‍ധിക്കുക. വെള്ളക്കരം കൂട്ടണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ജലവിഭവവകുപ്പ് സര്‍ക്കാരിനെ സമീപിച്ചിരുന്നു. ജനരോഷം ഉയരാൻ സാധ്യതയുള്ള വിഷയമായതിനാൽ തീരുമാനം ഇടതുമുന്നണിയിൽ ചര്‍ച്ച ചെയ്തെടുക്കാൻ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇന്നു ചേര്‍ന്ന ഇടതുമുന്നണിയോഗം ജലവിഭവവകുപ്പിന്‍റെ ശുപാര്‍ശ പരിശോധിക്കുകയും നിരക്ക് വര്‍ധനയ്ക്ക് അനുമതി നൽകുകയുമായിരുന്നുവെന്ന് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ അറിയിച്ചു.

കേന്ദ്രത്തിന്‍റെയും ആർഎസ്എസിന്‍റെയും വര്‍ഗീയ നിലപാടുകൾക്കെതിരെ സിപിഎം ജനമുന്നേറ്റ യാത്ര

കേന്ദ്ര സർക്കാരിന്‍റെയും ആര്‍എസ്എസിന്‍റെയും വര്‍ഗീയ നിലപാടുകള്‍ക്കെതിരെ സി പി എം ജനമുന്നേറ്റ ജാഥ പ്രഖ്യാപിച്ചതാണ് മറ്റൊരു വാർത്ത. ഫെബ്രുവരി 20 മുതൽ മാർച്ച് 18 വരെയാണ് എം വി ഗോവിന്ദൻ നയിക്കുന്ന ജനമുന്നേറ്റ ജാഥ നടക്കുക. കാസർകോട്ട് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്നതാണ് ജാഥ. കേന്ദ്ര സർക്കാറിന്റേയും ആർഎസിഎസിന്റേയും വർഗീയ നിലപാടുകൾക്കെതിരെ ജനമുന്നേറ്റം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സിഎസ് സുജാത, പി കെ ബിജു, എം സ്വരാജ്, കെ ടി ജലീൽ എന്നിവരായിരിക്കും ജാഥ അംഗങ്ങൾ.

5 കടന്നാക്രമിച്ച് നേതാക്കൾ; തൽക്കാലം ഒന്ന് പിന്നോട്ടയഞ്ഞ് തരൂർ

സംസ്ഥാന കോൺഗ്രസ് നേതൃത്വം മുന്നറിയിപ്പ് നൽകിയതോടെ കേരളത്തിലേക്കുള്ള ചുവടുമാറ്റമെന്ന നിലപാടിൽ നിന്നും ശശി തരൂർ പിന്നോട്ട് പോയി എന്നതാണ് മറ്റൊരു വാർത്ത. നിയമസഭാ തെരഞ്ഞെടുപ്പ് 2026 ലാണെന്നും ഏത് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നതിൽ പാർട്ടിയാണ് തീരുമാനമെടുക്കുന്നതെന്നും തരൂർ വിശദീകരിച്ചു. മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച തരൂരിനെ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ വിമർശിച്ചതോടെയാണ് ഈ നിലപാട് മാറ്റം. പറയാനുള്ളത് പാർട്ടിക്കുള്ളിലാണ് പറയേണ്ടതെന്ന് കെ സി വേണുഗോപാൽ ഓർമ്മിപ്പിച്ചപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്ച്ച് വെച്ച കോട്ട് മാറ്റിവെച്ചേക്കണമെന്നായിരുന്നു രമേശ് ചെന്നിത്തല തുറന്നടിച്ചത്. 

പച്ചമുട്ട ഉപയോഗിച്ച് ഉണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു; തീയതിയും സമയവുമുള്ള സ്റ്റിക്കര്‍ പാഴ്സലിൽ നിര്‍ബന്ധം

സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉത്പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ചതാണ് ഇന്നത്തെ മറ്റൊരു പ്രധാന വാർത്ത. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിട്ടതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എഫ് എസ് എസ് എ ആക്ട് പ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയത്. സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കില്‍ പച്ചമുട്ട ഉപയോഗിച്ചു കൊണ്ടുണ്ടാക്കിയ മയോണൈസ് ഏറെ അപകടമാണെന്ന് കണ്ടെത്തിയിരുന്നു. ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തില്‍ പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഒഴിവാക്കുന്നതിന് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അടിയന്തരമായി പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

7 'യാത്രക്കാരി സ്വയം മൂത്രമൊഴിച്ചതാണ്'; സഹയാത്രികയ്ക്ക് മേൽ മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി കോടതിയിൽ

എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ വിചിത്ര വാദവുമായി പ്രതി കോടതിയിൽ. യാത്രക്കാരി സ്വയം സീറ്റില്‍ മൂത്രമൊഴിച്ചതാണെന്നാണ് പ്രതി ശങ്കർ മിശ്രയുടെ വാദം. പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെ ദില്ലി പട്യാല കോടതിയില്‍ പ്രതി ശങ്കര്‍ മിശ്ര വിചിത്ര വാദം ഉന്നയിച്ചത്. സംഭവം വാര്‍ത്ത ആയതിന് പിന്നാലെ മദ്യപിച്ചെന്ന് കോടതിയില്‍ സമ്മതിച്ചു, മാപ്പിരന്ന് പരാതിക്കാരിക്ക് പല കുറി സന്ദേശങ്ങളയച്ചു, പതിനയ്യായിരം രൂപ നല്‍കി കേസ് ഒതുക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഇന്ന് പട്യാല കോടതിയില്‍ പ്രതി യു ടേണെടുക്കുന്നതാണ് കണ്ടത്. യാത്രക്കാരി സ്വയം മൂത്രമൊഴിച്ചതാണ്. നര്‍ത്തികയായ അവര്‍ക്ക് മൂത്രാശയ സംബന്ധമായ അസുഖങ്ങളുണ്ട്. 80 ശതമാനം നര്‍ത്തകര്‍ക്കും സമാനമായ ആരോഗ്യപ്രശ്നമുണ്ട്. ഇങ്ങനെ പോകുന്നു പ്രതി ശങ്കര്‍ മിശ്രയുടെ വിചിത്ര വാദങ്ങള്‍. ബിസിനസ് ക്ലാസിലേത് അടച്ച സീറ്റുകളിലായതിനാല്‍ യാത്രക്കാരിയുടെ അടുത്തേക്ക് പോയി മൂത്രമൊഴിച്ചുവെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും പ്രതി വാദിച്ചു.

8 'രാജീവ് ഗാന്ധി വധത്തിന് പിന്നിലെ നിഗൂഢത നീക്കണം'; സത്യം പുറത്ത് വരണമെന്ന് പേരറിവാളൻ

രാജീവ് ഗാന്ധി വധത്തിന് പിന്നിലെ നിഗൂഢത പുറത്ത് വരണമെന്ന് കേസില്‍ ജയില്‍ മോചിതനായ പേരറിവാളൻ ആവശ്യപ്പെട്ടതാണ് മറ്റൊരു വാർത്ത. അമ്മ അര്‍പുതാമ്മാളിനൊപ്പം കോഴിക്കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ പങ്കെടുക്കവെയാണ് പേരറിവാളൻ ഇക്കാര്യം ആവശ്യപ്പെട്ടത്. കേസിലെ സത്യാവസ്ഥ പുറത്ത് വരണമെന്നും പേരറിവാളനും അമ്മയും പറഞ്ഞു. അമ്മയുടെ പോരാട്ടത്തിന്‍റെ ഫലമാണ് താന്‍ ഇന്നിവിടെ ഇരിക്കുന്നതെന്ന മുഖവുരയോടെയാണ് പേരറിവാളന്‍ സംസാരം തുടങ്ങിയത്. മുപ്പത്തൊന്ന് കൊല്ലത്തെ ജയില്‍ വാസവും മോചനത്തിനായി അമ്മ അര്‍പുതമ്മാളിന്‍റെ പോരാട്ടവും. നീതിക്കായി പോരാടുന്നവര്‍ക്ക് പ്രചോദനമാണ് അമ്മയുടെ ജീവിതമെന്നും പേരറിവാളന്‍ പറഞ്ഞു. രാജീവ് ഗാന്ധി വധക്കേസ് ഇന്നും പൂര്‍ത്തിയാവാതെ അവശേഷിക്കുകയാണ്. സത്യം പുറത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാറിനടിയിൽ പെട്ട് യുവതി കൊല്ലപ്പെട്ട സംഭവം: ദില്ലി പൊലീസിൽ 11 പേർക്ക് സസ്പെൻഷൻ

പുതുവത്സര ദിനത്തിൽ ദില്ലിയിൽ കാറിനടിയിൽ കുടുങ്ങി യുവതി മരിച്ച സംഭവത്തിൽ 11 പൊലീസുകാർക്ക് സസ്പെൻഷൻ നൽകി എന്നതാണ് മറ്റൊരു വാർത്ത. രണ്ട് കൺട്രോൾ റൂമുകളിലുള്ള പൊലീസുകാരെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. യുവതി കാറിനടയിൽ കുടുങ്ങിയ വിവരം അവഗണിച്ചുവെന്ന് കണ്ടെത്തിയതിലാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിഷയത്തിൽ ഇടപെട്ട് കേന്ദ്ര സർക്കാർ ഏജൻസിയോട് സംഭവത്തിന്റെ റിപ്പോർട്ട് തേടിയിരുന്നു. കൊല്ലപ്പെട്ട അഞ്ജലിയുടേത് നിർഭയ മോഡൽ കൊലയെന്ന് ആരോപണം ഉയർന്നിരുന്നു. കേന്ദ്ര സർക്കാർ നിയോഗിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പെൺകുട്ടി കാറിനടിയിൽ കുടുങ്ങിയ വിവരം പലരും വിളിച്ചറിയിച്ചിട്ടും പൊലീസ് അവഗണിച്ചുവെന്നാണ് സമിതിയുടെ കണ്ടെത്തൽ. ഇവർക്ക് വാഹനം കണ്ടെത്താൻ കഴിയാതിരുന്നതും നടപടിക്ക് കാരണമായി.

10 സച്ചിൻ മാജിക്ക്, ജലജ് സക്‌സേനയ്ക്ക് എട്ട് വിക്കറ്റ്; സര്‍വീസസിനെ എട്ട് നിലയില്‍ പൊട്ടിച്ച് കേരളം

രണ്ട് ഇന്നിംഗ്സിലും നിറഞ്ഞ് കളിച്ച സച്ചിൻ ബേബിയുടെ മാജിക്ക് ബാറ്റിംഗിലും ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയുടെ മികവിലും രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സ‍ർവീസസിനെതിരെ കേരളത്തിന്  204 റണ്‍സിന്‍റെ വിജയം. രണ്ടാം ഇന്നിംഗ്സിൽ സക്‌സേന എട്ട് വിക്കറ്റ് നേടിയപ്പോൾ ആദ്യ ഇന്നിംഗ്‌സിൽ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്സിൽ  93 റൺസുമാണ് സച്ചിന്‍ ബേബി അടിച്ചുകൂട്ടിയത്. സക്‌സേന 15.4 ഓവറില്‍ 36 റണ്‍സിനാണ് എട്ട് വിക്കറ്റ് വീഴ്‌ത്തിയത്. രണ്ട് ഇന്നിംഗ്‌‌സിലുമായി സക്സേന 11 വിക്കറ്റ് നേടി. അവസാന ദിനം ജയിക്കാന്‍ വേണ്ടിയിരുന്ന 321 റണ്‍സിലേക്ക് ബാറ്റിംഗ് പുനരാരംഭിച്ച സര്‍വീസസ് 136 റണ്‍സില്‍ പുറത്താവുകയായിരുന്നു. സ്‌കോര്‍ കേരളം- 327, 242/7 ഡിക്ലയര്‍. സര്‍വീസസ്- 229, 136.

Follow Us:
Download App:
  • android
  • ios