
ദില്ലി; ഐ എൻ എക്‌സ് മീഡിയ കേസിൽ സിബിഐക്കെതിരെ വിമര്‍ശനവുമായി കോൺഗ്രസ്. ഐഎൻഎക്‌സ് മീഡിയക്ക് വിദേശ നിക്ഷേപം അനുവദിച്ച ഫയലിൽ ഒപ്പുവെച്ച 11 ഉദ്യോഗസ്ഥരെ സിബിഐ കേസിൽ പ്രതിയാക്കിയില്ലെന്ന് കോണ്‍ഗ്രസ് ചൂണ്ടികാട്ടി. ഇവരെ വേണ്ട വിധം ചോദ്യം ചെയ്തില്ലെന്നും ഫയലില്‍ ഒപ്പുവെച്ചവരിൽ ധനമന്ത്രി പി ചിദംബരം മാത്രം കേസിൽ പ്രതിയായതിൽ ദുരൂഹതയെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു.
വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിൽ തീരുമാനങ്ങൾ എടുക്കാനുള്ള ഉത്തരവാദിത്വം 6 സെക്രട്ടറിമാർക്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേസിൽ ചില വസ്തുതകൾ അന്വേഷിക്കാൻ സിബിഐ തയ്യാറായില്ല. ഐഎൻഎക്സ് മീഡിയയ്ക്ക് വിദേശനിക്ഷേപത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരെ പ്രതിചേർക്കാത്തതിൽ ദുരൂഹതയുണ്ടെന്നും ജയറാം രമേശ് ആരോപിച്ചു.
2007ൽ വിദേശ നിക്ഷേപം അനുവദിക്കാൻ തീരുമാനമെടുത്ത ഫയലിൽ പതിനൊന്നു ഉദ്യോഗസ്ഥർ ഒപ്പുവച്ച ശേഷമാണ് ചിദംബരം അനുമതി നല്‍കിയത്. പ്രതികാര രാഷ്ട്രീയം മാത്രമാണ് ചിദംബരത്തിനെതിരെ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കേസിൽ ഈ മാസം അഞ്ചു മുതൽ തിഹാർ ജയിലിൽ കഴിയുന്ന ചിദംബരത്തിന്‍റെ കസ്റ്റഡി അടുത്ത മാസം മൂന്ന് വരെ നീട്ടിയിരുന്നു. തിഹാർ ജയിലിൽ കഴിയുന്ന ചിദംബരത്തിന്‍റെ മുറിയിലെ കസേരയും, തലയണയും അധികൃതർ മാറ്റിയെന്ന് അഭിഭാഷകർ പറഞ്ഞു. ഇത് ശാരീരിക പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നും ചിദംബരത്തിന്‍റെ അഭിഭാഷകർ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam