
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തിന് നേരെ ആക്രമണം നടത്താന്‍ 30 ചാവേറുകളെ തയ്യാറാക്കിയതായി ജയ്ഷെ മുഹമ്മദ് അവകാശവാദം. ഇന്ത്യയിലേയും പ്രത്യേകിച്ച് സൈനിക വ്യൂഹങ്ങള്‍ക്കും സേനയുടെ താവളങ്ങള്‍ക്കും ചെക്ക് പോസ്റ്റുകള്‍ അടക്കമുള്ള ഇടങ്ങളില്‍ ആക്രമണം നടത്താന്‍ വേണ്ടിയുള്ള ചാവേറുകളെ തയ്യാറാക്കിയതായി ദേശീയമാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ റിപ്പോര്‍ട്ട്.
രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ദരിച്ചാണ് റിപ്പോര്‍ട്ട്. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്‍റെ ഇളയ സഹോദരൻ മുഫ്തി അബ്ദുൽ റൗഫിന്‍റെ നേതൃത്വത്തിലാണ് ഈ തയ്യാറെടുപ്പുകളെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. പുൽവാമ ഭീകരാക്രമണത്തിന് പകരം ഇന്ത്യ പാകിസ്ഥാനിലേക്ക് കടന്ന് കയറി പ്രത്യാക്രമണം നടത്തിയ ബാലാകോട്ടിലെ ജയ്‍ഷെ മുഹമ്മദ് ക്യാമ്പ് റൗഫിന്‍റെ നേതൃത്വത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഭാവല്‍പൂര്‍, സിയാല്‍കോട്ട് പ്രദേശങ്ങളില്‍ നിന്നും സംഘത്തിലേക്ക് നിരവധി ആളുകളെ ചേര്‍ത്തതായാണ് റിപ്പോര്‍ട്ട്. തീവ്രവാദവിരുദ്ധ ഏജന്‍സികളുടെ റിപ്പോര്‍ട്ട് അനുസരിച്ച് മദ്രസകളില്‍ കൂടിയാണ് സംഘത്തിലേക്ക് ആളുകളെ ചേര്‍ക്കുന്നത്. ഭവല്‍പൂരിലേയും ജാംറൂദിലേയും കേന്ദ്രങ്ങളില്‍ കശ്മീരില്‍ ജിഹാദിനൊരുങ്ങാന്‍ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മസൂദ് അസര്‍ സഹോദരന്മാരായ റൗഫ് അസ്ഗറിനും തല്‍ഹ സെയ്ഫിനും ജയ്ഷെ മുഹമ്മദ് സംഘടനയുടെ ചുമതല കൈമാറിയതായും റിപ്പോര്‍ട്ട് പറയുന്നു.
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള എല്ലാ ഉടമ്പടികളും അസാധുവായെന്നും താഴ്വര 1947ലെ സ്ഥിതിയിലേക്ക് മടങ്ങിയെന്നുമാണ് ഭവല്‍പൂരിലെ ജയ്ഷെ മുഹമ്മദ് നേതാവായ ക്വാരി ഫൈസല്‍ പ്രതികരിച്ചത്. ഒക്ടോബറില്‍ മഞ്ഞ് വീഴ്ച തുടങ്ങുന്നതോടെ ഭീകരര്‍ ആക്രമണം തുടങ്ങുമെന്നാണ് കേന്ദ്ര ഇന്‍റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട്.
പാകിസ്ഥാനിലെ ജിഹാദ് പരിശീലനത്തിനെതിരെ അന്താരാഷ്ട്ര സമ്മർദവും നിരീക്ഷണവും ശക്തമായതോടെ നിരോധനം ഭയന്ന് പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് പേരുമാറ്റിയതിനോടൊപ്പമാണ് ചാവേറുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുമെത്തുന്നത്. മജിലിസ് വുറസ ഇ ശുഹുദാ ജമ്മു വ കശ്മീർ എന്നാണ് ജെയ്‌ഷെ മുഹമ്മദിന്‍റെ പുതിയ പേര്.
ബാലാകോട്ടിലെ ജയ്‍ഷെ മുഹമ്മദ് ക്യാമ്പ് വീണ്ടും സജീവമായതായി കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത് നേരത്തെ വിശദമാക്കിയിരുന്നു. കുറച്ച് ദിവസങ്ങൾ മുമ്പ് വീണ്ടും ജയ്ഷെ തീവ്രവാദികൾ ഈ ക്യാമ്പ് പുനർനിർമിക്കാൻ തുടങ്ങിയതായി ഇന്ത്യക്ക് വിവരം ലഭിച്ചതായും ബിപിൻ റാവത്ത് വ്യക്തമാക്കിയിരുന്നു. അതിർത്തി കടന്നുള്ള തീവ്രവാദത്തിന് ഇന്ത്യയുടെ മറുപടി ബാലാകോട്ടിലും കനത്തതാകുമെന്ന് ജനറൽ ബിപിൻ റാവത്ത് പ്രതികരിച്ചിരുന്നു.
ബാലാകോട്ടിൽ വീണ്ടും ജയ്‍ഷെ ക്യാമ്പ് സജീവം, തിരിച്ചടിക്കുമെന്ന സൂചനയുമായി കരസേനാ മേധാവി
കശ്മീരിൽ തീവ്രവാദികളാണ് പ്രശ്നമുണ്ടാക്കുന്നതെന്നും താഴ്‍വരയിൽ ജനജീവിതം സാധാരണ നിലയിലാണെന്നും റാവത്ത് വ്യക്തമാക്കി. പാകിസ്ഥാൻ തീവ്രവാദികളെ ഉപയോഗിച്ച് കശ്മീരിൽ ഒളിപ്പോര് നടത്തുകയാണ്. നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി എടുത്തുമാറ്റുമെന്നും ബിപിൻ റാവത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam