
ദില്ലി: ജാമിയ മിലിയ സർവകലാശാലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഷർജിൽ ഇമാം അടക്കം 11 പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി നടപടിയിൽ ഹൈക്കോടതി മാറ്റം വരുത്തി. ഒമ്പത് പ്രതികൾക്ക് എതിരെ കലാപം, അനധികൃത സംഘം ചേരൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകൾ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം നിയന്ത്രണങ്ങൾക്ക് വിധേയമെന്ന് ദില്ലി ഹൈക്കോടതി പറഞ്ഞു. പൊതുമുതൽ നശിപ്പിക്കാനോ സമാധാനം തകർക്കാനോ ആർക്കും അവകാശമില്ല. അതേസമയം കേസിൽ ആസിഫ് തൻഹയ്ക്ക് എതിരെയുള്ള ചില കുറ്റങ്ങൾ ഒഴിവാക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരെയായിരുന്നു ജാമിയ മിലിയ സർവകലാശാലയ്ക്ക് മുന്നിലെ പ്രതിഷേധം. ജെഎൻയു വിദ്യാർത്ഥികളായ ഷർജിൽ ഇമാം ഉൾപ്പെടെയുള്ള 11 പ്രതികളെയാണ് കേസിൽ വിചാരണ കോടതി വെറുതെ വിട്ടത്. ദില്ലി പൊലീസ് വിചാരണ കോടതി വിധിക്കെതിരെ ദില്ലി ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. പ്രതികളെ വിട്ടയച്ച വിധിയിൽ വിചാരണക്കോടതിക്ക് തെറ്റ് പറ്റിയെന്നും തെളിവുകൾ കണക്കിലെടുത്തില്ലെന്നും പൊലീസ് വാദിച്ചിരുന്നു. ദില്ലി സാകേത് കോടതിയാണ് ഷർജിൽ ഇമാം ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ടത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. '
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam