അയോധ്യ കേസിൽ പുനഃപരിശോധനാ ഹര്‍ജി: ജംഇയ്യത്തുൽ ഉലമ സുപ്രീം കോടതിയിൽ

By Web TeamFirst Published Dec 2, 2019, 3:31 PM IST
Highlights

മൗലാന സയ്യിദ് അസദ് റാഷിദിയാണ് ഹര്‍ജി നൽകിയത്. അയോധ്യ വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി 

ദില്ലി: അയോധ്യ കേസിലെ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹര്‍ജി. ജംഇയ്യത്തുൽ ഉലമ എ ഹിന്ദിന് വേണ്ടി മൗലാന സയ്യിദ് അസദ് റാഷിദിയാണ് ഹര്‍ജി നൽകിയത്. ഭരണഘടനാ ബെഞ്ചിന്‍റെ വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി ഫയൽ ചെയ്തിട്ടുള്ളത്. സുപ്രീം കോടതി വിധി നീതി പൂര്‍വ്വം ആയിരുന്നില്ല. നിയമവിരുദ്ധമായ കാര്യങ്ങളെ ന്യായീകരിക്കുന്നതാണ് അഞ്ചംഗ ബെഞ്ചിന്‍റെ വിധിയെന്നും പുനപരിശോധന ഹര്‍ജിയിൽ പറയുന്നുണ്ട്.  

 പള്ളി പൊളിക്കൽ, കടന്ന് കയറ്റ നടപടികൾ തെറ്റാണെന്നു കോടതി തന്നെ പറഞ്ഞിട്ടും ക്ഷേത്രനിര്‍മ്മാണത്തിന് അനുമതി നല്കിയത് ശരിയല്ല. നിയമ വിരുദ്ധ നടപടിക്ക് പ്രതിഫലം നൽകുന്നത് പോലെയായി അയോധ്യ വിധി എന്നും ഹർജിക്കാരൻ പറയുന്നു. 

വലിയ പിഴവുകൾ വിധിയിലുണ്ടായിട്ടുണ്ടെന്ന് ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു. രേഖാമൂലമുള്ള തെളിവുകൾ അവഗണിച്ച് കൊണ്ടാണ് സുപ്രീം കോടതി വിധി പറഞ്ഞത്. പൂർണത ഇല്ലാത്ത പുരാവസ്തു കണ്ടെത്തലിനെയും യാത്ര വിവരണങ്ങളെയും ഭരണഘടനാ ബഞ്ച് വല്ലതെ ആശ്രയിച്ചെന്നും ഹർജിക്കാരൻ പറയുന്നു. വാക്കാലുള്ള മൊഴികളുടേയും വാദങ്ങളുടെയും അടിസ്ഥാനത്തിലുള്ളത് ആയതിനാൽ വിധി പുനപരിശോധിക്കണം എന്ന് ഹര്‍ജിയിൽ ആവശ്യപ്പെടുന്നുണ്ട്. സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ നൽകണമെന്ന് സുപ്രീംകോടതി വിധിയിൽ പറയുന്നുണ്ട്. വാദം മുന്നോട്ട് വക്കാതിരുന്നിട്ടും അത്തരമൊരു ആവശ്യം പരിഗണിച്ചത് നിയമപരമല്ലെന്നും ഹര്‍ജിയിൽ പറയുന്നു. 

നവംബര്‍ എട്ടിനാണ് സുപ്രീംകോടതിയുടെ അഞ്ച് അംഗ ബെഞ്ച് അയോധ്യകേസിൽ വിധി പറഞ്ഞത്. അയോധ്യ കേസിൽ തുടക്കത്തിലെ ഹര്‍ജിക്കാരനായിരുന്ന എം സിദ്ദിഖിന്‍റെ പരമ്പരാഗത പിന്തുടര്‍ച്ച അവകാശി കൂടിയാണ് ജംഇയ്യത്തുൽ ഉലമ എ ഹിന്ദ് പ്രസിഡന്‍റ്  മൗലാന സയിദ് അസദ് റാഷിദി. 

 

click me!