150 കിലോമീറ്റർ നടന്ന് തളർന്ന് വീണു മരിച്ച ജംലോ മദ്കമി എന്ന പെൺകുട്ടിയെ ഓർക്കുന്നുണ്ടോ?

Web Desk   | Asianet News
Published : Aug 16, 2020, 02:59 PM ISTUpdated : Aug 16, 2020, 04:29 PM IST
150 കിലോമീറ്റർ നടന്ന് തളർന്ന് വീണു മരിച്ച ജംലോ മദ്കമി എന്ന പെൺകുട്ടിയെ ഓർക്കുന്നുണ്ടോ?

Synopsis

150 കിലോമീറ്റർ ദൂരമുണ്ടായിരുന്നു തെലങ്കാനയിൽ നിന്ന് ജംലോയുടെ ​ഗ്രാമത്തിലേക്ക്. നൂറിലധികം കിലോമീറ്റർ പിന്നിട്ടതിന് ശേഷമായിരുന്നു ജംലോയുടെ ദാരുണാന്ത്യം.   

ഛത്തീസ്​ഗണ്ഡ്: ജംലോയുടെ വീട്ടിൽ അവളുടെ ഒരു ഫോട്ടോ പോലുമില്ല. അവൾക്കേറ്റവും ഇഷ്ടപ്പെട്ട ഒരു മാല മാത്രമാണ് ഈ പെൺകുട്ടിയെ ഓർക്കാൻ ഈ കുടുംബത്തിന്റെ കൈവശമുള്ളത്. ലോക്ക് ഡൗൺ പ്രഖ്യാപനത്തിന്റെ ആരംഭത്തിൽ‌ വീട്ടിലേക്ക് നടന്ന്,  വീടിന് തൊട്ടടുത്ത ​ഗ്രാമത്തിൽ തളർന്ന് വീണു മരിച്ച പന്ത്രണ്ട് വയസ്സുകാരി പെൺകുട്ടിയാണ് ജംലോ മദ്കമി. ഛത്തീസ്​ഗണ്ഡിലെ ബിജാപൂർ ജില്ലയിലെ  ആതേഡ് ഗ്രാമത്തിലാണ് ജംലോയുടെ വീട്. 

തെലങ്കാനയിലെ മുളകുപാടത്തിൽ ജോലി ചെയ്യാൻ പോയതായിരുന്നു ഈ പെൺകുട്ടി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ജംലോ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു. ​ഗതാ​ഗതം ഇല്ലാതായതിനെ തുടർന്ന് ഇവർ വീട്ടിലേക്ക് കാൽനടയായി യാത്ര ചെയ്യാൻ തീരുമാനിച്ചു. എന്നാൽ ​സ്വന്തം ​ഗ്രാമത്തിലെത്തുന്നതിന് മുമ്പ് തന്നെ ജംലോ വഴിയിൽ വീണു മരിച്ചു. 150 കിലോമീറ്റർ ദൂരമുണ്ടായിരുന്നു തെലങ്കാനയിൽ നിന്ന് ജംലോയുടെ ​ഗ്രാമത്തിലേക്ക്. നൂറിലധികം കിലോമീറ്റർ പിന്നിട്ടതിന് ശേഷമായിരുന്നു ജംലോയുടെ ദാരുണാന്ത്യം. 

മരിച്ച് മാസങ്ങള്‍ക്ക് ശേഷം ജംലോയെ ഓര്‍മ്മിക്കാന്‍ നിരവധി കാരണങ്ങളുണ്ട് ഈ ഗ്രാമീണര്‍ക്ക്.  ഈ  ഗ്രാമത്തിലെ എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡും പൊതുവിതരണ സംവിധാനത്തില്‍ നിന്ന് സൌജന്യമായി അരിയും ലഭിച്ചു. കൂടാതെ ജംലോയുടെ കുടുംബത്തിന് നഷ്ടപരിഹാരമെന്ന വിധത്തിൽ ഒരു ലക്ഷം രൂപയും ലഭിച്ചു.  'ദിവസങ്ങൾക്ക് ശേഷമാണ് അവളെ ഞങ്ങൾ സംസ്കരിച്ചത്. നിരവധി ആളുകൾ ഇവിടെ എത്തിയിരുന്നു. നഷ്ടപരിഹാരമായി ലഭിച്ച ഒരു ലക്ഷം രൂപ എങ്ങനെ ചെലവഴിക്കണമെന്ന് നിരവധി ആളുകൾ ഞങ്ങളെ ഉപദേശിച്ചിരുന്നു. എന്നാൽ ആ തുക എന്റെ മൂന്നു മക്കളുടെ പേരിൽ ബാങ്കിലിടുകയാണ് ചെയ്തത്. മുപ്പതിനായിരം രൂപ വീതം ഓരോ കുട്ടിയുടെയും പേരിൽ നിക്ഷേപിച്ചു. പതിനായിരം രൂപ അവളുടെ സംസ്കാരചടങ്ങുകൾക്കായി ചെലവഴിച്ചു. ആ തുക മറ്റ് യാതൊരു ആവശ്യങ്ങൾക്കും ചെലവാക്കിയില്ല.' ജംലോയുടെ അച്ഛൻ അന്തോറാം പറഞ്ഞു. തന്റെ മക്കൾ ജോലിക്ക് പോകരുതെന്നാണ് ആ​ഗ്രഹമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. 

ജോലി അവസാനിച്ചപ്പോൾ തൊഴിലുടമ ഇവരെ പുറത്താക്കിയതായി ജംലോയ്ക്കൊപ്പം ജോലി ചെയ്തിരുന്ന മറ്റുള്ളവർ ആരോപിക്കുന്നു. മൂന്നു ദിവസം തുടർച്ചയായി നടന്നതിന് ശേഷമാണ് ജംലോ കുഴഞ്ഞുവീണത്. പോഷകാഹാരക്കുറവും നിർജ്ജലീകരണവുമാണ് ജംലോയുടെ മരണത്തിന് കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു. രണ്ട് ദിവസത്തിന് ശേഷം മാത്രമാണ് ജംലോയുടെ മാതാപിതാക്കൾ ബീജാപൂരിലെത്തിച്ചേർന്നത്. 

വൈദ്യുതിയോ സ്കൂളോ റോഡോ ഇല്ലാത്ത ​ഗ്രാമത്തിലാണ് ഇവർ താമസിക്കുന്നത്. സിമന്റ് കൊണ്ട് പണിത മേഞ്ഞ ഒറ്റമുറി വീട്ടിലാണ് ഇവർ താമസിക്കുന്നത്. ജംലോയുടെ സഹോദരങ്ങളിൽ മൂത്തയാളായ ബുദ്രു കാലിമേയ്ക്കൽ ജോലിയാണ് ചെയ്യുന്നത്. രണ്ട് പശുക്കളെയും ഒരു കാളയെയും ഇവർക്ക് ചിലർ സംഭാവനയായി നൽകിയിരുന്നു. എട്ടു വയസ്സുകാരി സരിത മാത്രമാണ് സ്കൂളിൽ പോകുന്നത്. ജംലോയുടെ മരണശേഷാമാണ് ഈ കുടുംബത്തിന് റേഷൻ കാർഡ് ലഭിക്കുന്നത്. ഈ കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകാൻ തയ്യാറാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ മകൾ മരിച്ച ദിവസം ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് അന്തോറാം പറയുന്നു.കുടുംബത്തെയും സഹോ​ദരങ്ങളെയും തന്റെ മരണത്തിലൂടെ സുരക്ഷിതയാക്കുകയാണ് ജംലോ ചെയ്തതെന്നും അന്തോറം കൂട്ടിച്ചേർക്കുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത
288ൽ 207 സീറ്റുകളും സ്വന്തമാക്കി ബിജെപി സഖ്യത്തിന്‍റെ തേരോട്ടം, എംവിഎക്ക് ലഭിച്ചത് വെറും 44 സീറ്റ്, ബിജെപി നിങ്ങളെ വിഴുങ്ങുമെന്ന് കോൺ​ഗ്രസ്