
ദില്ലി: ജമ്മുകശ്മീർ ഇന്ത്യയുടെ പ്രധാന പ്രദേശമെന്ന യുഎസ് അംബാസഡർ സെർജിയോ ഗോറിൻ്റെ പ്രസ്താവനയിൽ കടുത്ത അതൃപ്തി അറിയിച്ച് പാകിസ്ഥാൻ. യുഎസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി പാകിസ്ഥാൻ ഇക്കാര്യത്തിലെ പ്രതിഷേധം അറിയിച്ചു. യുഎസ് അംബാസഡറെ കാണാനുള്ള തീരുമാനം ഇതിനിടെ ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ റദ്ദാക്കി.
മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ ജമ്മുകശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയത്. ജമ്മുകശ്മീരിലേക്ക് കൂടുതൽ അമേരിക്കൻ ടൂറിസ്റ്റുകൾ എത്തണമെന്നാണ് ആഗ്രഹം. ഇതിനായി യുഎസ് പൗരൻമാർക്ക് കശ്മീർ സന്ദർശിക്കുന്നതിലുള്ള നിയന്ത്രണം നീക്കി മാർഗ്ഗനിർദ്ദേശം ഇറക്കുമെന്നും ഗോർ അറിയിച്ചു. സെർജിയോ ഗോറിൻറെ പ്രസ്താവന തിരിച്ചടിയായതോടെ പാകിസ്ഥാൻ കടുത്ത അതൃപ്തി അറിയിക്കുകയാണ്. ഇസ്ലാമാദിലെ യുഎസ് എംബസിയിലെ ചാർജ് ദ അഫയേഴ്സിനെ വിളിച്ചു വരുത്തി പാക് വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചു. ജമ്മുകശ്മീർ തർക്കപ്രദേശമാണെന്ന നയം മറക്കരുതെന്നും പാകിസ്ഥാൻ അമേരിക്കയോട് പറഞ്ഞു. സെർജിയോ ഗോറിൻറെ പ്രസ്താവന സ്വാഗതാർഹമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
കശ്മീരിനെക്കുറിച്ച് അമേരിക്കയ്ക്കുള്ള കാഴ്ചപ്പാട് മാറുന്നുണ്ട് എന്നതിൻറെ സൂചനയായി ദില്ലി ഇതിനെ കാണുകയാണ്. ലഡാക്കിലെ ലേയിൽ നാളെ ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയെ കാണാൻ സെർജിയോ ഗോർ നിശ്ചയിച്ചിരുന്നു. എന്നാൽ ദലൈലാമ ഇതിൽ നിന്ന് പിൻമാറി എന്നാണ് സൂചന. ലഡാക്കിൽ ഈ കൂടിക്കാഴ്ച നടക്കുന്നത് ചൈനയ്ക്കുള്ള സന്ദേശമാണെന്ന വിലയിരുത്തലുകൾ വന്നതിന് പിന്നാലെയാണ് ഇത് വേണ്ടെന്ന് വച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam