മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് വീണ്ടും എഎപി പ്രതിഷേധം

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് വീണ്ടും എഎപി പ്രതിഷേധം. പ്രവർത്തകർ സംഘടിച്ച് ഇന്ത്യ ഗേറ്റിലേക്ക് മാർച്ച് നടത്തി. എന്നാല്‍ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. 4 ബസുകളിലായി പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു നീക്കി. കൂടാതെ, ഇന്ത്യ ഗേറ്റിൽ നിന്നും ജന്തർ മന്ദറിലേക്ക് വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫ് പ്രതിഷേധം സംഘടിപ്പിച്ചു. ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യം ഉന്നയിച്ച് തന്നെയാണ് പ്രതിഷേധം നടക്കുന്നത്. പ്രതിഷേധക്കാർ പിരിഞ്ഞു പോകണം എന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്. ഇന്ത്യ ഗേറ്റിന് മുന്നിൽ വൻ പോലീസ് സന്നാഹമാണ് നിലവിൽ.

രാജി ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ നടന്ന പ്രതിഷേധങ്ങളില്‍ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ടാലറിയാവുന്ന ആളുകൾക്കെതിരെയാണ് കേസെടുത്തത്. പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിൽ രണ്ടും കൊണാട്ട് പ്ലേസ് സ്റ്റേഷനിൽ ഒരു കേസുമാണ് എടുത്തത്. ​ഔദ്യോഗിക ഉത്തരവ് ലംഘിക്കൽ, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നിവയുൾപ്പെടെ ബിഎൻഎസ് വകുപ്പുകൾ ചുമത്തി. എഫ്ഐആറിൽ വ്യക്തികളെയോ സംഘടനകളെയോ പ്രതി ചേർത്തിട്ടില്ല. എന്നാൽ എഫ്ഐആറിൽ പ്രതിഷേധം സംഘടിപ്പിച്ചവരുടെയും സംഘടനകളുടെയും വിവരങ്ങൾ പരാമർശിച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

അതേസമയം പ്രതിഷേധത്തിൽ പങ്കെടുത്ത വനിതാ പ്രവർത്തകരോട് പുരുഷ പൊലീസ് മോശമായി പെരുമാറിയെന്ന ആരോപണവുമായി സിജെപിയും ഐസയും രംഗത്തെത്തി. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധം സംഘടിപ്പിക്കും. മുൻകരുതൽ നടപടികളുടെ ഭാഗമായി സ്റ്റേഷന് മുന്നിൽ വലിയ രീതിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി മുതൽ അസാധാരണ സംഭവങ്ങൾക്കാണ് ദില്ലി വേദിയായത്. ഐസയുടെ പ്രതിഷേധ മാർച്ചിനിടെ ആണ് പുരുഷ പൊലീസ് വനിതാ പ്രവർത്തകരെ വലിച്ചിഴച്ചത്. ഇതിനെതിരെ ഐസയുടെ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഇതോടൊപ്പം പൊലീസ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ച് സ്വതന്ത്ര മാധ്യമപ്രവർത്തകയും രംഗത്തെത്തി. എസിപി വിവേക് ഭഗത്തിനെതിരെയാണ് ആരോപണം.

YouTube video player