ജമ്മു കശ്മീർ മേഘവിസ്ഫോടനം: കിഷ്ത്വാറിലെ മിന്നൽപ്രളയത്തിൽ 33 മരണം, 50ലേറെ പേർക്ക് പരിക്ക്

Published : Aug 14, 2025, 05:33 PM ISTUpdated : Aug 14, 2025, 06:06 PM IST
flood jammu

Synopsis

ജമ്മുകശ്മീരിലെ മേഘവിസ്ഫോടനത്തിൽ മരണം 33 ആയി. കിഷ്ത്വാറിലാണ് മിന്നൽ പ്രളയമുണ്ടായത്.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 33 മരണം. അൻപതിലധികം പേരെ അപകടസ്ഥലത്തു നിന്ന് രക്ഷപ്പെടുത്തി. എന്‍ഡിആര്‍എഫ്, എസ്ഡ് ആര്‍എഫ് സംഘങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഹിമാചൽപ്രദേശിൽ പലയിടത്തും മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വൻനാശനഷ്ടമുണ്ടായി. ദില്ലിയിൽ കനത്ത മഴയിൽ ഒരാള്‍ മരിച്ചു. അടുത്ത 24 മണിക്കൂർ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.

ആർത്തിരമ്പിയെത്തിയ മഴവെള്ളപ്പാച്ചിൽ നിമിഷങ്ങള്‍ കൊണ്ട് സകലതും നാമാവശേഷമാക്കി. ഉച്ചയ്ക്ക് 12:30 യോടെയാണ് കിഷ്ത്വാറിലെ ചശോതി മേഖലയിൽ മേഘവിസ്ഫോടനം ഉണ്ടായത്. തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഒരു പ്രദേശമാകെ ഒലിച്ചുപോയി. മചയിൽ മാതാ തീർത്ഥപാതയിലാണ് അപകടമുണ്ടായത്. തീർത്ഥാടകർക്ക് ഭക്ഷണം നൽകാൻ വേണ്ടി ഒരുക്കിയിരുന്ന താൽക്കാലിക ടെൻ്റുകൾ മിന്നൽ പ്രളയത്തിൽ ഒലിച്ചുപോയി.

അപകടത്തിൽ നിരവധി തീർത്ഥാടകരും അകപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. എന്ഡി ആർഎഫിന്റെയും എസ്ഡിആർഎഫിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. 50ലധികം പേരെ സ്ഥലത്തുനിന്നും രക്ഷപ്പെടുത്താൻ സാധിച്ചു. കാണാതായവരുടെ കൃത്യമായ കണക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മറ്റ് ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും നിരവധി പേർ അപകടത്തിൽ പെട്ടിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. കാലാവസ്ഥാ മെച്ചപ്പെടുന്നതോടെ വ്യോമ മാർഗ്ഗമുള്ള രക്ഷാപ്രവർത്തനവും സ്ഥലത്ത് തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

കിഷ്ത്വാറിന് പുറമേ പഹൽഗാമിലും ഗാന്ധർബലിലും മിന്നൽ പ്രളയം ഉണ്ടായി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. അപകട സ്ഥലത്തെ രക്ഷാപ്രവർത്തനത്തിന് സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന് കേന്ദ്രസർക്കാരും ഉറപ്പ് നൽകി. രാഷ്ട്രപതി ദ്രൗപതി മുർമു പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി.

ഹിമാചൽ പ്രദേശിലെ കിന്നൌർ ജില്ലയിലെ ഋഷി ദോഗ്രി താഴ്വരയ്ക്ക് സമീപവും മേഘവിസ്ഫോടനമുണ്ടായി. കല്ലും മണ്ണും മറ്റ് അവശിഷ്ടങ്ങളും വന്നടിഞ്ഞ് നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. മിന്നൽ പ്രളയത്തിൽ സത്ലജ് നദിക്ക് കുറുകെ ഉണ്ടായിരുന്ന പാലത്തില്‍ അവശിഷ്ടങ്ങൾ വന്നു മൂടി. പ്രദേശത്തെ സിപിഡബ്ല്യുഡി ക്യാമ്പിന് മുകളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരാൾക്ക് പരിക്കേറ്റു.

 സൈന്യത്തിന്റെ നേതൃത്വത്തിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ആഹാരസാധനങ്ങളും മരുന്നും എത്തിച്ചു നൽകി. കിന്നൌറിന് പുറമേ ഷിംല ലാഹുൽ സ്പിതി, കുളു എന്നിവിടങ്ങളിലും മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം നാശം വിതച്ചു. ഹിമാചൽ പ്രദേശിന് പുറമേ ഉത്തരാഖണ്ഡിലും മിന്നൽ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദില്ലിയിൽ കനത്ത മഴയിൽ മരം കടപുഴകി വീണ് ഒരാൾ മരിച്ചു. ഇരു ചക്രവാഹന യാത്രക്കാരനായ സുധീർ കുമാറാണ് മരിച്ചത്. അടുത്ത 5 ദിവസം കൂടി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം