
ശ്രീനഗർ: ജമ്മു കശ്‌മീരിലെ സുരക്ഷ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നത തല യോഗം വിളിച്ചു. ഭീകരാക്രമണം ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് യോഗം. വെള്ളിയാഴ്ചയാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. അതിനിടെ ഷോപിയാനിൽ ഇന്ന് വീണ്ടും ആക്രമണം ഉണ്ടായി. ഷോപിയാനിലാണ് പ്രദേശവാസിക്ക് നേരെ ഭീകരർ വെടിയുതിർത്തത്. കാലിന് പരിക്കേറ്റ ഫാറൂഖ് അഹമ്മദ് ഷെയ്ഖ്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷോപിയാനിലെ കീഗാം മേഖലയിലെ ചിദ്രെനിലാണ് സംഭവം. ജമ്മു കശ്മീരിൽ ന്യൂനപക്ഷ വിഭാഗക്കാർക്ക് പരാതിയറിയിക്കാൻ പ്രത്യേക സെൽ ഒരുക്കിയെന്ന് അധികൃതർ അറിയിച്ചു. ന്യൂനപക്ഷങ്ങൾ നേരിടുന്ന ഏത് ബുദ്ധിമുട്ടും ഇതുവഴി അധികൃതരെ അറിയിക്കാമെന്നും ജമ്മു കശ്മീർ പിആർഡി അധികൃതർ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. കശ്മീരിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ ഭീകരരുടെ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധം ശക്തമാണ്.
കശ്മീർ താഴ്‌വരയിൽ ഒരു വർഷത്തിനിടെ പതിനാറ് ആസൂത്രിത കൊലപാതകങ്ങൾ നടന്നതായാണ് പൊലീസ് കണക്ക്. അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ, ഗ്രാമത്തലവന്മാർ ഉൾപ്പെടെയുള്ളവരാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്. പ്രദേശവാസികൾ ഭീകരരുടെ നിർദേശങ്ങൾ അനുസരിക്കാതെ ആയപ്പോൾ അവരെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗ് ദേശീയ മാധ്യമത്തോട് പറഞ്ഞു. ഭീകരർ അവരുടെ സാന്നിധ്യം അറിയിക്കാനാണ് ജനങ്ങളെ അപായപ്പെടുത്തുന്നതെന്നും ഡിജിപി പറഞ്ഞു. കഴിഞ്ഞ ദിവസം കുല്‍ഗാമില്‍ അധ്യാപിക ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു. സാംബ സ്വദേശിയും കുല്‍ഗാം ഹൈസ്കൂൾ അധ്യാപികയുമായ രജനിബാലയാണ് കൊല്ലപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam