
ബെംഗലുരു: ഭരണത്തിലെത്താനുള്ള മാജിക് നമ്പറിലേക്ക് ബിജെപി തനിയെ എത്തുമെന്ന സൂചനകളുമായി ജന്‍ കി ബാത് ഒപീനിയന്‍ പോള്‍. ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസുമായി ചേര്‍ന്ന് നടത്തിയ രണ്ടാം ഘട്ട സര്‍വ്വേയിലാണ് കേവല ഭൂരിപക്ഷത്തിലേക്ക് തനിച്ച് എത്താനുള്ള ബിജെപിയുടെ സാധ്യത പ്രവചിക്കുന്നത്. ഏപ്രില്‍ 15 മുതല്‍ മെയ് 1 വരെയാണ് ജന്‍ കീ ബാത്തിന്‍റെ രണ്ടാം ഘട്ട സര്‍വ്വേ നടന്നത്. ജന്‍ കീ ബാത്ത് നടത്തിയ ആദ്യ ഘട്ട സര്‍വ്വേയില്‍ 98 മുതല്‍ 109 സീറ്റുകള്‍ വരെ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നായിരുന്നു പ്രവചനം. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ മണ്ഡലത്തിലെത്തിയതിന് പിന്നാലെ നടന്ന സര്‍വ്വേയിലാണ് കേവല ഭൂരിപക്ഷത്തിലേക്ക് ബിജെപിക്ക് തനിച്ച് എത്താനാവുമെന്ന പ്രവചനം.
100-114 സീറ്റുകള്‍ വരെ ബിജെപിക്ക് തനിക്ക് നേടാനാവുമെന്നാണ് ജന്‍ കീ ബാത്ത് രണ്ടാം ഘട്ട സര്‍വ്വേ വിശദമാക്കുന്നത്. 113 സീറ്റാണ് കര്‍ണാടകയിലെ കേവല ഭൂരിപക്ഷത്തിനുള്ള മാജീക് നമ്പര്‍. കോണ്‍ഗ്രസ് 86 മുതല്‍ 98 സീറ്റുകള്‍ വരെ നേടിയേക്കും. ജെഡിഎസിന് 20 മുതല്‍ 26 വരെ സീറ്റുകളും മറ്റുള്ളവര്‍ക്ക് 5 സീറ്റുകള്‍ വരെ നേടാനാകും സാധ്യതയെന്നും സര്‍വ്വേ പ്രവചിക്കുന്നു. ഹൈദരബാദ് കര്‍ണാടക മേഖലയും പഴയ മൈസുരു മേഖലയും കോണ്‍ഗ്രസിനൊപ്പം ഉറച്ച് നില്‍ക്കുമെന്നും മറ്റ് മേഖലകളില്‍ ബിജെപിയുമായി കോണ്‍ഗ്രസ് ഇഞ്ചോടിഞ്ച് പോരാട്ടമാവും ഉണ്ടാവുക. കോസ്റ്റല്‍ കര്‍ണാടകയും മുംബൈ കര്‍ണാടകയും ഏറെക്കുറെ പൂര്‍ണമായും ബിജെപിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രവചനം. നിലവില്‍ ഭരണകക്ഷിയായ ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ചില സീറ്റുകള്‍ നഷ്ടമാവാനുള്ള സാധ്യത ആദ്യ ഘട്ട സര്‍വ്വേ പ്രവചിച്ചിരുന്നു.
30000 സാംപിളുകളാണ് രണ്ടാം ഘട്ട സര്‍വ്വേയുടെ ഭാഗമായി ജന്‍ കീ ബാത്ത് പരിശോധിച്ചത്. 2018ലെ കര്‍ണാടക തെരഞ്ഞെടുപ്പും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പും അടക്കം രാജ്യത്തെ 36ഓളം തെരഞ്ഞെടുപ്പ് സര്‍വ്വേകള്‍ വിജയകരമായി നടത്തിയിട്ടുള്ള പശ്ചാത്തലമാണ് ജന്‍ കീ ബാത്തിനുള്ളത്.
നേരത്തെ കർണാടകയിൽ കോൺഗ്രസ് ഭരണം നേടുമെന്നാണ് എബിപി - സി വോട്ടർ പ്രവചിച്ചത്. ബിജെപിയെ ഞെട്ടിച്ച് കൊണ്ട് കോൺഗ്രസ് 115 മുതല്‍ 127 വരെ സീറ്റുകളില്‍ വിജയിക്കുമെന്നായിരുന്നു എബിപി - സി വോട്ടർ സര്‍വ്വേ ഫലം. ബിജെപി 68 മുതല്‍ 80 സീറ്റകളിലേക്ക് ഒതുങ്ങും. മറ്റൊരു സുപ്രധാന പാര്‍ട്ടിയായ ജെഡിഎസ് 23 മുതല്‍ 35 സീറ്റുകളില്‍ വിജയം നേടും. മറ്റുള്ളവര്‍ക്ക് പൂജ്യം മുതല്‍ രണ്ട് സീറ്റുകള്‍ വരെയും ലഭിച്ചേക്കുമെന്ന് പ്രവചനം വിശദമാക്കിയിരുന്നു. സംസ്ഥാനത്ത് 40 ശതമാനം വോട്ട് നേടാനാണ് കോണ്‍ഗ്രസിന് സാധിക്കുക. ബിജെപിക്ക് 35 ശതമാനവും ജെഡിഎസിന് 18 ശതമാനവും വോട്ട് ലഭിക്കും. മറ്റുള്ളവര്‍ ഏഴ് ശതമാനം വോട്ട് നേടുമെന്നും സര്‍വ്വേ ഫലം പ്രവചിച്ചിരുന്നു.